പൂരവഴികളില്‍ പുരുഷാരവങ്ങളില്‍ തലയുയര്‍ത്തി ചെവിയാട്ടി രസിച്ച് ചങ്ങലകിലുക്കി തിരുവമ്പാടി ചന്ദശേഖരന് കടന്നുപോയത് തൃശ്ശുര്‍ പൂരത്തിന്റെ ചരിത്രത്തില്‍ തന്റേതായ ഒരു ഇടം ഇണക്കിച്ചേര്‍ത്താണ്. 28 തവണ തൃശ്ശുര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തില്‍ പങ്കെടുക്കുകയും, അതില്‍ 27 തവണ പ്രൗഢഗംഭീരമായ മഠത്തില്‍ വരവിന് ഭഗവതിയുടെ തിടമ്പേറ്റാന്‍ ഭാഗ്യം സിദ്ധിക്കുകയും ചെയ്ത ചന്ദ്രശേഖരന് കിരങ്ങാട്ട് കേശവന്റെ 18 വര്‍ഷത്തെ പാരമ്പര്യത്തെയാണ് മറികടന്നത്.
1936 ല്‍ കോന്നി വനാന്തരങ്ങളില്‍ നിന്നും കിട്ടിയ ആനക്കുട്ടിയുടെ ലക്ഷണത്തികവു കണ്ട് ചിത്തിര തിരുന്നാള്‍ മഹാരാജാവ് അവനെ എന്നും കണികാണാന്‍ വേണ്ടി കവടിയാര്‍ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. മസ്തകത്തില്‍ മാണിക്യത്തിന്റെ ലക്ഷണം കണ്ട മഹാരാജാവ് തന്നെയാണ് ചന്ദ്രശേഖരന് എന്ന പേര് തീരുമാനിച്ചത്. 20 വര്‍ഷത്തോളം കൊട്ടാരത്തിലെ കണ്ണിലുണ്ണിയായി കളിച്ചുവളര്‍ന്ന അവനെ മദപ്പാടിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ വില്ക്കാന് തീിരുമാനിച്ചു. വിഷുപിരിവിനായി മന്നത്തുപത്മനാഭന് കൊട്ടാരത്തില്‍ പോയപ്പോള്‍ മഹാരാജാവ് ആനയെ അദ്ദേഹത്തെ എല്‍പ്പിച്ചു. അങ്ങനെയാണ് മന്നത്തിന്റെ ഉറ്റ സുഹ്യത്തായ കുളപ്പുറത്ത് നീലകണ്ഠപിള്ള കൈവശം ചന്ദ്രശേഖരന് എത്തിപ്പെടുന്നത്. ഇവിടെ വച്ചാണ് ചന്ദ്രശേഖരന് എഴുന്നെള്ളിപ്പ് ചിട്ടകളും കൂപ്പു പണികളും അഭ്യസിക്കുന്നത്. പാല ഏഴാച്ചേരി സ്വദേശി കുട്ടപ്പന്നായരായിരുന്നു എറെ കാലം ചന്ദ്രശേഖരനെ എല്ലാ ചിട്ടവട്ടങ്ങളും പഠിപ്പിച്ചു കൊണ്ടുനടന്നത്.
1970 കാലഘട്ടത്തില്‍ തൃശ്ശൂരില്‍ എം. ഭാസ്കരമേനോന്‍ ബാലമുകുന്ദ ട്രസ്റ്റിന്റെ പേരില്‍ തിരുവമ്പാടിക്കുവേണ്ടി ഒരു എഴുന്നെള്ളിപ്പാനയെ വാങ്ങാന്‍ തീരുമാനിച്ച സമയം സുഹൃത്തായ പ്രൊഫസര്‍ എം. മാധവന്‍കുട്ടി മേനോന് ആനയെ കാണുകയും ഇഷ്ടപ്പെടുകയും 40000 രുപയ്ക്ക് ഉടമ തരാമെന്ന് വാക്കു പറയുകയും ചെയ്തു. ഇതിനിടയില്‍ ആന ബ്രോക്കര്‍മാര്‍ ഇടപെട്ട് ഭാസ്കരമേനോനെ ഒരുപാടു ആനകളുടെ പേരു പറഞ്ഞു ആശയകുഴപ്പത്തിലാക്കി. ഒടുവില്‍ ഒരു വര്‍ഷത്തിനുശേഷം വീണ്ടും ഒരു ബ്രോക്കര്‍ മുഖാന്തിരം ചന്ദ്രശേഖരനടുത്ത് എത്തിപ്പെടുകയായിരുന്നു. അനാവശ്യമായി ബ്രോക്കറെ ഇടപെടുവിച്ചത് ആന ഉടമയ്ക്ക് മനോവിഷമമുണ്ടാക്കിയെന്ന് മാധവന്‍കുട്ടി മാഷ് പറഞ്ഞു. ഒരു വര്‍ഷം മുന്പുപറഞ്ഞ തുകയ്ക്കുതന്നെ ഭാസ്കരമേനോന്‍ 1973 ജുണ് 21 ന് ചന്ദ്രശേഖരനെ ത്യശ്ശുരിലെത്തിച്ചു. പിന്നിട് ബാലമുകുന്ദ ട്രസ്റ്റ് ഉടമസ്ഥാവകാശം ഏറ്റെടുത്തു. ആനയ്ക്കുവേണ്ടി അന്ന് തൃശ്ശുരിലെ രണ്ടു പ്രമുഖ ക്ഷേത്രങ്ങള്‍ സമീപിച്ചിരുന്നെങ്കിലും യോഗം തിരുവമ്പാടിക്കായിരുന്നു.
1974 മുതല്‍ 2002 വരെ ത്യശ്ശുര് പൂരത്തിന് ഒരു വര്‍ഷം ഒഴിച്ച് തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയിരുന്നത് ചന്ദ്രശേഖരനായിരുന്നു.1979ല്‍ ശങ്കരം കുളങ്ങര ദേവസ്വം ഉയരംകൊണ്ട് കേമനായ അവരുടെ ബീഹാറുകാരനായ ഗംഗാധരനു കോലം കൊടുക്കണമെന്ന് വാശി പിടിച്ചപ്പോള്‍ ഒത്തുതീര്‍പ്പു പ്രകാരം തിരുവമ്പാടിക്കാര്‍ അവരുടെ തന്നെ ആനയായ ഗോവിന്ദന്‍കുട്ടിക്ക് തിടമ്പ് നല്കി. ആ വര്‍ഷം ചന്ദ്രശേഖരന് വലത്തെ കൂട്ടായി നിന്നു. ഈ ഒരു സംഭവത്തിന് ശേഷം 1982 ഏപ്രില്‍ 28 നാണ് ബാലമുകുന്ദ ട്രസ്റ്റ് ചന്ദ്രശേഖരനെ തിരുവമ്പാടിയില്‍ നടയിരുത്തിയത്.
നാട്ടാനകളില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന ചന്ദ്രശേഖരന് 70 വയസ്സുവരെ പൂരപ്രേമികളുടെ പ്രിയങ്കരനായി പൂരപ്പറമ്പുകള്‍ അടക്കിവാണു. തൃശ്ശൂരിലെത്തിയ ആദ്യകാലത്ത് തങ്കപ്പന് നായരായിരുന്നു ചന്ദ്രശേഖരന്റെ സാരഥി. അതിനുശേഷം കുമാരന് നായരായി.
തികഞ്ഞ ശാന്തത, തറവാടിത്തമുള്ള ഒറ്റ നിലവ്, എഴുന്നെള്ളിപ്പിന്റെ ചിട്ടവട്ടങ്ങള്‍ മാന്യതയോടെ അനുസരിക്കുന്നവന് എന്നിങ്ങനെയുള്ള സ്വഭാവഗുണങ്ങള്‍ ചന്ദ്രശേഖരന് ഗുരുവായുര്‍ കേശവനോളം പേരും പ്രശസ്തിയും നേടിക്കൊടുത്തു. എഴുന്നെള്ളിച്ചു നിര്‍ത്തിയാല്‍ പിന്നെ കുത്തുവിളക്കിനു ഇടയിലൂടെ ആരെയും ആന കടത്തിവിട്ടിരുന്നില്ല. ആരെങ്കിലും ഇടയില്‍ കയറിയാല്‍ തുമ്പികൊണ്ട് പതുക്കെ മാറ്റി നിര്‍ത്തും. എന്നാല്‍ ഉപദ്രവിക്കുകയല്ല. തനിക്ക് അത് ഇഷ്ടമല്ലെന്ന സൂചന അറിയിക്കുക മാത്രമാണത്. ഇത് അവന്റെ സ്വഭാവവിശേഷണങ്ങളില്‍ പ്രത്യേകത അര്‍ഹിക്കുന്നു. ഏകദേശം ഒന്‍പതടി പത്തിഞ്ച് ഉയരം കണക്കാക്കപ്പെടുന്ന തലയുയര്‍ത്തിയുള്ള നില്‍പ്പ് കാഴ്ച്ചക്കാരില്‍ അതിനു മേലെയായിരുന്നു.
കേരളത്തിലെ പ്രധാനപ്പെട്ട പൂരങ്ങളിലെല്ലാം ചന്ദ്രശേഖരന് അനിവാര്യമായിരുന്നു. ഉത്രാളിക്കാവ് പൂരം, നെന്മാറ വല്ലങ്ങിവേല, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉല്‍സവം തുടങ്ങി ഒരുപാട് ഉത്സവങ്ങളില്‍ നിരവധി തവണ ചന്ദ്രശേഖരന് തിടമ്പേറ്റിയിട്ടുണ്ട്. ഉത്രാളിക്കാവ് പൂരത്തിന് 25 വര്‍ഷത്തിലധികം പങ്കെടുത്തിട്ടുണ്ടെന്ന് പറയപ്പെടുന്നു.
1999 ല്‍ തൃശ്ശൂര്‍ മുളയം രുധിരമാല ഭഗവതിക്ഷേത്രത്തിലെ എഴുന്നെള്ളിപ്പിനിടയില്‍ ഒരുകൂട്ടാനയുടെ കുത്തേറ്റ് ചന്ദ്രശേഖരന്റെ കുടല്‍മാല പുറത്ത് ചാടിയിരുന്നു. ഗുരുതരമായി പരിക്കുപറ്റിയ ചന്ദ്രശേഖരന്റെ ആരോഗ്യനില ആശങ്കയിലായത് ഒരുപാട് പേരെ കണ്ണീരിലാക്കി. അന്ന് ആന ചെരിയാനുള്ള സാധ്യത ഏറെയായിരുന്നു. എന്നാല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥ പരിചരണവും തിരുവമ്പാടിക്കാരുടെ പ്രാര്‍ത്ഥനയും ആയുസ്സിന്റെ ബലവും കൊണ്ട് ആനയ്ക്ക് പുതുജിവന്‍ തിരിച്ചു കിട്ടി. ഡോക്ടര്‍മാരായ കെ.എന്‍. മുരളീധരന്, കെ.സി. പണിക്കര്‍, കെ. ആര്. കൈമള്‍, ജേക്കബ് ചീരന്‍, ഗിരിദാസ് തുടങ്ങിയവരുടെ അകമഴിഞ്ഞ പ്രയത്നം പ്രശംസനീയമാണ്.
2002 ല്‍ തൃശൂര്‍ പൂരത്തിന്റെ മഠത്തില്‍ വരവിനാണ് അവസാനമായി ആന തിരുവമ്പാടിക്കുവേണ്ടി തിടമ്പേറ്റുന്നത്. പഞ്ചവാദ്യം മുഴുവനാക്കിയില്ല. അവശതകൊണ്ട് കുട്ടന്‍കുളങ്ങര അര്ജുനന് കോലം കൈമാറി അവന് പൂരത്തില്‍ നിന്നും പിന്മാറി. പിന്നിട് ഒന്നര മാസത്തിനുശേഷമാണ് ചന്ദ്രശേഖരന് ചെരിയുന്നത്.
പുണ്യമാസമായ വൈശാഖത്തിലെ അക്ഷയത്രിതീയയും ഇടവം ഒന്നാം തീയതിയുമായിരുന്ന 2002 മെയ് 15 ന് ആയിരുന്നു ചന്ദ്രശേഖരന് ഈശ്വരസന്നിധിയില് ലയിച്ചുചേര്‍ന്നത്. ചന്ദ്രശേഖരന്റെ ഭൗതിക ശരീരം കാഞ്ഞിരപ്പിള്ളി കാട്ടിലാണ് സംസ്കരിച്ചത്. കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ ശേഷക്രിയകള്‍ തിരുനാവായില്‍ നടത്തി. ചിതാഭസ്മം കുറച്ച് ത്രിവേണിയില്‍ ഒഴുക്കി. എല്ലാവര്‍ഷവും ഇടവം ഒന്ന് ചന്ദ്രശേഖരന് അനുസ്മരണദിനമായി ആന പ്രേമികള്‍ ആചരിക്കുന്നു. ചന്ദ്രശേഖരന്റെ ഛായാചിത്രവും വഹിച്ചുള്ള നഗരം ചുറ്റിയുള്ള ഗജ ഘോഷയാത്രയും പൊതുസമ്മേളനവും ഇനിയും മരിക്കാത്ത ഗജശ്രേഷ്ഠനുമുന്പില് അര്‍പ്പിക്കുന്ന ആരാധകരുടെ പ്രണാമപുഷ്പങ്ങളാണ്.
പി.ഉണ്ണികൃഷ്ണന്
9495226686
പ്രതികരിക്കാൻ ഇവിടെ എഴുതുക: