ന്യൂദല്‍ഹി : അത്യാവശ്യഘട്ടത്തില്‍ ഇന്ത്യ അവശ്യ മരുന്നുകളും മറ്റും നല്‍കിയതാണ് രാജ്യത്തെ കോവിഡ് പ്രതിരോധത്തിന് സഹായകമായത്. സഹായത്തില്‍ ഇന്ത്യയോട് നന്ദി അറിയിക്കുന്നതായും മാലി ദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്. പ്രധാനമന്തി നരേന്ദ്രമോദിയുമായി ടെലിഫോണില്‍ സംസാരിക്കവേയാണ് മാലിദ്വീപ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ മാലിദ്വീപിന് നേരത്തെ തന്നെ പ്രത്യേക മെഡിക്കല്‍ സംഘത്തേയും അയച്ചിരുന്നു. ദ്വീപസമൂഹത്തില്‍ അണുബാധ വ്യാപനത്തെ പ്രതിരോധിക്കുന്നത് ഈ സഹായത്താലാണെന്നും സോലിഹ് അറിയിച്ചു. ഈ വിവരം ഏറെ സന്തോഷം നല്‍കുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കി.
ഇരു രാജ്യങ്ങളിലെയും കൊറോണ വ്യാപനത്തിന്റെ നിലവിലെ സ്ഥിതിയെ കുറിച്ച് നേതാക്കള്‍ വിശകലനം നടത്തി. സാര്‍ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപന നടപടിക്രമങ്ങള്‍ സജീവമായി നടപ്പാക്കുന്നതില്‍ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. നിലവിലെ ആരോഗ്യ പ്രതിസന്ധിയില്‍ നിന്നും ഉണ്ടായിട്ടുള്ള പ്രശ്നങ്ങളിലും ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും തങ്ങളുടെ ഉദ്യോഗസ്ഥര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുമെന്ന് ഇരു നേതാക്കളും ഉറപ്പു നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: