മാഡ്രിഡ്: കൊറോണക്കാലത്ത് കരുതലിന്റേയും കരുണയുടെയും വാര്‍ത്തകള്‍ വരുന്നുണ്ട് ലോകത്തിന്റെ പല ഭാഗത്തു നിന്നും. അതിലൊരാള്‍ സ്പെയ്നിലെ ഒരു ടാക്സി ഡ്രൈവര്‍. തനിക്ക് കഴിയും വിധത്തില്‍ വൈറസ് ബാധിതരെ സഹായിക്കുകയാണ് അദ്ദേഹം. കൊറോണ ബാധിതരെ തന്റെ ടാക്സിയില്‍ ആശുപത്രിയിലെത്തിക്കുന്നു, അതും പ്രതിഫലമൊന്നും കൂടാതെ. ഈ പ്രവൃത്തിയാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.
കഴിഞ്ഞ ദിവസം തികച്ചും അപ്രതീക്ഷിതമായി ആരോഗ്യപ്രവര്‍ത്തകര്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. ഒരു രോഗിയെ ആശുപത്രിയില്‍ എത്തിച്ച്, കാഷ്വാല്‍റ്റി വാര്‍ഡില്‍ നിന്നു പുറത്തു വന്നപ്പോഴാണ് ആ സ്പാനിഷ് ഡ്രൈവര്‍ അമ്പരന്നത്. ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും ഒന്നിച്ചു ചേര്‍ന്ന് കൈയടിച്ച് ആവേശകരമായി അഭിനന്ദിച്ചു. അവരുടെ വകയായി അദ്ദേഹത്തിന് ചെറിയൊരു ഉപഹാരവും.
പ്രതീക്ഷിക്കാതെ തന്നെ തേടിയെത്തിയ ആ കരഘോഷങ്ങളില്‍ എന്ത് പറയണമെന്നറിയാതെ, വികാരാധീനനനായി ആ ഡ്രൈവര്‍ നിന്നു. പിന്നീട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. ലക്ഷക്കണക്കിന് പ്രതികണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇത്രയൊക്കെയായിട്ടും അദ്ദേഹത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെയും ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: