ന്യൂദല്‍ഹി : കോവിഡിനെതിരെ ഒത്തൊരുമിച്ച് പോരാടുന്ന ജനങ്ങള്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകം മഹാമാരിക്കെതിരെ പൊരുതുകയാണ്. നമ്മള്‍ ഇതിനെ അതിജീവിക്കുക തന്നെ ചെയ്യുമെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് 19ന് എതിരെ പോരാടുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്വിറ്റ്സര്‍ലാന്‍ഡിലെ മാറ്റര്‍ഹോണ്‍ പര്‍വതത്തില്‍ 1000 മീറ്ററോളം വലിപ്പത്തില്‍ ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിക്കുന്നതിന്റെ ദൃശ്യം പങ്കുവെച്ച സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസിയുടെ ട്വീറ്റും മോദിയുടെ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അതേസമയം കോറോണ വൈറസിനെതിരായി വിവിധ വകുപ്പുകളും മന്ത്രിമാരും നടത്തുന്ന പോരാട്ടങ്ങളെയും ലോക്ഡൗണില്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെയും പ്രശംസിച്ചുകൊണ്ടും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നു. ആപത്‌സന്ധിയിലും അവര്‍ നിരന്തരം ജനങ്ങളെ സഹായിക്കുന്നുവെന്നും മോദി അറിയിച്ചു.
യാത്രാ തീവണ്ടികള്‍ റദ്ദാക്കിയെങ്കിലും റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നായിരുന്നു പിയൂഷ് ഗോയലിന്റെ ട്വീറ്റ്. രാജ്യത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിനായി ആത്മസമര്‍പ്പണവും കഠിനാധ്വാനവും സൂക്ഷ്മമായ ആസൂത്രണവുമാണ് റെയില്‍വേ കാഴ്ചവെക്കുന്നതെന്നായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രിയുടെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: