റിയാദ്: സൗദിയില്‍ കൊറോണ വൈറസിന്റെ സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. സൗദി അറേബ്യയില്‍ ഇന്ന് 1132 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 8274 കടന്നു. അഞ്ച് മരണങ്ങള് ആണ് ഇന്ന് രേഖപ്പെടുത്തിയത്. ആകെ മരണസംഖ്യ 92ഉം കടന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി അറിയിച്ചു.
മക്കയില്‍ 315, ജിദ്ദയില്‍ 236, റിയാദില്‍ 225, മദീനയില്‍ 186, ദമ്മാമില്‍ 88 ഇങ്ങനെയാണ് ഇന്ന് കൂടുതല്‍ കേസുകള്‍ സ്തിരീകരിച്ചിട്ടുള്ള സ്ഥലങ്ങള്‍. 34 കാരനായ സൗദി പൗരനും നാല് പ്രവാസികളും ആണ് വൈറസ് മൂലം മരണമടഞ്ഞതെന്നു വക്താവ് പറഞ്ഞു. 280 പേര് ഇന്ന് രോഗമുക്തി നേടിയതോടെ 1329 പേര് സൗദിയില്‍ കൊറോണ വൈറസിന്റെ പിടിയില്‍ നിന്നും മുക്തരായി.
രാജ്യത്തുടനീളം പരിശോധന ശക്തമാക്കിയതിനാലാണ് കൂടുതല്‍ വൈറസ് ബാധിതരെ കണ്ടെത്താന്‍ കഴിഞ്ഞത് എന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പുതിയ കേസുകളില്‍ 79 ശതമാനവും കണ്ടെത്തിയത് മന്ത്രാലയത്തിന്റെ ഫീല്‍ഡ് ടെസ്റ്റിംഗ് കാമ്പെയ്നിലാണ് . മെഡിക്കല്‍ ടീമുകള്‍ തിരക്കേറിയ പാര്‍പ്പിട പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ വീടുകളില്‍ താമസിക്കുന്നവരെ പരിശോധിക്കുന്നത് ശക്തമാക്കിയിരുന്നു. മക്ക, മദീന എന്നിവിടങ്ങളില്‍ മെഡിക്കല്‍ ടീമുകള്‍ കൊറോണ വൈറസ് സ്ക്രീനിംഗ് സജീവമായി നടത്തുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിരക്കേറിയ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ആണ് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളത്
കൊറോണ വൈറസ് നിയന്ത്രണ നടപടികളുടെ ഭാഗമായി ഈ വര്‍ഷത്തെ റമദാന് സാമുദായിക തരവീദ്, ഈദ് പ്രാര്‍ത്ഥനകള്‍ വീട്ടില്‍ നടത്തണമെന്ന് സൗദി അറേബ്യയിലെ ഗ്രാന്‍ഡ് മുഫ്തി ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പുണ്യമാസം ആരംഭിക്കുന്നതിന് ഇനി ഒരാഴ്ച കൂടി അവശേഷിക്കുന്നതിനിടയിലാണ് ഈ പ്രഖ്യാപനം. മുന്‍കരുതല്‍ നടപടിയായി സൗദി അറേബ്യ ഇതിനകം പള്ളികളില്‍ ഗ്രൂപ്പ് പ്രാര്‍ത്ഥന നിര്‍ത്തിവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: