കേരള സര്‍ക്കാരിനെക്കുറിച്ച് ഈയിടെ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നു വന്ന പുകഴ്ത്തല്‍ ഏവരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. അന്താരാഷ്ട്ര മാധ്യമങ്ങള്‍, പ്രമുഖ വ്യക്തികള്‍, ഏജന്‍സികള്‍ അങ്ങനെ പലരും രംഗത്തെത്തി. കടംകയറി ശമ്പളം കൊടുക്കാന്‍ കാശില്ലാത്ത കേരളത്തെ അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക വിദഗ്ധര്‍ പൊക്കിപ്പറയുന്നത് പലരെയും അമ്പരിപ്പിച്ചിട്ടുണ്ടാകും.
കേരളം ഈ ഇടപാട് നടത്തുന്നത് അന്താരാഷ്ട്ര തലത്തില്‍ സോഷ്യല്‍ മീഡിയ, ഇലക്ട്രോണിക് മീഡിയ എന്നീ മേഖലകളില്‍ ക്ലയന്റിനെ പ്രൊമോട്ട് കോടികള്‍ വാങ്ങി പ്രൊപ്പഗാണ്ട ഉണ്ടാക്കി വില്പന നടത്തുന്ന സ്പ്രിങ്ങ്ളര്‍ എന്ന കമ്പനിയുമായാണ്. കേംബ്രിഡ്ജ് അനലിറ്റിക (സിഎ) എന്ന ബ്രിട്ടീഷ് സ്ഥാപനവുമായി 2018ല്‍ നടന്ന വിവാദം മറക്കരുത്. ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്ന് അവരറിയാതെ വിവരങ്ങള്‍ ശേഖരിച്ച് രാഷ്ട്രീയ പ്രചാരണ കാമ്പൈനുകള്‍ വിജയകരമായി നടത്തിയാണ് അനലറ്റിക്ക കുപ്രസിദ്ധി നേടിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രചാരണത്തില്‍ മുതല്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പേര് വരെ അവരുടെ ക്ലയന്റ് ലിസ്റ്റിലുണ്ട്. റഷ്യ ആരോപിക്കുന്നത് അവരുടെ പൊതു തെരെഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാന്‍ സിഎ ശ്രമിച്ചെന്നാണ്.
ഡാറ്റ മോഷണം എന്ന സൂത്രപ്പണി പുറത്തായെന്നു തോന്നിയപ്പോള്‍ത്തന്നെ കേരള സര്‍ക്കാര്‍ സ്പ്രിങ്ങ്ളര്‍ എന്ന കമ്പനിയുടെ സേവനങ്ങള്‍ അവസാനിപ്പിച്ചു. രണ്ട് ദിവസം കൊണ്ട് കേരളം സ്വന്തമായി കോവിഡ് 19നു വേണ്ടി ഡാറ്റ ബാങ്കും വിവര ശേഖരണത്തിനുള്ള ആപ്പും ഉണ്ടാക്കി. രണ്ടുദിവസം കൊണ്ട് ഈ സാങ്കേതിക വിദ്യ സാധിക്കുമെങ്കില്‍ പിന്നെ എന്തിനാണ് അന്തരാഷ്ട്ര തലത്തില്‍ സ്വത്തവകാശ നിയമം ലംഘിച്ച് കോടികള്‍ തട്ടിപ്പു നടത്തിയ സ്ഥാപനം എന്നു ഗൂഗിള്‍ തന്നെ പച്ചക്ക് പറയുന്ന സ്ഥാപനവുമായി കേരള സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയത്? എന്തിനാണ് ലക്ഷക്കണക്കിന് മലയാളികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുവാദം നല്‍കിയത്? കൈവശം വച്ചിരിക്കുന്ന ഡാറ്റ വില്ക്കാന് ആരുടെയും അനുവാദം ആവശ്യമില്ലെന്ന് സ്വന്തം വെബ്സൈറ്റില്‍ തന്നെ കൃത്യമായി പറയുന്ന കമ്പനിയാണ് സ്പ്രിങ്ങ്ളര്‍.
500 കോടി അമേരിക്കന്‍ ഡോളര്‍ വിലമതിക്കുന്ന ഡാറ്റ മോഷണക്കേസില്‍ പ്രതികളാണ് സ്പ്രിങ്ങ്ളര്‍. അമേരിക്കന്‍ കമ്പനിയായ ഓപ്പല്‍ സിസ്റ്റംസാണ് പ്രോഡക്റ്റ് വിവരങ്ങള്‍ മോഷ്ടിച്ചതിന് കോടികളുടെ നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കേരള സര്‍ക്കാര്‍ മലയാളികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ ഏല്‍പ്പിച്ച സ്പ്രിങ്ങ്ളര്‍ എന്ന കമ്പനി സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് കമ്പനിയാണ്. സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ ട്രാക്ക് ചെയ്തു കൊണ്ട് ഇഷ്ടാനിഷ്ടങ്ങള്‍ കണ്ടെത്തി, അവ പുറത്തുള്ള വലിയ സ്വകാര്യ കമ്പനികള്‍ക്ക് വന്‍ തുകയ്ക്ക് വില്‍ക്കും. ആ ഡാറ്റാ വച്ച് നിങ്ങള്‍ക്ക് വേണ്ട രീതിയില്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ നിങ്ങളില്‍ നിങ്ങളറിയാതെ അടിച്ചേല്‍പ്പിക്കുന്നു. പണം ഉണ്ടാക്കുന്നു. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഒരു കമ്പനിക്ക് ലഭിച്ചാല്‍ നിങ്ങള്‍ക്ക് വേണ്ടിയുള്ള മാര്‍ക്കറ്റിങ് എങ്ങനെ ചെയ്യണം എന്നു കണ്ടെത്താന്‍ എന്താണ് ബുദ്ധിമുട്ട്? കാരണം നിങ്ങളെക്കാള്‍ കൂടുതല്‍ ആ കമ്പനിക്ക് നിങ്ങളെ അറിയാം.
സ്പ്രിങ്ങ്ളര്‍ കമ്പനിയുടെ കോവിഡ് 19 മാനേജ്മെന്റിന്റെ കാര്യത്തില്‍ ആദ്യ ഉപഭോക്താവ് കേരളമാണ്. രോഗം ഇന്ന് ലോകത്തിലെ 90% രാജ്യങ്ങളെയും ബാധിച്ചു കഴിഞ്ഞു. സ്പ്രിങ്ങ്ളറിന് ലോകം മുഴുവന്‍ മാര്‍ക്കറ്റുണ്ട്. അപ്പോള്‍ അവരുടെ പ്രോഡക്റ്റിന്റെ പരസ്യം എന്താണ്? ഈ രോഗത്തെ ഫലപ്രദമായി പ്രതിരോധിച്ച കേരളം തന്നെ. കേരളത്തിലെ രോഗവ്യാപനം തടയാന്‍ കമ്പനിയുടെ സാങ്കേതിക സഹായം തേടിയത് മുതല്‍ രോഗത്തിന്റെ വ്യാപനം പിടിച്ചു കെട്ടാനും, രോഗികളുടെ ട്രാക്കിങ്, ട്രേസിങ്, ക്വാറന്റൈന്, മോനിറ്ററിങ് ഒക്കെ എത്ര ഫലപ്രദമായി ആണ് കമ്പനിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് കേരളം നടത്തി വിജയിച്ചതെന്ന് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവണം. ആക്കണം. അങ്ങനെ ലോകത്തെവിടെയും കേരളം കോവിഡ് 19നെ നേരിട്ടത് കമ്പനി മാര്‍ക്കറ്റ് ചെയ്യും. അപ്പോള്‍ കമ്പനിക്ക് ഫ്രീ പരസ്യമാണ്. സ്വന്തം സക്സസ് സ്റ്റോറി മാര്‍ക്കറ്റ് ചെയ്തു ഒരു ഡാറ്റ മാനേജ്മെന്റ് – സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് കമ്പനി അവരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വമ്പന്‍ വിജയഗാഥയായി പ്രതിഷ്ഠിക്കുന്നു.
എന്തു കൊണ്ട് കേരളത്തെക്കാള്‍ നന്നായി രോഗത്തെ പിടിച്ചു കെട്ടിയ കര്‍ണാടകയെ പറ്റി ചര്‍ച്ച നടക്കുന്നില്ല? കാരണം കര്‍ണാടക ഈ ‘ബിസിനസില്‍’ ഇല്ലാത്ത സംസ്ഥാനമാണ്. നാളെ ഈ സോഷ്യല്‍ മീഡിയ മാനേജ്മെന്റ് കമ്പനി മറ്റൊരു ‘കേംബ്രിഡ്ജ് അനലിറ്റിക്കയായി മാറാം. പ്രത്യുപകാരമായി ഇടത്കക്ഷികളുടെ തെരഞ്ഞെടുപ്പ് പ്രചാരണമടക്കം രൂപകല്‍പ്പന ചെയ്യുന്നത് ഇത്തരം കമ്പനികളാവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: