തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ഇളവുവരുത്തിയതോടെ സര്‍വീസുകള്‍ ആരംഭിക്കാന്‍ തയാറെടുത്ത് കെ.എസ്.ആര്‍ടി.സി. പൊതുഗതാഗതം അനുവദിച്ചിട്ടുള്ള ജില്ലകളില്‍ ചൊവ്വാഴ്ച മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. ഇന്നു ചേര്‍ന്ന ഉന്നതാധികാര സമിതിയിലാണ് പുതിയ തീരുമാനം. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളാണ് റെഡ് സോണിലുള്ളത്. ഈ ജില്ലകളിലൊഴികെ തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറങ്ങും.
ആദ്യ ദിവസം ഇരുപത് ശതമാനം ബസുകള്‍ നിരത്തിലിറക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. ക്രമേണ പടിപടിയായി സര്‍വ്വീസുകള്‍ കൂട്ടും. നിരവധി മേഖലകളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പൊതു ഗതാഗതത്തിനും അനുമതി നല്‍കിയത്. മൂന്ന്പേര്‍ ഇരിക്കുന്ന സീറ്റില്‍ രണ്ടു പേരെയും രണ്ടു പേര് ഇരിക്കുന്ന സീറ്റില്‍ ഒരുയാത്രക്കാരനെയുമാണ് കൊണ്ടു പോകേണ്ടത്. സിറ്റികളിലും ടൗണ്‍ പ്രദേശങ്ങളിലും സര്‍വ്വീസ് നടത്തണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. അതിനാല്‍ പ്രധാന റോഡുകളിലൂടെ മാത്രമെ സര്‍വ്വീസ് നടത്താന്‍ സാധിക്കൂ.
അതേസമയം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാലും സര്‍വീസ് നടത്താനില്ലെന്ന് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്. നിലവിലെ മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍വീസ് നടത്തുക പ്രയാസമാണ്. ഈ മേഖലയില്‍ വന്‍ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നും ബസ് ഉടമകള്‍ അറിയിച്ചു.
സംസ്ഥാനത്ത് തിങ്കളാഴ്ചയ്ക്ക് ശേഷം സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണങ്ങളോടെ സര്‍വ്വീസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു സീറ്റില്‍ ഒരാള്‍ക്ക് മാത്രമേ ഇരിക്കാനാകൂ. ബസില്‍ നിന്ന് യാത്ര ചെയ്യുന്നതും അനുവദിക്കില്ല എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതുമൂലം പരമാവധി 15 പേര്‍ക്ക് മാത്രമേ ഒരേ സമയം യാത്ര ചെയ്യാനാകൂ. ഈ മാനദണ്ഡങ്ങളോടെ സര്‍വ്വീസ് നടത്തുന്നത് പ്രായോഗികമല്ലെന്നാണ് ബസ് ഉടമകളുടെ വാദം. നിയന്ത്രണങ്ങളോടെ സര്‍വ്വീസ് നടത്താനാകില്ലെന്ന് കാണിച്ച് ഭൂരിഭാഗം ബസ് ഉടമകളും അധികൃതരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
അതേസമയം തൊഴിലാളികളുടെ കൂലി ഉള്‍പ്പടെ സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടാതിരിക്കാന്‍ കുറച്ചു സര്‍വീസ് നടത്തുന്നത് ആലോചിക്കുമെന്നും ഉടമകള്‍ പറഞ്ഞു. സംസ്ഥാനത്ത് 12,000 ഓളം സ്വകാര്യ ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ലോക്ഡൗണ്‍ മൂലം പ്രതിദിനം 10 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയില്‍ ഉണ്ടാകുന്നത്. ഒന്നോ രണ്ടോ ബസ് മാത്രം ഉള്ളവരെയാണ് ഇത് ഏറെ ബാധിക്കുക. സര്‍വ്വീസ് നടത്താന്‍ നിര്‍ബന്ധം പിടിച്ചാല്‍ അതിന്റെ സാമ്പത്തിക നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: