കാസര്‍കോട്: കോവിഡ് എന്ന മഹാമാരി ലോകഭൂപടത്തിലെ മാനവശാരിയുടെ ജീവിത ചക്രത്തിന്റെ താളം തെറ്റിച്ചപ്പോള്‍, അതിജീവനത്തിന്റെ പാതയില്‍ വിജയമന്ത്രവുമായി കൊച്ചു കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ കാസര്‍കോട് ജനറല്‍ ആശുപത്രി ഉയര്‍ന്നു വന്നു.
ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ചു ഭേദമാക്കിയ ആതുരാലയം എന്ന നേട്ടം സ്വന്തമാക്കിയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ കുതിച്ചുയരല്‍. ഇവിടെ ചികിത്സ തേടിയ 91 രോഗികളില്‍ 82 പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടു. തിങ്കളാഴ്ച മാത്രം 15 പേര്‍ ഇവിടെ നിന്നും രോഗവിമുക്തരായി. അതായത് ഇവിടെ ചികിത്സിക്കപ്പെട്ട രോഗികളില്‍ 90.10 ശതമാനം പേര്‍ രോഗവിമുക്തരായി.
വരും ദിവസങ്ങളില്‍ അവശേഷിക്കുന്നവരും രോഗവിമുക്തരാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും മറ്റ് ജീവനക്കാരും അല്പം ആശ്വാസത്തിന്റെ വക്കിലാണ് ഇപ്പോള്‍. ഇനി ഏഴ് രോഗികള്‍ മാത്രമാണിവിടെ ചികിത്സയില്‍ ഉള്ളത്. ഇവരെ കൂടി രോഗം ഭേദമാക്കി വീട്ടിലേക്ക് തിരിച്ചയച്ചാല്‍ മാത്രമേ മനസമാധാനം ലഭിക്കൂവെന്ന് ജനറല്‍ ആശുപത്രിയില്‍ കോവിഡ് രോഗ ചികിത്സയ്‌ക്ക് നേതൃത്വം നല്‍കുന്ന ഡോ. കുഞ്ഞിരാമന്‍ പറഞ്ഞു.
മാര്‍ച്ച് പകുതിയോടെ ജില്ലയില്‍ കോവിഡിന്റെ രണ്ടാംവരവ് ആരംഭിച്ചതു മുതല്‍ ഇതിനെതിരെയുള്ള പോരാട്ടത്തില്‍ സജീവമായവരാണിവര്‍.
ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ്, ഇത്രയും പേരെ ചുരുങ്ങിയ സമയം കൊണ്ട് രോഗം വിമുക്തമാക്കാന്‍ സാധിച്ചതെന്ന് ഡോ. കുഞ്ഞിരാമന്‍ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: