ന്യൂദല്‍ഹി : കോവിഡ് പ്രതിരോധത്തിനായി ഒരാളുടെ മേല്‍ അണുനാശിനി തളിക്കുന്നത്് ഗുണകരമല്ല. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അണുനാശിനി തളിക്കുന്നത് അവരെ ശാരീരികവും മാനസികവുമായും തളര്‍ത്തുകയാണ് ചെയ്യുകയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം.
കൊറോണ ഭീതിയില്‍ പലസ്ഥലങ്ങളിലും സോഡിയം ഹൈപോ ക്ലോറൈറ്റ് അണുനശീകരണിയായി തളിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രം ഇതിന് വിശദീകരണവുമായി എത്തിയത്.
വ്യക്തികളുടെയോ കൂട്ടമാളുകളുടെയോ ദേഹത്ത് അണുനാശിനി തളിക്കണമെന്ന് ഒരു ഘട്ടത്തിലും നിര്‍ദേശിക്കുന്നില്ല. അങ്ങനെ ചെയ്യുന്നത് അവര്‍ക്ക് മാനസികമായും ശാരീരികമായും ഹാനികരമാണ്. അണുനാശിനി രാസഗുണമുള്ളവയാണ്. അതിനാല്‍ തന്നെ അജൈവ വസ്തുക്കളിലാണ് ഇത് പ്രയോഗിക്കാറ്. രോഗവാഹകരായ അണുക്കളെ അവ നശിപ്പിക്കുമെങ്കിലും അതിന് അതിന്റേതായ ദൂഷ്യവശങ്ങളുണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് രോഗബാധിതരോ ഉണ്ടെന്ന് സംശയിക്കപ്പെടുന്നവരോ പതിവായി തൊടുന്ന പ്രദേശങ്ങള്‍ / ഉപരിതലങ്ങള്‍ മാത്രം വൃത്തിയാക്കാനും അണുവിമുക്തമാക്കാനുമാണ് രാസ അണുനാശിനികള്‍ ശുപാര്‍ശ ചെയ്യുന്നത്. മാത്രവുമല്ല ഗ്ലൗസും മറ്റു സുരക്ഷാ കവചങ്ങളും ഉപയോഗിച്ച് അണുനാശിനി പ്രയോഗിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഇവയിലടങ്ങിയിരിക്കുന്ന ക്ലോറിന്‍ കണ്ണിന് പ്രശ്നങ്ങളുണ്ടാക്കും. വയറിനും കേടാണ്. ചര്‍ദ്ദി, മനംപുരട്ടല്‍ എന്നിവയ്ക്കും കാരണമാകും. സോഡിയം ഹൈപോക്ലോറൈറ്റ് ശ്വസന പ്രക്രിയയെ തടസ്സപ്പെടുത്തും. മൂക്കിലെയും തൊണ്ടയിലെയും ചെറു പാളികള്‍ക്ക് അസ്വസ്ഥതയുമുണ്ടാക്കും. ഇത് ഗുണത്തേക്കാള്‍ ദോഷമാ് ചെയ്യുന്നത്. അതിനാല്‍ ഇത്തരം പ്രവര്‍ത്തികള്‍ ഉപേക്ഷിക്കണമെന്നും കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: