അര്ജുനന് മാസ്റ്റര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ലഭിച്ചുവോ എന്ന കാര്യം സംശയമാണെന്ന് ആ സംഗീതജ്ഞന്റെ മരണത്തില്‍ അനുശോചിച്ച ചിലര്‍ പറയുകയുണ്ടായി. സംശയിക്കാനൊന്നുമില്ല, ലഭിച്ചില്ല എന്നു തീര്‍ത്തു പറയാം. പലരുടെയും കാര്യത്തില്‍ ഇങ്ങനെ പരിതപിക്കുന്നത് ഔപചാരികതയോ ഭംഗിവാക്കോ മാത്രമാവാം. അവര്‍ അര്ഹിക്കുന്നതൊക്കെ ലഭിച്ചിട്ടുള്ളവരോ വലുതായൊന്നും അര്ഹിക്കാത്തവരോ ആയിരിക്കും. പക്ഷേ അര്ജുനന് മാസ്റ്റര്‍ തികച്ചും വ്യത്യസ്തനായിരുന്നു.
മലയാള സിനിമാ ഗാനങ്ങളെ വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടിച്ച അര്ജ്ജുനന് മാഷിന് ജീവിച്ചിരുന്ന കാലത്ത് ലഭിക്കേണ്ടിയിരുന്ന അംഗീകാരങ്ങളൊന്നും ലഭിച്ചില്ലെന്ന് മരണശേഷം മാത്രം പറയുന്നതില്‍ തീര്‍ച്ചയായും കൃതഘ്നതയുടെ അംശമുണ്ട്. കാരണം ഇങ്ങനെ അഭിപ്രായമുള്ള പലരും അര്ജുനന് മാഷ് ഒരുക്കിയ പാട്ടുകളിലൂടെ അംഗീകാരത്തിന്റെയും പ്രശസ്തിയുടെയും പടവുകള്‍ കയറിയവരാണ്. ഇവരില്‍ ചിലരെങ്കിലും മനസ്സുവച്ചിരുന്നെങ്കില്‍ സംഗീത ലോകത്ത് യഥായോഗ്യം മാഷ് അംഗീകരിക്കപ്പെടുമായിരുന്നു. പലരും പലയാവര്‍ത്തി ചോദിച്ചിട്ടും തനിക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും പരിഭവമുള്ളതായി മാഷ് പറഞ്ഞുകേട്ടിട്ടില്ല. അത് മനസ്സിന്റെ വലുപ്പം. പക്ഷേ നമ്മുടെ സാംസ്കാരികരംഗത്തെ ഭരിക്കുന്ന എന്തൊക്കെയോ സങ്കുചിതത്വവും മുന്‍വിധികളും മാഷിന് അര്‍ഹമായ അംഗീകാരങ്ങള്‍ നിഷേധിക്കപ്പെട്ടതിലുണ്ട്.
അരനൂറ്റാണ്ടിലേറെക്കാലത്തെ സിനിമാ ജീവിതത്തിനിടെ ഒരിക്കല്‍ മാത്രമാണ് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ഈ അതുല്യപ്രതിഭയെ തേടിയെത്തിയത്; അതും 50 വര്‍ഷക്കാലത്തെ അവഗണനയ്ക്കുശേഷം. 2017 ല്‍ ജയരാജിന്റെ ‘ഭയാനകം’ എന്ന ചിത്രത്തിലെ പാട്ടുകള്ക്കാണിത്. ഈ കാലവിളംബം അക്ഷന്തവ്യമാണെന്ന് വ്യക്തമാണല്ലോ.
സംഗീത ലോകത്തെ ഭാഗ്യാന്വേഷിയായിരുന്നില്ല അര്ജുനന് മാഷ്. സിനിമാ ലോകത്ത് എങ്ങനെയോ എത്തിപ്പെട്ട് പടിപടിയായി കഴിവു തെളിയിക്കുകയുമായിരുന്നില്ല. ആദ്യ സിനിമയായ ‘കറുത്ത പൗര്‍ണമി’യിലെ ഹൃദയമുരുകി നീ കരയില്ലെങ്കില്‍… എന്ന പാട്ടുതന്നെ പ്രതിഭയുടെ പ്രഖ്യാപനമായിരുന്നു. ആസ്വാദക ഹൃദയങ്ങളെ ഇന്നും പിടിച്ചുലയ്ക്കുന്ന ഈ ഗാനത്തിനുതന്നെ കൊടുക്കാവുന്നതായിരുന്നു മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം. രണ്ടാമത്തെ ചിത്രമായ ‘റസ്റ്റ് ഹൗസി’ല്‍ ഒരുക്കിയ ഗാനങ്ങള്‍ക്കും നല്‍കാമായിരുന്നു ഏതൊരു പുരസ്കാരവും. ഈ ചിത്രത്തിലെ പൗര്‍ണമി ചന്ദ്രിക തൊട്ടു വിളിച്ചു…, പാടാത്ത വീണയും പാടും…, യദുകുല രതിദേവനെവിടെ… എന്നീ ഗാനങ്ങള്‍ ഇന്നും സൂപ്പര്‍ഹിറ്റുകളായി നിലനില്ക്കുന്നു.
പിന്നീടങ്ങോട്ട് ഹിറ്റുകളുടെ പെരുമഴതന്നെയാണ് അര്ജുനന് മാഷ് സൃഷ്ടിച്ചത്. മല്ലികപ്പൂവിന് മധുരഗന്ധം…, നിന്മണിയറയിലെ നിര്‍മല ശയ്യയിലെ, അംഷ്ടമംഗല്യ സുപ്രഭാതത്തില്‍…, കസ്തൂരി മണക്കുന്നല്ലോ കാറ്റെ…, തളിര്‍വലയോ താമരവലയോ…, മാന്മിഴിയാല് മനം കവര്‍ന്നു…, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി…, ആയിരമജന്താ ശില്പങ്ങളില്…, രവിവര്‍മ ചിത്രത്തിന് രതിഭാവമേ…, പഴനിമലക്കോവിലെ പാല്‍ക്കാവടി…, ആയിരം കാതമകലെയാണെങ്കിലും…, നീലക്കുട നിവര്‍ത്തി വാനം എനിക്കുവേണ്ടി…, സുഖമൊരു ബിന്ദു…, നീലനിശീഥിനീ…, ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും…, സരോവരം പൂചൂടി… എന്നിങ്ങനെ നീളുന്നു അനവദ്യസുന്ദരമായ ആ ഗാനങ്ങള്‍. ഈ പാട്ടുകളില്‍ ഏതിനു വേണമെങ്കിലും അവാര്‍ഡുകള്‍ നല്‍കാമായിരുന്നു. എന്നിട്ടും തഴയപ്പെട്ടു.
അര്ജുനന് മാഷിന് അവാര്‍ഡുകള്‍ ലഭിക്കാതിരുന്ന വര്‍ഷങ്ങളിലൊക്കെ അവാര്‍ഡിനര്‍ഹരായവര്‍ മോശക്കാരായിരുന്നു എന്നല്ല പറഞ്ഞുകൊണ്ടുവരുന്നത്. ഇവരുടെ ഗാനങ്ങള്‍ക്കൊപ്പമോ, അവയെക്കാളധികമോ യോഗ്യത മാഷിന്റെ പല ഗാനങ്ങള്ക്കുമുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടുകയാണ്. എന്നിട്ടും ഒരിക്കല്‍പ്പോലും അവാര്‍ഡുകള്‍ നല്കാതിരുന്നതില് യാദൃച്ഛികമെന്ന് പറഞ്ഞൊഴിയാവുന്നതിനപ്പുറം ചിലതുണ്ട്. അര്ജുനന് മാഷിന് അവാര്‍ഡുകള്‍ നിരസിക്കപ്പെട്ട നീണ്ടകാലയളവില്‍ അവാര്‍ഡുകള്‍ നല്കിയ പല പാട്ടുകളും അത്ര മികച്ചവയല്ലെന്നും വിമര്‍ശനം ഉയര്‍ന്നത് വിസ്മരിക്കാനാവില്ല. അപ്പോഴൊക്കെ മാഷിന്റെ ഇമ്പമോലുന്ന ഗാനങ്ങള്‍ തൊട്ടരികിലുണ്ടായിരുന്നു. മോഷ്ടിച്ച ഈണത്തിന് അവാര്‍ഡ് നല്‍കിയതില്‍ പ്രതിഷേധിച്ച് ജി. ദേവരാജന്‍ മാസ്റ്റര്‍ തനിക്ക് ലഭിച്ച അവാര്‍ഡുകളും തുകയും തിരിച്ചേല്‍പ്പിച്ച ചരിത്രവുമുണ്ട്.
ഏതാണ്ട് 800 നാടക ഗാനങ്ങള്‍ അര്ജുനന് മാസ്റ്റര്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതിലൊന്നായ ‘തുഞ്ചന്‍ പറമ്പിലെ തത്തേ’ എന്ന പാട്ടു കേട്ടിട്ടാണ് ജി. ദേവരാജന്‍ സഹായിയായി വിളിക്കുന്നത്. എണ്ണൂറോളം നാടകഗാനങ്ങള്‍ക്ക് ഈണമിട്ടു എന്നതും, നാടകഗാനങ്ങള്‍ക്ക് 14 തവണ അവാര്‍ഡുകള്‍ ലഭിച്ചതും ഒരു റെക്കോഡാണ്. ഇങ്ങനെയൊരാള്‍ക്ക് ഒരേയൊരു തവണ മാത്രം, അതും ജീവിതത്തിന്റെ അവസാന കാലത്ത് സിനിമാ സംഗീതത്തിന് അവാര്‍ഡു നല്കി എന്നത് പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളത്തിന്റെ സാംസ്കാരിക രംഗത്തിന് ഒട്ടും അഭിമാനകരമല്ല.
മലയാള സിനിമാരംഗത്തെ സമഗ്ര സംഭാവനയ്ക്കു നല്‍കുന്നതാണ് ജെ.സി.ഡാനിയേല്‍ പുരസ്കാരം. 1992 മുതല്‍ ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡും 22 വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും അര്ജുനന് മാഷിനെത്തേടി എന്തുകൊണ്ട് എത്തിയില്ല എന്നതും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഡാനിയേല്‍ അവാര്‍ഡ് ലഭിച്ച പലരും മാഷിന്റെ സഹപ്രവര്‍ത്തകരും, താരതമ്യേന ജൂനിയറുമാണെന്നതും കാണാതെ പോകരുത്. വൈകിയ വേളയില്‍ തപസ്യ കലാസാഹിത്യ വേദിയാണ് എണ്‍പതാം പിറന്നാളില്‍ മാഷിന് ‘ഗുരുദക്ഷിണ’ അവാര്‍ഡ് നല്കി ആദരിച്ചത്. കവി എസ്. രമേശന് നായര്‍ മുന്‍കയ്യെടുത്ത് എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ഈ പരിപാടിയില്‍ മാഷിന് പ്രിയപ്പെട്ടവരായ ശ്രീകുമാരന്‍ തമ്പി, പി. ജയചന്ദ്രന്, വിദ്യാധരന് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയും ചെയ്തു. നിരവധി വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച, ജയചന്ദ്രന്, കല്ലറ ഗോപന് തുടങ്ങിയ ഗായകര്‍ മാഷിന്റെ പാട്ടുകള്‍ ആലപിച്ച ഗാനമേളയും ഉള്‍പ്പെടുത്തിയ ആ പരിപാടിക്കു ശേഷം മനസ്സു നിറഞ്ഞാണ് മാഷ് മടങ്ങിയത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങള്‍ക്ക് ഈണമിട്ട ജി. ദേവരാജന്‍ ഇന്ത്യന്‍ സിനിമാരംഗത്തെ ആചാര്യപദവിയുള്ള ആളായിരുന്നു. മലയാളത്തില്‍ ഈ സംഗീത സംവിധായകന് സൃഷ്ടിച്ച ഗാനങ്ങള്‍ നിത്യഹരിതവും ആസ്വാദകമനസ്സുകളെ നിര്‍വൃതിയില്‍ ആറാടിക്കുന്നതുമാണ്. പക്ഷേ അഞ്ച് പതിറ്റാണ്ടുകാലത്തെ സജീവമായ കലാജീവിതത്തിനിടെ ഒരിക്കല്‍പ്പോലും ഒരു ദേശീയ ബഹുമതിയും ദേവരാജന്‍ മാസ്റ്റര്‍ക്ക് ലഭിച്ചില്ല. അഞ്ച് തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചയാള്‍ തീര്‍ച്ചയായും ഒരു ദേശീയ ബഹുമതി അര്‍ഹിച്ചിരുന്നു. പക്ഷേ ഇങ്ങനെയൊരു സംഗീത കുലപതിക്ക് ഇത്തരമൊരു അംഗീകാരം ലഭിക്കുന്നതിനുള്ള സാഹചര്യമൊരുക്കാനോ തീരുമാനങ്ങളെടുക്കാനോ ബാധ്യസ്ഥരായവര്‍ ഉത്തരവാദിത്വം നിറവേറ്റിയില്ല. ദേവരാജന്‍ ദേശീയതലത്തില്‍ അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ലെന്ന ആക്ഷേപംമാസ്റ്റര് ജീവിച്ചിരിക്കുമ്പോള്‍ തന്നെ പലരും ഉന്നയിച്ചുവെങ്കിലും വേണ്ടപ്പെട്ടവര്‍ കണ്ണുതുറന്നില്ല.
അംഗീകാരങ്ങള്‍ നല്‍കാതെ ക്രൂരമായി അവഗണിക്കപ്പെട്ട മറ്റൊരു സംഗീത സംവിധായകനാണ് കണ്ണൂര്‍ രാജന്. മലയാളി ഇന്നും കേള്‍ക്കാനിഷ്ടപ്പെടുന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന എത്രയോ ഗാനങ്ങളാണ് അനുഗൃഹീതനായ ഈ കലാകാരന് സമ്മാനിച്ചിട്ടുള്ളത്. ഇമ്പം തുളുമ്പുന്ന ഈണങ്ങളോടെ ഒഴുകിയെത്തുന്ന പല പാട്ടുകളും കേള്‍ക്കുമ്പോള്‍ അവയുടെ ശില്പി കണ്ണൂര്‍ രാജന് എന്ന പച്ചമനുഷ്യനായിരുന്നുവെന്ന് അധികമാരും ഓര്‍ക്കാറില്ല. പലര്‍ക്കും അറിയുകയുമില്ല. ശങ്കരധ്യാന പ്രകാരം ജപിച്ചു ഞാന്‍… എന്നതടക്കം എക്കാലത്തെയും ഹിറ്റ് ഗാനം ഉള്‍പ്പെടുന്ന, സംഗീത ലോകത്ത് തരംഗങ്ങള്‍ സൃഷ്ടിച്ച നിരവധി ആല്‍ബങ്ങളും കണ്ണൂര്‍ രാജന്റേതായുണ്ട്.
ചിത്രം എന്ന പ്രിയദര്‍ശന്റെ സൂപ്പര്‍ഹിറ്റു ചിത്രത്തിന്റെ വിജയഘടകങ്ങളിലൊന്ന് അതിലെ പാട്ടുകളായിരുന്നല്ലോ. ദൂരെകിഴക്കുദിക്കും മാണിക്യചെമ്പഴുക്ക…, ഈറന്‍മേഘം പൂവുംകൊണ്ടേ…, പാടം പൂത്തകാലം പാടാന്‍ വന്നു നീയും… ഈ ഗാനങ്ങള്‍ മാത്രം മതി കണ്ണൂര്‍ രാജന്റെ കഴിവ് തിരിച്ചറിയാന്‍. ദേവീ ക്ഷേത്ര നടയില്‍…(പല്ലവി), പീലിയേഴും വീശിവാ…(പൂവിനു പുതിയ പൂന്തെന്നല്‍), പുഷ്പതല്പത്തില് നീ വീണുറങ്ങി…(അഭിനന്ദനം), തൂമഞ്ഞിന്‍തുള്ളി തൂവല്‍ തേടും… (അപ്പുണ്ണി), തുമ്പപ്പൂകാറ്റില്‍ താനെ ഊഞ്ഞാലാടി…, ഇളംമഞ്ഞിന്‍ കുളിരുമായൊരു കുയില്‍…(നിന്നിഷ്ടം എന്നിഷ്ടം), വീണ പാടുമീണമായി…(വാര്‍ദ്ധക്യ പുരാണം), വീണേ നിന്നെ മീട്ടാന്‍…(ഭാര്യ ഒരു മന്ത്രി) എന്നിങ്ങനെ എത്രയെത്ര മധുരഗാനങ്ങളാണ് ഈ അനശ്വര സംഗീതജ്ഞന് നമുക്ക് നല്‍കിയത്. ആലിംഗനം എന്ന ഐ.വി. ശശി ചിത്രത്തില്‍ എ.ടി.ഉമ്മറിന് അവാര്‍ഡ് നേടിക്കൊടുത്ത തുഷാര ബിന്ദുക്കളെ നിങ്ങള്‍… എന്ന ഗാനത്തിന്റെ ഈണം യഥാര്‍ത്ഥത്തില്‍ കണ്ണൂര്‍ രാജന്റെതായിരുന്നു. ഇതിനു പിന്നിലെ വഞ്ചനയുടെ കഥ രാജന്റെ ആത്മസുഹൃത്തായിരുന്ന മാധ്യമ പ്രവര്ത്തകന് രാജേന്ദ്രബാബു വെളിപ്പെടുത്തിയിട്ടുണ്ട്. ബിച്ചു തിരുമലയുടെ വിഷാദം ഘനീഭവിച്ച വരികള്‍ വികാരസാന്ദ്രമായി മനസ്സുകളിലേക്ക് പകരുന്ന ഈണം അതിനു മുന്‍പും പിന്‍പും മലയാളി അനുഭവിച്ചിട്ടില്ല. സിനിമാഗാന ചരിത്രത്തില്‍ മലയാളി ഇഷ്ടപ്പെടുന്ന 10 ഗാനങ്ങള്‍ തെരഞ്ഞെടുത്താല്‍ അതിലൊന്ന് കണ്ണൂര്‍ രാജന് ഈണമിട്ടതായിരിക്കും. പക്ഷേ എന്തുകൊണ്ടോ പ്രതിഭാശാലിയായിരുന്ന ഈ സംഗീത സംവിധായകനെയും അംഗീകാരങ്ങളുടെ ഏഴയലത്ത് മലയാളി അടുപ്പിച്ചില്ല.
അര്ജുനന് മാഷ് അവഗണിക്കപ്പെടുന്നുവെന്ന് അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ആര്‍ക്കെങ്കിലും വിമര്‍ശനം ഉന്നയിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം മാഷ് അത് നിഷേധിക്കും. അര്‍ഹതയുള്ളവര്‍ അവഗണിക്കപ്പെടുന്നതില്‍ നൈതികമായ ഒരു പ്രശ്നമുണ്ട്. അതിനാലാണ് ഈ വിമര്‍ശനം ഉന്നയിക്കുന്നത്. സാംസ്കാരിക രംഗത്തെ ഇത്തരം അവഗണനകള്‍ വ്യക്തിപരമോ ഒറ്റപ്പെട്ടതോ അല്ല. മറ്റ് പലരുടെയും ജീവിതത്തില്‍ ഇത് സംഭവിച്ചിട്ടുണ്ടെന്ന് കാണിക്കാനാണ് ജി. ദേവരാജന്റെയും കണ്ണൂര്‍ രാജന്റെയും കഥ പറഞ്ഞത്. മതേതരത്വം, പുരോഗമനം, നവോത്ഥാനം എന്നൊക്കെ അഭിമാനിക്കുമ്പോഴും മനസ്സില്‍ ജീര്‍ണിച്ചഴുകിയ ചിന്താഗതികള്‍ പുലര്‍ത്താനും, ഏത് മഹാത്മാവിനുനേരെയും അവ പുറത്തെടുക്കാനും മലയാളിക്ക് മടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: