കോട്ടയം: ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ഇടുക്കി, കോട്ടയം ജില്ലകളില്‍ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുകയാണ്. അതേസമയം ഇരുചക്രവാഹനങ്ങളിലും കാറുകളിലും ജനങ്ങള്‍ പതിവുപോലെ നഗരങ്ങളിലേക്ക് എത്തിത്തുടങ്ങി.
അത്യാവശ്യ സാഹചര്യക്കാര്‍ക്ക് ഇളവ് നല്‍കിയതോടെ നിലവില്‍ ആവശ്യമില്ലാതെ കൂടിയും ആളുകള്‍ റോഡിലിറങ്ങുന്ന പ്രവണതയാണുള്ളത്. ഇതോടെ ജില്ലയില്‍ പൊലീസ് കര്‍ശന പരിശോധനയുമായി വീണ്ടും രംഗത്തിറങ്ങി. ഗ്രീൻ സോണുകളായ ഇടുക്കി, കോട്ടയം ജില്ലകളിലും ഓറഞ്ച് ബിയിൽപ്പെട്ട തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, വയനാട് , തൃശൂർ ജില്ലകളിലാണ് ഹോട്ട് സ്പോട്ടുകളായ ചില പ്രദേശങ്ങളിലൊഴികെ നിയന്ത്രണങ്ങൾക്ക് ഇന്ന് മുതൽ അയവ് വന്നത്.
നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ കാർഷികമേഖലയിലും നിർമ്മാണ മേഖലയിലും ആളുകൾ ജോലിക്ക് ഇറങ്ങിയിട്ടുണ്ട്. ഇടുക്കിയിലെ തോട്ടം മേഖലയിൽ ജില്ലയിൽ നിന്നുള്ള തൊഴിലാളികളെ ഉപയോഗിച്ച് സാമൂഹ്യ അകലം പാലിച്ച് കൊളുന്ത് നുള്ളൽ ആരംഭിച്ചു. വിളവെടുപ്പും, വിളവിറക്കലും ജലസേചനവുമുൾപ്പെടെ ഗ്രാമീണ കാർഷിക മേഖലകളും സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങി.
നിലവില്‍ വാഹനങ്ങളുടെ അവസാന അക്കങ്ങളായ 1,3,5,7,9 നമ്ബറുകള്‍ക്കാണ് ഇന്ന് റോഡിലിറങ്ങാന്‍ അനുമതി നല്കിയിരുന്നത്. എന്നാല്‍ ജനങ്ങള്‍ കൂടുതലായി പുറത്തെത്തിയതോടെ കര്‍ശന പരിശോധന ആവശ്യപ്പെട്ട് കോട്ടയം ജില്ലാ പൊലീസ് ചീഫ് ജി.ജയദേവ് ഉടന്‍ തന്നെ കീഴ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം ഇടുക്കി ജില്ലയിലും അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളില്‍ കര്‍ശന പരിശോധന തുടരുകയാണ്.
തുണിക്കടകളും ജുവലറികൾ ഉൾപ്പെടെയുള്ള മറ്റ് വ്യാപാര സ്ഥാപനങ്ങളും തുറന്ന് വൃത്തിയാക്കാനും അണുനശീകരണത്തിനുമുള്ള ജോലികൾ ആരംഭിച്ചു. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഇന്നലെതന്നെ പല സ്ഥലങ്ങളിലും അടഞ്ഞുകിടന്ന കടകളുടെ ഷട്ടറുകളും ചുവരുകളും മറ്റും കഴുകി വൃത്തിയാക്കിയിരുന്നു. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും അത്തരം ശ്രമങ്ങൾ നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: