ന്യൂദല്‍ഹി : കോവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രം പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. കൊറോണ വൈറസ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്്ത സംസ്ഥാനങ്ങളിലാണ് കേന്ദ്ര സംഘം സന്ദര്‍ശനത്തിന് എത്തുന്നത്. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് പ്രത്യേക സംഘം പരിശോധനയ്ക്കായി എത്തുന്നത്.
മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്, ബംഗാള്‍ എന്നിങ്ങനെ കോവിഡ് അതീവ ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളിലാണ് പ്രത്യേക സംഘം സന്ദര്‍ശനം നടത്തുന്നത്. സംസ്ഥാനത്തെ ലോക്ഡൗണ്‍ നടപടി ക്രമങ്ങള്‍, അവശ്യവസ്തുക്കളുടെ ലഭ്യത, സാമൂഹ്യ അകലം പാലിക്കല്‍, ആരോഗ്യ സംവിധാനങ്ങളടെ മുന്നൊരുക്കം, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ, സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളായിരിക്കും സംഘം പരിശോധിക്കുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
മുംബൈ, പുനെ, ഇന്‍ഡോര്‍, ജെയ്പുര്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് കോവിഡ് മാഹാമാരി വ്യാപകമായി പടരുന്നത്. അതുകൊണ്ടാണ് ആദ്യഘട്ടത്തില്‍ ഈ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം എത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ചിലസ്ഥലങ്ങളില്‍ ഫലപ്രദമായ രീതിയില്‍ ലോക്ഡൗണ്‍ പാലിക്കപ്പെടുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് രോഗം കുടുതല്‍ ആളുകളിലേക്ക് വ്യാപിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതാണ്. കൂടാതെ ആരോഗ്യപ്രവര്‍ത്തകരുടെ നേര്‍ക്ക് ചിലസ്ഥലങ്ങളില്‍ അതിക്രമങ്ങള്‍ ഉണ്ടായതായും ഈ സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: