Categories: India

‘ഗേഹ്‌ലോട്ടാണോ മോദിയാണോ നല്ലത്, മോദി എന്നാണെങ്കില്‍ അരി കൊണ്ടുപോകേണ്ട’; റേഷന്‍ വിതരണത്തിനിടയിലും രാഷ്രീയ മുതലെടുപ്പുമായി രാജസ്ഥാന്‍ കോണ്‍ഗ്രസ്

Published by

ജയ്പൂര്‍ : റേഷന്‍ വിതരണത്തിലും രാഷ്‌ട്രീയ ലക്ഷ്യംകണ്ട് രാജസ്ഥാന്‍ കോണ്‍ഗ്രസ്. കോവിഡിനിടെ റേഷന്‍ വിതരണവും സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം മുഖ്യമന്ത്രിയെ പ്രകീര്‍ത്തിക്കുന്നതിനുള്ള അവസരമാക്കി മാറ്റിയെടുത്തിരിക്കുകയാണ്. ബിജെപി വക്താവ് സാംബിത് പത്രയുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

റേഷന്‍ വാങ്ങാനായി എത്തിയ സ്ത്രീയോട് മൈക്കിലൂടെ പ്രസംഗിക്കുകയായിരുന്ന കോണ്‍ഗ്രസ് നേതാവ് മോദിയാണോ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേഹ്‌ലോട്ടാണോ നല്ലതെന്നും ചോദിക്കുന്നുണ്ട്. മോദി എന്ന് മറുപടി നല്‍കിയതോടെ അരിയും സാധനങ്ങളും അവിടെ വെയ്‌ക്കാനായി ഇയാള്‍ ആവശ്യപ്പെടുന്നതിന്റേയും വീഡിയോ ദൃശ്യങ്ങളും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.  

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ജനങ്ങള്‍ക്ക് ഇത്തരത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണോ റേഷന്‍ പോലും നല്‍കുന്നതെന്നും സാംബിത് പത്ര ട്വിറ്ററിലൂടെ ചോദിച്ചു. കോവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിന്ന് പോരാടുമ്പോഴാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തില്‍ പോലും കോണ്‍ഗ്രസ് രാഷ്‌ട്രീയം കാണുന്നത്. വിശപ്പാണ് വലുത് റേഷന്‍ വിതണം ചെയ്യുന്നതിലും രാഷ്‌ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക