ന്യൂയോര്‍ക്ക് : കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ പ്രതിഷേധം ഇരമ്പി. മിഷിഗണില്‍ നടന്ന പ്രതിഷേധത്തെ അനുകൂലിച്ച് പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് മറ്റുസംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാകുന്നത്.
ടെക്സസ് തലസ്ഥാനമായ ഓസ്റ്റിനില്‍ ഇന്‍ഫോ വാര്‍സ് എന്ന വെബ്സൈറ്റിന്റെ സൂത്രധാരന്‍ അലക്സ ജോണ്‍സിന്റെ പിന്തുണയോടെയാണ് പ്രതിഷേധ പ്രകടനം നടന്നത്. ‘ലെറ്റ് അസ് വര്‍ക്ക്, ലെറ്റ് അസ് വര്‍ക്ക്’ എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുനീങ്ങിയത്. തൊഴില്‍, സാമ്പത്തിക മേഖലകളെ തകര്‍ച്ചയില്‍ നിന്നും വീണ്ടെടുക്കുന്നതിന് ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
കോവിഡ് ഭീതിയില്‍ നിന്നും രാജ്യം മോചിതമായി പ്രവര്‍ത്തനനിരതമാകേണ്ട സമയമായിരിക്കുന്നു. സ്റ്റേ അറ്റ് ഹോം മൂലം കൊറോണ വൈറസ് വ്യാപനം ക്രമാനുസൃതമായി കുറയ്‌ക്കുന്നതില്‍ വിജയിച്ചു. ഇനിയും ലോക്ഡൗണ്‍ നീട്ടിക്കൊണ്ടുപോകുന്നത് പേര്‍സണല്‍ ലിബര്‍ട്ടിയുടെ ലംഘനമാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
സംസ്ഥാനങ്ങള്‍ക്ക് സുരക്ഷിതമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുനഃരാംഭിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഫെഡറല്‍ ഗവര്‍ണമെന്റുകള്‍ നല്‍കിയെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: