കാസര്‍കോട്: കരുതലായി കുഞ്ഞുകരങ്ങള്‍ ആന്റിക്ക് അരികിലേക്കെത്തിയപ്പോള്‍ നനഞ്ഞത് ചുറ്റുമുള്ളവരുടെ കണ്ണുകളാണ്. ആന്റിയെ കണ്ട അവന്റെ തിരിഞ്ഞ് ഓട്ടം എല്ലാവരെയും ഒരു നിമിഷം നിശ്ചലമാക്കി. പതിവ് പോലെ അന്നും ആന്റിയെ കാത്ത് ആ നാലാം ക്ലാസ്സുകാരന് വഴിയരികില്‍ കാത്ത് നിന്നിരുന്നു.
വീട്ടിലേക്ക് ഓടിയ നാലാംക്ലാസ്സുകാരന് അഭിനവ് ഒരു കൈയ്യില്‍ പാട്ടയില്‍ വെള്ളവും മറുകൈയ്യില്‍ ഹാന്റ് വാഷുമായി ആന്റിക്ക് അരികിലേക്ക് നടന്നടുത്തപ്പോള്‍ കണ്ടു നിന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും കണ്ണുകളില്‍ ഈറനണിഞ്ഞു. കഴിഞ്ഞ 14 ദിവസമായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കൊറോണ ഡ്യൂട്ടി കഴിഞ്ഞ് കെ.കെ.പുറത്തേ വീട്ടിലേക്കെത്തിയ കെ.കെ.രാധമ്മയെയാണ് ഈ കൊച്ചു പയ്യന് കൈകഴുകിച്ച് വീട്ടിലേക്ക് സ്വീകരിച്ചത്.
മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയിലെ എച്ച്എ ഗ്രേഡ് ഒന്ന് ജീവനക്കാരിയാണ് രാധമ്മ. ജോലി കഴിഞ്ഞ് വരുമ്പോള്‍ എന്നും കുശലം പറഞ്ഞ് ആന്റിയുടെ കൂടെ വീട്ടിലേക്ക് നടക്കുക അവന്റെ പതിവാണ്. കഴിഞ്ഞ 14 ദിവസമായി ആന്റിയുടെ വരവും പ്രതീക്ഷിച്ച് രാധയുടെ ചേട്ടത്തിയുടെ മകളുടെ മകനായ ഈ കൊച്ചുപയ്യന് വഴിയരികിലേക്ക് നോക്കിയിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. തന്റെ ഇത്രയും വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ കണ്ണ് നനയിച്ച ഇത്തരത്തിലുള്ള അനുഭവം ആദ്യമാണെന്ന് രാധമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: