മാലി സിറ്റി: രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി മാലിദ്വീപ് സർക്കാർ 14 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. രാജ്യ തലസ്ഥാനമായ മാലി സിറ്റിയും സമീപ ദ്വീപുകളായ ഹുളുമാലെ, വിലിമാലെ എന്നീ ദ്വീപുകളും ഇതിൽ പെടുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിൽ ഏകദേശം 1200 ഓളം ദ്വീപുകളുൾക്കൊള്ളുന്ന ഇന്ത്യയുടെ അയൽ രാജ്യമാണ് മാലിദ്വീപ്. ജനവാസമുള്ള 200 ദ്വീപുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളായ 154 ദ്വീപുകളും ചേർന്ന രാജ്യത്ത് മാർച്ച് 7-ാം തിയതിയാണ് ആദ്യമായി കൊറോണ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നുള്ള വിനോദസഞ്ചാരികളിൽ നിന്ന് രോഗ പകർച്ചയുണ്ടായ സാഹചര്യത്തിൽ കുറേദു വിലമെന്തു, ബട്ടാല, കുറമതി തുടങ്ങിയ റിസോർട്ടുകൾ സർക്കാർ ക്വാറൻറ്റൈൻ കേന്ദ്രങ്ങളാക്കി ലോക്ക് ഡൗൺ ചെയ്തു. തുടർന്ന് രാജ്യം വേണ്ടത്ര ജാഗ്രതയോടെ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളനുസരിച്ച് പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നു.
ഏപ്രിൽ ഒന്നു വരെ വിദേശസഞ്ചാര സാഹചര്യമുള്ളവരും പ്രവാസികളുമുൾപ്പടെ 19 രോഗികൾ മാത്രമുണ്ടായിരുന്ന രാജ്യത്തെ, രണ്ട് ലക്ഷത്തോളം ജനങ്ങൾ അതിവസിക്കുന്ന രാജ്യതലസ്ഥാനമായ മാലിയിൽ പുതുതായി ഒൻപതോളം പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. പരിശോധിക്കപ്പെടാത്ത ഏകദേശം നൂറോളം രോഗികൾ നിലവിൽ രാജ്യത്ത് ഉണ്ടാവാമെന്നും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും നാഷണൽ എമർജൻസി ഒപ്പറേഷൻസ് പ്രതിനിധി ഡോ. ഷീനാ മൂസ മുന്നറിയിപ്പ് നൽകി.
ആരോഗ്യരംഗത്ത് ഇന്ത്യയെയും ശ്രീലങ്കയെയും പ്രധാനമായും ആശ്രയിക്കുന്ന രാജ്യത്ത് രോഗവ്യാപനമുണ്ടായാൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാവും എന്നുള്ളത് കൊണ്ട് രാജ്യത്തെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഏകദേശം അയ്യായിരത്തോളം ഇന്ത്യക്കാർ ലോക്ക് ഡൗൺ കരുതലിലാണ്. വൈകാരികമായ ദുരിതാവസ്ഥയേക്കാൾ പ്രായോഗിക സമീപനങ്ങൾക്ക് പ്രാധാന്യം കൊടുക്കേണ്ട സാഹചര്യമായതിനാൽ നിലവിൽ ആശങ്കാകുലരാകേണ്ട സാഹചര്യമൊന്നും നിലനിൽക്കുന്നില്ല. എന്നിരുന്നാലും കൂടുതൽ രോഗവ്യാപനമുണ്ടായാൽ മറ്റു രാജ്യങ്ങളിലെ പോലെ പ്രവാസികൾ പ്രതിസന്ധിയിലാകും.
മാലിദ്വീപിലെ ഇമിഗ്രേഷൻ അതോറിറ്റിയുടെ 2019 ജനുവരിയിലെ കണക്കനുസരിച്ച് ഒരു ലക്ഷത്തിനാൽപത്തിനാലായിരത്തി അറുനൂറ് വിദേശികൾ രാജ്യത്ത് ജോലി ചെയ്യുന്നു, അതിൽ 63000 പേർ വേണ്ടത്ര രേഖകളില്ലാത്തവരുമാണ്, പ്രത്യേകിച്ച് ബംഗ്ലാദേശിൽ നിന്നുള്ളവർ. സാർക്ക് രാജ്യങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഇന്ത്യ, ഓപ്പറേഷൻ സഞ്ജീവനിയുടെ ഭാഗമായി 6.2 ടൺ അവശ്യമരുന്നും 2459 ടൺ അരിയും 670 ടൺ പഞ്ചസാരയും നിർമ്മാണ മേഖലയ്‌ക്കായി 5000 ടൺ സിമൻ്റും ഇന്ത്യൻ എംബസി വഴി മാലിദ്വീപിൽ എത്തിച്ചിട്ടുള്ളത് ആശ്വാസകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: