ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കാത്തിരിക്കുകയാണെങ്കിലും ഐപിഎല്‍ ശ്രീലങ്കയില്‍ നടത്തുന്നതിനെക്കുറിച്ച് ഇതുവരെ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) ഭാരവാഹി അറിയിച്ചു.
കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് ഇരുപത്തിയൊമ്പതിന് ആരംഭിക്കാനിരുന്ന പതിമൂന്നാമത് ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് നീട്ടി വച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായാലേ ഐപിഎല്‍ മത്സരങ്ങള്‍ നടത്തൂ.
ഐപിഎല്ലിന് ആതിഥേയത്വം വഹിക്കാന്‍ തയാറാണെന്ന് കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ ക്രിക്കറ്റ് പ്രസിഡന്റ് ഷാമി സില്‍വ വെളിപ്പെടുത്തിയിരുന്നു. ശ്രീലങ്കയില്‍ കൊറോണ കേസുകള്‍ കുറവായതിനാല്‍ ഇന്ത്യയിലേതിനേക്കാള്‍ വേഗം ശ്രീലങ്കയിലേ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുമെന്ന വിശ്വാസത്തിലാണ് ഷാമി സില്‍വ ഐപിഎല്ലിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന്് അറിയിച്ചത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകം മൂഴുവന്‍ ലോക്ഡൗണിലാണ്. ഈ സാഹചര്യത്തില്‍ ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് ഇപ്പോഴൊന്നും പറയനാകില്ലെന്ന് ബിസിസിഐ ഭാരവാഹി പറഞ്ഞു.
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. നിലവില്‍ ഐപിഎല്‍ ശ്രീലങ്കയില്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ തന്നെ ഐപിഎല്‍ നടത്തണമെന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നത്. സെപ്തംബര്‍-ഒക്ടോബറിലോ, ഒക്ടോബര്‍-നവംബറിലോ മത്സരങ്ങള്‍ നടത്താനാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: