ഒരു ഗുരുതരപ്രതിസന്ധിയെ നാം നേരിട്ടുകൊണ്ടിരിക്കുകയാണല്ലോ. ഇന്ത്യ മാത്രമല്ല ഏകദേശം ലോകരാജ്യങ്ങള്‍ മുഴുവനായും. മെഡിക്കല്ലോകംപോലും പകച്ചുനില്‍ക്കുന്ന ഒരു സാഹചര്യത്തിലാണ് നാമിക്കാര്യം ചര്‍ച്ച ചെയ്യുന്നത്. സമൂഹത്തില്‍ ഭൂരിപക്ഷമാളുകളും കൊറോണ പ്രശ്നത്തിന്റെ ഗൗരവം വേണ്ടവിധത്തില്‍ മനസ്സിലാക്കിയിരിക്കുന്നു എന്നുവേണം കരുതാന്‍. നാം തീര്‍ത്തും നിസഹായരാണ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുതന്നെ പ്രശ്നത്തെ നേരിടാന്‍ ‘ധൈര്യപൂര്‍വം സജ്ജരാവുക’. കണ്ണടച്ചാല്‍ ഇരുട്ടാവുകയില്ലല്ലോ? അധികൃതരും സര്‍ക്കാരും നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ മുന്‍കരുതലുകളും എടുത്തുകൊണ്ട് നാം മുമ്പോട്ടു പോകേണ്ടതുണ്ട്. ഒപ്പം അനാവശ്യമായ വാര്‍ത്തകളും മെസ്സേജുകളും മറ്റും ഒഴിവാക്കി തെറ്റിദ്ധാരണ പരമാവധി പരത്താതെയുമിരിക്കാം.
അതേസമയം പ്രതിരോധശക്തിയാര്‍ജിച്ച് മനഃശാന്തി നേടി രോഗത്തെ മാനസികതലത്തില്‍ നേരിടേണ്ടത് അനിവാര്യമാണ്. അസുഖം ബാധിക്കുന്നത് ശരീരത്തിനാണ്, ശരീരമാകട്ടെ ജീര്‍ണതകള്‍ക്കു സദാ വിധേയമാണുതാനും. സുഖം മനസ്സിന്റേതും. ആയതിനാല്‍ ശക്തമായ മനോനിലകൊണ്ട് പല വിഷമതകളെയും അതിജീവിക്കാം. മാനസിക സംഘര്‍ഷം പ്രശ്നത്തിന്റെ വലിപ്പം കൂട്ടുകയേ ഉള്ളൂ.
ശാന്തവും ശക്തവുമായ മനസ്സ് രോഗത്തെയും രോഗപീഢയുടെ സമയത്തെയും നേരിടാനുള്ള ആയുധമാണ്. ബലഹീനതകളെപ്പറ്റി ചിന്തിച്ചാല്‍ നാം കൂടുതല്‍ അശക്തരാവും. ‘മനസ്സിന്റെ ശക്തിയെപ്പറ്റിയുള്ള ചിന്തയത്രെ ബലഹീനതക്കുള്ള പരിഹാരം’ എന്നു വിവേകാനന്ദസ്വാമികള്‍ പറഞ്ഞിരിക്കുന്നു. മനസ്സിന്റെ അടിത്തട്ടിലേക്ക് കടന്നുചെല്ലാനായാല്‍ ഈ ആന്തരികശക്തിയെ നമുക്കു തിരിച്ചറിയാനാവും. ഇതുതന്നെയാണ് മതംകൊണ്ടുള്ള പ്രയോജനവും. അല്ലാതെ പലരും തെറ്റിദ്ധരിക്കുന്ന രീതിയില്‍ രോഗശാന്തിപോലുള്ള അത്ഭുതപ്രവര്ത്തനമോ ഒന്നുമല്ല മതം അഥവാ അദ്ധ്യാത്മികത. അങ്ങനെയെങ്കില്‍ അദ്ധ്യാത്മികതകൊണ്ട് നമുക്ക് സ്വയം ശക്തരാകാനും ചുറ്റുമുള്ള സഹജീവികള്‍ക്ക് ആശ്വാസം പകരാനുമാവും.
ഉള്ളതു പങ്കിട്ടെടുക്കാനുള്ള അവസരവും കൂടിയാണ് ഇവിടെ ഒരുക്കപ്പെട്ടിട്ടുള്ളത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മറ്റും പങ്കുചേരാനും സഹായിക്കാനും ചുറ്റും അവസരങ്ങളുമുണ്ടല്ലോ. ലോകം നേരിട്ട പല ഗുരുതരപ്രശ്നങ്ങളേയും നാം നേരിടുകയും വിജയിക്കുകയും ചെയ്തിട്ടുള്ളത് ധൈര്യം പകര്‍ന്നു നല്കുന്ന കാര്യങ്ങളത്രെ. പ്ലേഗ്, വസൂരി മുതലായ രോഗങ്ങള്‍ പടര്‍ന്നു പിടിച്ചപ്പോള്‍ ലോകം ഇതേ അവസ്ഥലയിലൂടെയാണ് കടന്നു പോയിരുന്നത് എന്നോര്‍മ്മിക്കുക.
ഭാരതമുള്‍പ്പടെ ലോകത്തെ പല രാജ്യങ്ങളും പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ടിരിക്കുകയാണല്ലോ. പ്രായോഗികമായി ചിന്തിക്കുമ്പോള്‍ ഇതും ഗുരുതമായ വെല്ലുവിളികളാണുയര്‍ത്തുന്നത്. ഒന്നാമത് ‘ജോലികൂടാതെ വീട്ടില്‍ ഇരിക്കുക’ എന്നത് നാം ആദ്യമായാണ് അഭിമുഖീകരിക്കുന്നത്. സ്ഥിരവരുമാനമില്ലാത്തവരും അന്നന്നത്തെ ആഹാരം തേടുന്നവരും രോഗികളും വലിയ പ്രതിസന്ധിയെ നേരിടുന്നുവെന്നത് തള്ളികളയാനാവില്ല. അവര്‍ക്കുള്ള ഭക്ഷണവും മരുന്നും എത്തിക്കാനുള്ള സൗകര്യം സര്‍ക്കാര്‍തലത്തിലും സന്നദ്ധസംഘടനകളുടെ തലത്തിലും ആസൂത്രണം ചെയ്തു നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ സവിശേഷ സാഹചര്യവും വലിപ്പവും ജനപ്പെരുപ്പവും ഒക്കെ വച്ചുനോക്കുമ്പോള്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണിത്. എങ്കിലും ക്ഷമകാണിച്ചാല്‍ കാര്യങ്ങള്‍ ശരിയാകുമെന്നുള്ള ഉറപ്പുണ്ട്. നമ്മെ സഹായിക്കാന്‍ ചുറ്റുമുള്ളവര്‍ ഒറ്റക്കെട്ടായി നില്ക്കുമ്പോള് പ്രത്യേകിച്ചും. എന്നാല്‍ വേറൊരു കൂട്ടര് സ്ഥിരവരുമാനമുള്ളവരും അടച്ചിടലിന്റെ പ്രാഥമിക വിഷമതകളെ നേരിടാന്‍ കഴിയുന്നവരുമാണ്.
ടി.വി കാണലും മൊബൈലുമൊക്കെയായി സമയം ചിലവഴിക്കുന്നവരാണ് ഏറെയും. മറ്റൊരു കൂട്ടര് പത്രവായന, സംഗീതം, കൃഷി, വ്യായാമം, എഴുത്ത്, പുസ്തകവായന, ചിത്രമെഴുത്ത്, തുന്നല്‍ തുടങ്ങിയ രീതിയില്‍ സമയത്തെ കുറച്ചുകൂടി ക്രിയാത്മകമാക്കാന്‍ ശ്രമിക്കുന്നു. ഇത്തരം ക്രിയാത്മകമായ കാര്യങ്ങളില്‍ മുഴുകുന്നത് പ്രയോജനകരമാണ്. എങ്ങോട്ടൊക്കെയോ ചീറിപ്പാഞ്ഞുപോകുന്ന മനസ്സിന്റെ കേന്ദ്രീകരണവും തദ്വാരാ ഉണ്ടാകുന്ന സ്വസ്ഥത, ജീവിതശാന്തി എന്നിവയുമാണ് ആ പ്രയോജനം. ഈ മനഃശാന്തി രൂപപ്പെടുന്നത് മനസ്സിനെ അകത്തേക്കു പിന്‍വലിക്കുമ്പോഴാണ്. ഇത്തരത്തില്‍ ‘ഉള്ളിലേക്കുള്ള യാത്ര’ പരിചയിക്കാനുള്ള അവസരമായി ഈ സമയത്തെ ഉപയോഗപ്പെടുത്താവുന്നതാണ്. ധ്യാനം, പ്രാര്‍ത്ഥന, ഉപവാസം, ആഴമേറിയ വായന തുടങ്ങിയവ ആന്തരികയാത്രക്കുള്ള ഉപായങ്ങളാകുന്നു. നമ്മില്‍ പലരും മനഃസംസ്കരണത്തിനുള്ള ഇത്തരം വഴികളെപ്പറ്റി അജ്ഞരാകുന്നു. മറ്റു ചിലര്‍ പലദിക്കില്‍ നിന്നും പല രീതികള്‍ കേട്ടും വായിച്ചും ഒക്കെയിരിക്കുന്നവരാകാം. അല്ലെങ്കില്‍ അവയെ ശീലിക്കാന്‍ സമയമില്ലാതെ തിരക്കില്പ്പെട്ടുപോയവരാകാം. അതേ, ഇത് ഒരു അവസരമാണ്. സ്വയം പരിശീലിച്ചുകൊണ്ടും അവ കുടുംബാംഗങ്ങളോടു പങ്കുവെച്ചുകൊണ്ടും പുതിയ ജീവിതനേട്ടങ്ങള്‍ക്കായി സജ്ജരായിരിക്കാം. ഇല്ലെങ്കില്‍ സ്വാഭാവികമായും സംഭവിക്കുന്നത് മദ്യപാനം, അലസത, ലഹള, മാനസികപ്രശ്നങ്ങള്‍ എന്നിവയായിരിക്കും. അതു മനസ്സിനെ ബാഹ്യലോകത്തേക്കു കൊണ്ടുപോയി ജീവിതത്തെ പ്രശ്നകലുഷിതമാക്കും. രണ്ടു വഴികളും സ്വീകരിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം നമ്മുടെ മുന്നില്‍ തുറന്നു കിടക്കുന്നു.
(അവസാന ഭാഗം നാളെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: