കാസര്‍കോട്: ലോക് ഡൗണ്‍ നിലനില്‍ക്കുമ്പോഴും മീറ്റര്‍ റീഡിംഗുകള്‍ ഉടനെടുക്കണമെന്ന കെഎസ്ഇബി ഉത്തരവ് വിവാദമാകുന്നു. ഏപ്രില്‍ 30 മുമ്പായി ഈ മാസത്തെ റീഡിംഗെടുക്കല് പൂര്‍ത്തീകരിക്കണമെന്നാണ് മീറ്റര്‍ റീഡര്‍മാരോട് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ തന്നെ കാസര്‍കോട് ജില്ലയില്‍ പല പ്രദേശങ്ങളും ട്രീപ്പിള്‍ ലോക് ഡൗണാണുള്ളത്. ഇവിടങ്ങളില്‍ ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും ജനങ്ങളെ പുറത്തിറങ്ങാന്‍ പോലീസ് അനുവദിക്കുന്നില്ല.
ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കേയാണ് കോവിഡ് ബാധിച്ച് ചികിത്സ കഴിഞ്ഞെത്തിയവരം നിരീക്ഷണത്തിലുള്ളവരും ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന വീടുകളില്‍ പോലുമെത്തി വൈദ്യുത മീറ്ററുകളുടെ റീഡിംഗെടുക്കാന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ജനങ്ങള്‍ പരാമാവധി വീടുകളില്‍ തന്നെ കഴിയണമെന്ന് സര്‍ക്കാര്‍ നിരന്തരമായി അറിയിപ്പുകള് നല്‍കുമ്പോഴാണ് ഒരു വിഭാഗം ജീവനക്കാരോട് അധികൃതര്‍ തന്നെ വീടുകള്‍ തോറും കയറിയിറങ്ങാന്‍ ആവശ്യപ്പെടുന്നത്. മീറ്റര്‍ റീഡര്‍മാരില്‍ ഭൂരിഭാഗവും ഔദ്യോഗിക ഐഡി കാര്‍ഡുകള്‍ പോലുമില്ലാത്ത താല്‍ക്കാലിക ജീവനക്കാരാണ്. ഇതിനാല്‍ തന്നെ ജീവനക്കാരില്‍ പലര്‍ക്കും ദൂരസ്ഥലങ്ങളിലുള്ള വീടുകളില്‍ നിന്ന് ഓഫീസിലെത്താന്‍ സാധിക്കില്ല. കര്‍ശനമായ പരിശോധനകള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളിലൂടെ എന്ത് പറഞ്ഞ് പോയി റീഡിംഗെടുക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.
ജില്ലയിലെ നിലവിലെ സാഹചര്യത്തില്‍ വീടുകള്‍ തോറും ഇവരുടെ കയറി ഇറങ്ങല്‍ വന്‍ ആരോഗ്യഭീഷണിയാണ് ഉയര്‍ത്തുകയെന്ന ആക്ഷേപമുണ്ട്. വൈദ്യുതി ബില്ലുകള്‍ സ്വന്തമായി ഓണ്‍ലൈനായി അടയ്ക്കാന്‍ സാധിക്കാത്തവരോട് അക്ഷയ കേന്ദ്രങ്ങള്‍ തുറക്കുന്നമുറയ്ക്ക് അവിടങ്ങളിലെത്തി ഓണ്‍ലൈനായി അടക്കാനാണ് ഉപഭോക്താക്കളോട് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. കാസര്‍കോടിന്റെ പ്രത്യേക സാഹചര്യത്തില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇതിന് സാധിക്കുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: