മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ലോകത്തിന് കേരളം മാതൃകയെന്ന് അവകാശപ്പെടുകയാണ്. ഇതിന് അടിവരയിട്ടുകൊണ്ട് അമേരിക്കന്‍ പത്രം വാഷിങ്ടണ്‍ പോസ്റ്റ് ലേഖനവുമെഴുതി. സാമൂഹ്യമാധ്യമങ്ങളില്‍ അത് സിപിഎം സൈബര്‍ സൈന്യം പൂക്കുറ്റിയാക്കി. അമ്പട ഞാനേ എന്ന മട്ടില്‍ ഭരണത്തലപ്പത്തുള്ള പലരും അതങ്ങ് നന്നായി ആസ്വദിക്കുകയും ചെയ്യവെ അമേരിക്കന്‍ പത്രത്തിന് പറ്റിയ അമളി വെളിച്ചത്തായി. മുപ്പത് വര്‍ഷമായി കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നേട്ടം എന്ന മട്ടിലാണ് പത്രം വിവരിച്ചത്. പോരെ പൂരം. വാഷിങ്ടണ്‍ പോസ്റ്റിന്റെ തലയ്ക്കും വാലിനും നെഞ്ചത്തും മുതുകത്തുമെന്നപോലെ ശക്തമായ പ്രഹരം പ്രവഹിച്ചപ്പോള്‍ പത്രത്തിന് തിരുത്തേണ്ടിയും വന്നു.
കേരളത്തിലെ ഭരണക്രമങ്ങളെക്കുറിച്ച് അറിയാത്തവരൊന്നുമല്ല വാഷിങ്ടണ്‍ പോസ്റ്റിന് വിവരങ്ങള്‍ നല്‍കിയത്. ഇന്ത്യയില്‍ ആരും ശ്രദ്ധിച്ചില്ലെങ്കില്‍ അമേരിക്കയിലും കമ്യൂണിസത്തിനൊരു പഴുത് കിട്ടുമെങ്കില്‍ കിടക്കട്ടെ എന്നു കരുതിക്കാണും. അതിലേക്കധികം കടക്കാതെ പറയട്ടെ കേരളത്തിലെ ഭരണക്കാരുടെ പൊങ്ങച്ചം കേട്ട് അന്ധാളിപ്പിലായിരുന്നു സംസ്ഥാന പ്രതിപക്ഷം. സര്‍ക്കാരിന്റെ മേനിനടിക്കലിനെതിരെ നാടാകെ പ്രചരണങ്ങള്‍ പലതും നടത്തി. നിയമസഭയിലും കോളിളക്കമുണ്ടാക്കി. കൊറോണക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ദിനംദിനം വിവരിക്കുന്ന ആരോഗ്യമന്ത്രിയെ വനിതയെന്ന പരിഗണനപോലും നല്‍കാതെ വിമര്‍ശിച്ചു. ”ഷൈലജ ടീച്ചര്‍ക്ക് മീഡിയാമാനിയ” എന്ന് കുറ്റപ്പെടുത്തിയത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്നെയാകുമ്പോള്‍ ഗൗരവം ചെറുതല്ലല്ലോ. ഇതില്‍ മനം മടുത്തിട്ടാണോ എന്നറിയില്ല, ടീച്ചര്‍ വാര്‍ത്താസമ്മേളനം ചുരുക്കി.
‘അവന് മടുക്കുമ്പോള്‍ അടിയന് കാണിക്കും അതിലും നല്ലൊരു മാമാങ്കം എന്ന ചൊല്ലുണ്ടല്ലോ. അതുപോലെ മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളന വാളുമായെത്തി. എല്ലാ ദിവസവും വൈകിട്ട് ആറുമണിയായാല്‍ ചാനലുകള്‍ക്ക് മുഖ്യമന്ത്രിയുടെ ഊഴമാണ്. പഴുതേതുമില്ലാതെ പല വിവരങ്ങളും വിശദമായി അവതരിപ്പിച്ചുപോന്നു. 45-50 മിനുട്ട് മുഖ്യമന്ത്രിയുടെ അവതരണം. അതുകഴിഞ്ഞ് മാധ്യമ പ്രവര്‍ത്തകരുടെ സംശയനിവാരണം. എല്ലാം കൊണ്ടും ജഗപൊക. ഇതെല്ലാം കണ്ട് കുന്തം വിഴുങ്ങിയതുപോലെയായപ്പോഴാണ് പ്രതിപക്ഷനേതാവിന് ഒരു പിടിവള്ളിവീണുകിട്ടിയത്. അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ങ്ളറുമായി ഉണ്ടാക്കിയ കരാറിന് പിന്നില്‍ അഴിമതിയുണ്ടെന്നകാര്യം വാര്‍ത്താസമ്മേളനത്തില്‍ രമേശ്ചെന്നിത്തല ആവര്‍ത്തിച്ചപ്പോള്‍ മുഖ്യമന്ത്രി നല്കിയ ഉത്തരങ്ങളൊന്നും തൃപ്തികരമല്ലെന്നായി.
കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനത്തില്‍ വിഷയം ഒതുക്കിയപ്പോള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ഗവര്‍ണറെ കണ്ട് സമഗ്രാന്വേഷണമെന്ന ആവശ്യവും ഉന്നയിച്ചു. അതോടെ എല്ലാ കണ്ണുകളും മുഖ്യമന്ത്രിയിലേക്കായി. അധികം വിശദീകരിക്കാതെ മുഖ്യമന്ത്രി 6 മണിക്കുള്ള പതിവ് വാര്‍ത്താ സമ്മേളനം തന്നെ ഉപേക്ഷിക്കുന്നതാണ് കാണാനായത്. അതോടെ കരാറില്‍ കാര്യമായ പന്തികേടെന്ന സംശയമാണ് ബലപ്പെട്ടത്. മടിയില്‍ കനമില്ലെങ്കില്‍ വഴിയില്‍ പേടിക്കാനുണ്ടോ? ഏതായാലും കരാര്‍ വിഷയം പ്രസ്താവനാ യുദ്ധത്തിലൊതുങ്ങി അസ്തമിച്ചേക്കുമോ?
കൊറോണാ വിഷയത്തിലും കരാറിലെ കാണാച്ചരടിലും കയറിപ്പിടിച്ച് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കൊമ്പുകോര്‍ക്കുകയാണ്. അപ്പോഴാണ് ഏതോ മാളത്തില്‍ നിന്നിറങ്ങിവന്ന രാഹുല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വാര്‍ത്താലേഖകരോട് സംസാരിച്ചത്. കൊറോണയെ നേരിടാന്‍ ലോക്ഡൗണ്‍ കൊണ്ടാവില്ലെന്ന് കണ്ടെത്തിയ ഈ കോണ്‍ഗ്രസ് ‘ഹൈക്കമാണ്ട്’ കേരളത്തിലെ കോണ്‍ഗ്രസുകാരെ ലോക്കമാണ്ടിലാക്കി. കൊറോണയെ പ്രതിരോധിക്കുന്നതില്‍ കേരളം മാതൃക എന്നായിരുന്നു രാഹുലിന്റെ തിരുവചനം. കേരളം വിജയിച്ചത് വികേന്ദ്രീകൃതമായ നടപടിമൂലമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഭരണക്കാര്‍ക്ക് പോലും കേരളത്തില്‍ വികേന്ദ്രീകൃത നടപടിയല്ലെന്ന അഭിപ്രായമുള്ളപ്പോള്‍ രാഹുലിന്റെ മൊഴി കോണ്‍ഗ്രസുകാര്‍ക്ക് അരഞ്ഞാണ്‍ പാമ്പായതുപോലെയായി. സിപിഎം പത്രം ആഘോഷമാക്കി രാഹുലിന്റെ വാക്കുകള്‍ നിരത്തിയപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് പത്രം അതങ്ങ് തമസ്കരിച്ചാണ് ദേഷ്യം തീര്‍ത്തത്. ഈ സാഹചര്യത്തില്‍ സ്പ്രിങ്ങ്ളറിനെ മുന്‍നിര്‍ത്തിയുള്ള രമേശ്ചെന്നിത്തലയുടെ പോര്‍വിളി തുടരുമോ നിര്‍ത്തുമോ എന്നാണ് കാണാനിരിക്കുന്നത്. കൊറോണ ഭീതിയില്‍ ജനം ഇരുട്ടില്‍ തപ്പുമ്പോള്‍ ചുളുവില്‍ കാര്യം നേടുകയായിരുന്നു സ്പ്രിങ്ങ്ളറിന്റെ ലക്ഷ്യമെന്ന് വ്യക്തം.
സ്പ്രിങ്ങ്ളറിന് രോഗികളുടെ വിവരങ്ങള്‍ വേണം. അതുവച്ച് കച്ചവടം ചെയ്താല്‍ കേരളത്തില്‍ നിയമനടപടിക്കുപോലും പഴുതില്ല. അങ്ങിനെയൊരു കരാറുണ്ടാക്കി മുഖ്യമന്ത്രി കാശടിച്ചുമാറ്റുമെന്നാരും പറയുന്നില്ല. എങ്കില്‍ പിന്നെ ആര്? മുഖ്യമന്ത്രിയെ പാര്‍ട്ടിക്കകത്ത് വേട്ടയാടുന്ന ധനമന്ത്രിയോ? ആലങ്കാരികമായി പറഞ്ഞാല്‍ ഏതൊരു സര്‍ക്കാരിന്റെയും അരഞ്ഞാണം തന്നെയാണ് ധനകാര്യവകുപ്പ്. അത് തന്നെ പാമ്പായി മാറിയോ? അന്വേഷിച്ചാലല്ലേ നിജസ്ഥിതി അറിയൂ. രോഗബാധിതരായി നിരീക്ഷണത്തില്‍ കഴിയുന്ന ഓരോ വ്യക്തികളുടെയും 41 വിവരങ്ങളാണ് സ്പ്രിങ്ങ്ളറിന്റെ സോഫറ്റ്വെയറില്‍ നല്‍കുക. ഓരോരുത്തരുടെയും ഉയരവും തൂക്കവും മുതല്‍ അസുഖവിവരവും അവരുടെ മരുന്നുകളുടെ വിവരങ്ങളും ബന്ധുക്കളുടെ അടക്കം ഫോണ്‍നമ്പരും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് കമ്പനിക്ക് ഇപ്പോള്‍ തന്നെ കൈമാറിയിട്ടുള്ളത്.
വിവര ശേഖരണം നടത്തുക മാത്രമല്ല, അവയുടെ സ്റ്റാറ്റിറ്റിക്കല്‍ അനലൈസ് (വിവരങ്ങളുടെ താരതമ്യ പഠനം) ചെയ്യുന്ന കമ്പനി ആണ് സ്പ്രിങ്ങ്ളര്‍ എന്നത് ആരോപണത്തിന്റെ മൂര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യ വിവരങ്ങള്‍ ലഭിക്കുന്നതിലൂടെ സംസ്ഥാനത്ത് ഏത് മരുന്നാണ് അല്ലെങ്കില്‍ ഏത് ആരോഗ്യ ഉപകരണമാണ് കൂടുതല്‍ ആവശ്യം എന്നറിഞ്ഞ് കമ്പനികള്‍ക്ക് ചോര്‍ത്തി നല്‍കാം. ഓരോരുത്തരുടെയും രോഗ പ്രതിരോധ ശേഷിപോലും നിശ്ചയിച്ച് കമ്പനികള്‍ക്ക് നല്കാന് കഴിയും. ഇന്‍ഷുറന്‍സ് കമ്പികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാനുള്‍പ്പെടെ ഈ വിവരങ്ങള്‍ ഉപയോഗിക്കാം. രാജ്യാന്തരതലത്തില്‍ മരുന്നുകമ്പനികള്‍ നടത്തുന്ന മത്സരത്തിന് വിവരങ്ങള്‍ ശേഖരിക്കുന്നത് ഇത്തരം കമ്പികളിലൂടെയാണ്. ലണ്ടനില്‍ കൊറോണ രോഗികളുടെ വിവരങ്ങള്‍ ഒരു സ്വകാര്യ കമ്പനി മറിച്ച് വിറ്റത് വലിയ വിവാദമായിട്ടുണ്ടെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നെന്ന് ഡാറ്റാ അനലൈസിങ് വിദഗ്ധര്‍ പറഞ്ഞത് അടുത്തിടെയാണല്ലോ. കമ്പനി നടത്തിപ്പുകാര്‍ മലയാളികളെന്നാണ് സര്‍ക്കാര്‍ഭാഷ്യം. യുഡിഎഫ് ഭരണകാലത്തെ സോളാര്‍ പദ്ധതിയുടെ തലപ്പത്തും മലയാളികള്‍ തന്നെയായിരുന്നു. ആരെയും കണ്ണുമടച്ചുകൊണ്ട് കൂടെ നടന്നുകുടാ. അകലംപാലിക്കുക, കരുതിയിരിക്കുക, കൈകളിലെ കരിയും കറയും സോപ്പിട്ട് കഴുകി കളയുക. കൊറോണയുടെ ഈ പാഠം മറക്കേണ്ടതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: