മുക്കം: മുക്കം ഇരട്ടക്കൊലപാതക കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പ്രതി ബിര്‍ജുവിന്റെ റിമാന്റ് റിപ്പോര്‍ട്ടിലാണ് ജയവല്ലി കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ബിര്‍ജുവിനെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി. സ്വന്തം അമ്മയെ കൊലപ്പെടുത്തുന്നതിനായി ഗൂഡാലോചന നടത്തിയതുള്‍പ്പെടെയുള്ള വിവരങ്ങളാണ് പോലീസ് റിപ്പോര്‍ട്ടിലുള്ളത്. മുക്കം ഇന്‍സ്പെക്ടര്‍ ബി.കെ. സിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൈംബ്രാഞ്ചിന് പോലും ലഭിക്കാത്ത വിവരങ്ങള്‍ ഉള്ളത്.
സംഭവ ദിവസമായ 2016 മാര്‍ച്ച് അഞ്ചിന് രാവിലെ 10 മണിക്ക് മുക്കം ബസ്സ്റ്റാന്റിലെ ഒരു ചായക്കടയില്‍ വച്ചാണ് അവസാന ഗൂഡാലോചന നടന്നത്. കൃത്യം നടത്തുന്നതിനായി വൈകുന്നേരം ആറ് മണിക്ക് മണാശ്ശേരിയിലെ വീട്ടിലെത്തിയങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ തിരിച്ചു പോയി.
തുടര്‍ന്ന് രാത്രി ഒമ്പത് മണിക്ക് വീണ്ടുമെത്തി കട്ടിലില്‍ ഉറങ്ങി കിടക്കുകയായിരുന്ന അമ്മ ജയവല്ലിയെ കഴുത്തില്‍ തോര്‍ത്ത് മുണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് ബോധം നഷ്ടപ്പെടുത്തിയ ശേഷം കൊലപാതകം ഉറപ്പിക്കാനായി ഇസ്മയിലിന്റെ സഹായത്തോടെ ഫാനില്‍ കെട്ടി തൂക്കുകയായിരുന്നു. അന്ന് രാവിലെ ഭാര്യയേയും മക്കളേയും കോയമ്പത്തൂരിലേക്ക് അയച്ചതും നേരത്തെ കൃത്യം പ്ലാന്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു. ഉള്ളില്‍ നിന്ന് വാതില്‍ അടച്ചതിന് ശേഷമാണ് കൊലപാതകം നടത്തിയത്.
കൃത്യം നടത്തിയ ശേഷം ഇസ്മായില്‍ പുറത്തേക്ക് പോയി. രണ്ട് ലക്ഷം രൂപയാണ് ഇസ്മായിലിന് ബിര്‍ജു ഓഫര്‍ ചെയ്തിരുന്നത്. സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്തണമെന്ന് നേരത്തെ തന്നെ തീരുമാനിച്ച ബിര്‍ജു ഇതിന് വേണ്ടിയാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇസ്മായിലുമായി ബന്ധം സ്ഥാപിച്ചത്.
ഏക്കര്‍ കണക്കിന് ഭൂസ്വത്തിന് ഉടമയായ ബിര്‍ജുവിന്റെ അച്ഛന് വാസു സ്വത്ത് ചോദിച്ചുള്ള ബിജുവിന്റെ നിരന്തരമായ മാനസിക പീഢനം മൂലമാണ് ആത്മഹത്യ ചെയ്തതെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ അടിവരയിടുന്നുണ്ട്. അമ്മ തൂങ്ങി മരിച്ചതായി നാട്ടുകാരെ ധരിപ്പിച്ച ബിര്‍ജു സംഭവശേഷം ഉള്ളില്‍ നിന്ന് ബാത്ത് റൂം വഴി പുറത്തിറങ്ങി താന്‍ ബാത്ത് റൂം പൊളിച്ച് അകത്ത് കടന്നതാണന്ന് നാട്ടുകാരെ വിശ്വസിപ്പിക്കുകയും ചെയ്തു.
നാട്ടുകാര്‍ എത്തിയപ്പോള്‍ പെട്ടന്ന് മൃതദേഹം താഴെയിറക്കാന്‍ ധൃതികൂട്ടിയതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ലക്ഷ്യം പൂര്‍ത്തീകരിച്ച ബിര്‍ജു അമ്മയുടെ പേരില്‍ ബാങ്കിലുള്ള ഫിക്സഡ് ഡെപ്പോസിറ്റ് ഏഴ് ലക്ഷം രൂപ ഒരു മാസത്തിനുള്ളില്‍ പിന്‍വലിക്കുകയും ഉടന്‍ തന്നെമണാശ്ശേരിയിലെ സ്ഥലം വില്‍പ്പന നടത്താന്‍ ശ്രമം നടത്തുകയും ചെയ്തു. 30 ലക്ഷം രൂപക്കാണ് മണാശ്ശേരിയിലെ വീടും സ്ഥലവും ഒരു വര്‍ഷത്തിന് ശേഷം വിറ്റത്.
തുടര്‍ന്ന് ഈ കൊലപാതകത്തിന് കൂട്ടുനിന്ന വണ്ടൂര്‍ സ്വദേശി ഇസ്മായിലിനെ പ്രതിഫലമായ രണ്ട് ലക്ഷം രൂപ ചോദിച്ചതിന് കൊലപ്പെടുത്തുകയും മൃതദേഹാവശിഷ്ടങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: