കുവൈറ്റ് സിറ്റി – രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചേര്‍ന്ന മന്ത്രിസഭയിലാണ് പുതിയ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മെയ് 28 വരെ പ്രവര്‍ത്തിക്കില്ല. റംസാന് മാസം കഴിയുന്നതുവരെ പൊതു അവധി നീട്ടി. റമദാന് മാസത്തില്‍ കര്‍ഫ്യു സമയം 16 മണിക്കൂറായി വര്‍ദ്ധിപ്പിച്ചു. വൈകുന്നേരം 4 മണി മുതല്‍ രാവിലെ 8 മണി വരെ ആയിരിക്കും കര്‍ഫ്യു. നിലവില്‍ വൈകിട്ട് അഞ്ച് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ .എന്നാല്‍ ഭക്ഷ്യ വിതരണം വൈകുന്നേരം 5 മണി മുതല്‍ രാത്രി 1 മണി വരെ അനുവദിക്കുമെന്നും മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായതായി സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മെസെറം വാര്‍ത്താലേഖകരെ അറിയിച്ചു.
ജലീബ് അല്‍ ശുയൂഖ്, മഹ്ബൂല പ്രദേശങ്ങളില്‍ രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ചിരുന്ന ലോക് ഡൗണ്‍ അനിശ്ചിത കാലത്തേക്ക് നീട്ടി. ഈ പ്രദേശങ്ങളില്‍ കോറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ലോക് ഡൗണ്‍ അനിശ്ചിത കാലത്തേക്ക് നീട്ടിയതെന്ന് അദ്ദേഹം പറഞ്ഞു.
മെയ് ഏഴോടെ വിദേശത്തുള്ള മുഴുവന്‍ സ്വദേശികളെയും തിരിചെത്തിക്കും. കുവൈത്തില്‍ പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് പഠിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ: ബാസില്‍ അസ്സബാഹ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വിദഗ്ദ്ധ സമിതിയെ ചുമതലപെടുത്തിയതായി മന്ത്രി അറിയിച്ചു
ഇന്നലെ രണ്ടുപേരുടെ ജീവനാണ് കൊറോണബാധയില്‍ നഷ്ടമായത്. 55 വയസ്സുള്ള ഒരു ഇന്ത്യന്‍ പൗരനും 49 വയസ്സുള്ള ബംഗ്ലാദേശി പൗരനുമാണ് കൊറോണ മൂലം മരിച്ചത്. മൂന്നുഇന്ത്യാക്കാരടക്കം 9 പേരാണ് വൈറസ്ബാധയേറ്റ് മരണപ്പെട്ടത്.
രോഗബാധിതരായ ഇന്ത്യക്കാരുടെ ആകെ എണ്ണം 1132 ആയത് ഇന്ത്യന്‍ സമൂഹം വലിയ ആശങ്കയിലാണ്.
ആരോഗ്യമന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഇന്ത്യന്‍ സമൂഹം അതീവ ജാഗ്രത പാലിക്കണമെന്നും അംബാസിഡര്‍ കെ. ജീവാസാഗര്‍ ആവശ്യപ്പെട്ടു. ആരോഗ്യസംരക്ഷണം വളരെ പ്രധാനമാണെന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വൈകാതെ പോകാന്‍ കഴിയുമെന്നും സ്ഥാപനതി പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം പെരുകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ക്കും രാജ്യത്ത് സമ്പൂര്‍ണ്ണ കര്‍ഫ്യു നടപ്പിലാക്കുന്നതിനും ആലോചിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് പറഞ്ഞു.
രാജ്യത്ത് ആകെ കൊറോണ ബാധിച്ചവരുടെ എണ്ണം 1995ആണ്. 62 പേര് രോഗമുക്തി നേടിയതോടെ 367 പേരാണ് ഇതുവരെയായി ആശുപത്രിവിട്ടത്. തീവ്രപരിചരണ വിഭാഗത്തില്‍ ഉള്ള 39 പേരില്‍ 26 പേര് ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: