തിരുവല്ല: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ലിറ്ററിന് അഞ്ച് മുതൽ ഏഴ് രൂപവരെ വർദ്ധിപ്പിക്കണമെന്ന് ശുപാർശ. വിലവർദ്ധനവ് അനിവാര്യമാണെന്ന് മിൽമ സംസ്ഥാന സർക്കാരിനെ അറിയിച്ചതായാണ് സൂചന.
ലിറ്ററിന് ആറുരൂപവരെ വർദ്ധിപ്പിക്കണമെന്ന് മേഖല യൂണിയനുകൾ മിൽമക്ക് ശുപാർശ നൽകി. വിലവർധന ചർച്ചചെയ്യാനുള്ള നിർണായക യോഗം ഈമാസം തന്നെ കൂടും. എന്നാൽ എത്രകൂട്ടണമെന്നത് സംബന്ധിച്ച കൃത്യത ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിൽ മാത്രമേ ഉണ്ടാകൂ. മിൽമയ്‌ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സർക്കാരിന്റെ അനുമതിയോടെയെ വർധിപ്പിക്കാറുള്ളൂ. എന്നാൽ കൊറോണക്കാലം കഴിഞ്ഞാൽ വിലവർദ്ധനവ് സംബന്ധിച്ച് തീരുമാനമെടുക്കാമെന്നാണ് മുഖ്യമന്ത്രി അധികൃതർക്ക് നൽകിയിരിക്കുന്ന ഉറപ്പ്.
ഏഴുമാസം മുമ്പാണ് പാൽ വില മിൽമ കൂട്ടിയത്. ക്ഷീരകർഷകർക്ക് ഓണത്തിന് മുൻപ് ലീറ്ററിന് നാലു രൂപ വർധിപ്പിച്ച മിൽമ വീണ്ടും പാൽവില കൂട്ടിയാൽ സാധാരണക്കാരനെ വലയ്‌ക്കും. കാലിത്തീറ്റയുടെ വില കൂടി, വേനൽക്കാലത്ത് പാലിന് ക്ഷാമം, ഇതര സംസ്ഥാനങ്ങളിൽ നിന്ന് പാൽ ഇറക്കുമതി ചെയ്യണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വില വർദ്ധനയ്‌ക്ക് ലക്ഷ്യമിടുന്നത്.
പ്രളയശേഷം ആഭ്യന്തരോദ്പാദനത്തിൽ ഒരു ലക്ഷത്തിലധികം ലിറ്ററിന്റെ കുറവാണുണ്ടായത്. രണ്ട് വർഷം കഴിയുമ്പോഴും വിഷയത്തിൽ പരിഹാരം കാണാൻ സർക്കാരിന് സാധിച്ചിട്ടില്ല. കഴിഞ്ഞവർഷം ദിവസം 1.86 ലക്ഷം ലിറ്റർ പാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങി. ഇപ്പോൾ ഇത് 3.60 ലക്ഷം ലിറ്ററായി. കാലിത്തീറ്റയുടെ വിലയിലുണ്ടായ വർദ്ധനവും കനത്ത ചൂടും കൊറോണ പശ്ചാത്തലത്തിൽ ഉണ്ടായ ബാധ്യതകളും കർഷകരെ പിന്നോട്ടടിക്കുന്നെന്നാണ് മിൽമയുടെ അവകാശവാദം. ഒന്നുകിൽ സർക്കാർ പാൽവില ഇൻസെന്റീവ് നൽകി കർഷകരെ സഹായിക്കണം. അല്ലെങ്കിൽ കർഷകരെ സഹായിക്കാൻ അടിയന്തിര പാക്കേജ് പ്രഖ്യാപിക്കണം. അല്ലാത്ത പക്ഷം വില വർദ്ധനയല്ലാതെ മറ്റൊരുമാർഗ്ഗമില്ലെന്നാണ് മിൽമയുടെ നിലപാട്.
അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പാൽവില കൂടി വർദ്ധിപ്പിക്കുന്നത് ജനങ്ങൾക്ക് ഇരുട്ടടിയാകും. കഴിഞ്ഞ സെപ്തംബറിൽ ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. അന്ന് ലിറ്ററിന് നാലു രൂപ കൂട്ടി. കടും നീല കവറിന് ലിറ്ററിന് 46 , മഞ്ഞ കവറിനും ഇളം നീല കവറിനും 44, കാവി, പച്ച കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന് 48 എന്നിങ്ങനെയാണ് വില നിലവാരം. തൈരിന് പച്ചക്കവറിന് 54, നീലക്കവറിന് 70 എന്നനിരക്കാണ്. ഇതിൽ ആനുപാദികമായ വർദ്ധനവ് ഉണ്ടാകുമെന്നാണ് അറിയുന്നുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: