തിരുവനന്തപുരം:കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രിക്ക് ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ആദരമര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിച്ചെന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ വസ്തുത പുറത്തുവന്നോടെ ചിത്രം ഇ-പേപ്പറില്‍ നിന്നു പിന്‍വലിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി തടിയൂരി. താങ്ക്സ് പിണറായി എന്നു രേഖപ്പെടുത്തിയ ബോര്‍ഡ് ഒരു വലിയ കെട്ടിടത്തില്‍ സ്ഥാപിച്ചിരിക്കുന്നതായിരുന്നു ചിത്രം. ചിത്രത്തിനൊപ്പം ദേശാഭിമാനി പറയുന്നത് ഇങ്ങനെയാണ് കോവിഡിനെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്ന് നയിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആദരമര്‍പ്പിച്ച് ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ സ്ഥാപിച്ച ബോര്‍ഡ്. അവിടത്തെ പ്രധാന മൊബൈല്‍ഫോണ്‍ സേവനദാതാക്കളായ ടെല്‍സ്ട്രയുടെ കെട്ടിടത്തിലാണ് ഈ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് എന്നാണ്. എന്നാല്‍, ഈ ചിത്രത്തിനു പിന്നിലെ വസ്തുത പുറത്തുവരുകയും പത്രത്തിനു പറ്റിയ അമളി സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി പ്രചരിക്കുകയും ചെയ്തതോടെയാണു ഇ-പേപ്പറില്‍ നിന്നു ചിത്രം നീക്കിയത്. ഇപ്പോള്‍ ചിത്രത്തിന്റെ സ്ഥാനത്തു കോവിഡ് സംബന്ധിച്ചു ലോകാരോഗ്യ സംഘടന നല്കിയ വിവിധ ലോകരാജ്യങ്ങളുടെ കണക്കുകള്‍ സൂചിപ്പിക്കുന്ന ചിത്രമാണ്.
പിആര്‍ വര്‍ക്കിന്റെ ഭാഗമായി പിണറായി സ്തുതിയ്ക്കായി പാര്‍ട്ടി പത്രം ദേശാഭിമാനി ഇന്നത്തെ ഏഴാം പേജിലാണു ഓസ്ട്രേലിയയില്‍ നിന്നുള്ള ഒരു ചിത്രം പ്രസിദ്ധീകരിച്ചത്. വസ്തുത പോലും അന്വേഷിക്കാതെയാണ് പത്രം പിണറായിക്കു ആദരവ് അര്‍പ്പിച്ചുള്ള ചിത്രമാണെന്നു വ്യക്തമാക്കി പത്രം പ്രസിദ്ധീകരിച്ചത്. യഥാര്‍ത്ഥത്തില്‍ ഇതു ഓസ്ട്രേലിയയിലെ മൊബൈല്‍ കമ്പനിയായ ടെല്‍സ്ട്രയുടെ ഒരു ഓണ്‍ലൈന്‍ ക്യാംപെയ്ന് ആയിരുന്നു. കോറോണ നേരിടുന്നതില്‍ സഹായിക്കുന്നവരെ പ്രോത്സഹിപ്പിക്കാനുള്ള ഒരു ക്യാംപെയ്ന്. ഓസ്ട്രേലിയയില്‍ ഒള്ള ആര്‍ക്കും നിങ്ങള്‍ക്ക് നന്ദി അറിയിക്കേണ്ടവരുടെ പേരും അതിനുള്ള ചെറിയ കാരണവും കമ്പനി നല്‍കിയിട്ടുള്ള 0484 എന്ന നമ്പരിലേക്ക് എസ്എംഎസ് അയച്ചാല്‍ മതി. വ്യക്തിയുടെ പേര് കമ്പനി ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കയും അതിന്റെ ചിത്രം നിങ്ങള്‍ക്ക് എംഎംഎസായി അയയ്ക്കുകയും ചെയ്യാം. ഇതിനു ചെറിയ സര്‍വീസ് ചാര്‍ജ് ഈടാക്കും. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാനുള്ള അനുമതിയും കമ്പനി നല്‍കും. ഇത്തരത്തില്‍ ആരോ നല്കിയ പേരാണ് പിണറായിയുടേത്. ഈ ചിത്രമാണ് ദേശാഭിമാനി കോവിഡിനെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്ന് നയിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആദരമര്‍പ്പിച്ച് ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ സ്ഥാപിച്ച ബോര്‍ഡ് എന്ന തരത്തില്‍ പ്രസിദ്ധീകരിച്ചത്. ഈ ചിത്രം വന്നതിനു പിന്നാലെ പലരും തങ്ങളുടെ പേര് ബോര്‍ഡില്‍ തെളിഞ്ഞ ചിത്രം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണു മണ്ടത്തരം മനസിലാക്കി ചിത്രം ദേശാഭിമാനി പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: