പയ്യന്നൂര്‍:പഴയങ്ങാടി രാമപുരത്തെ രാജുവിന്റെ വീട്ടിലെ ചുമരുകളെല്ലാം വര്‍ണ്ണചിത്രങ്ങളാല്‍ അലംകൃതമാണ്. പിലാത്തറ മേരിമാതാ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ സരയൂരാജിന്റെ വിരല്‍ത്തുമ്പില്‍ നിന്നാണ് ചിത്രങ്ങള്‍ വിരിഞ്ഞത്. ദേവീദേവന്മാരുടെ ചിത്രങ്ങളും പാഴ്വസ്തുക്കള് കൊണ്ടുള്ള മനോഹര നിര്‍മ്മിതികളും കൊണ്ട് നിറഞ്ഞിരിക്കുകയാണിപ്പോള്‍ രാജുവിന്റെ വീട്.
സരയുവിന്റെ ചിത്രരചനയിലെ താല്‍പ്പര്യം കണ്ട് രാജു കുഞ്ഞിമംഗലത്തെ വില്ലേജ് ക്രിയേറ്റീവ് സ്കൂളില്‍ ചേര്‍ത്തിരുന്നു. 2 വര്‍ഷത്തോളം അവിടെ പഠനം തുടരവേ ക്ഷേത്രകലാ അക്കാദമിയില്‍ ചുമര്‍ചിത്രകലാ പഠനത്തിനവസരം ലഭിച്ചു. പ്രശസ്ത ചിത്രകാരന്മാരായ, കെ.കെ. മാരാര്‍, ഗോവിന്ദന് കണ്ണപുരം, കെ.കെ.ആര്. വെങ്ങര എന്നിവരെല്ലാം സരയുവിന്റെ ചിത്രകലാമികവിന് പ്രോത്സാഹനം നല്കിയ പ്രമുഖരാണ്. ശിവപാര്‍വ്വതിമാര്‍, രാധയും-കൃഷ്ണനും, മഹാഗണപതി, സരസ്വതി, ശ്രീബുദ്ധന്, ഗീതോപദേശ വേളയിലെ കൃഷ്ണനും അര്‍ജ്ജുനനും തുടങ്ങി നിരവധി ചിത്രങ്ങള്‍ സരയൂ വീടിന്റെ ചുമരുകളില്‍ വരച്ചു തീര്‍ത്തു.
പ്രശസ്ത അനൗണ്‍സറും വാദ്യകലാകാരനുമായ രാമപുരം രാജുവിന്റെ മകളായ സരയൂരാജ് അനൗണ്‍സ്മെന്റ് രംഗത്തും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത്, നിയമസഭ, ലോകസഭാ തിരഞ്ഞെടുപ്പുകളിലും, ഉത്സവാഘോഷ പരിപാടികള്‍ക്കുമെല്ലാം അച്ഛന് രാജുവിന്റെ കൂടെ സരയുവിന്റെ ശബ്ദവും അന്തരീക്ഷത്തില്‍ ഉണര്‍ന്നു കേട്ടിരുന്നു. ക്ഷേത്രകലാ അക്കാദമിയിലെ ആദ്യ ഓട്ടന്‍തുളളല്‍ ബാച്ചില്‍ ഓട്ടന്തുള്ളല് പരിശീലനവും ഈ കൊച്ചു മിടുക്കി നേടിയിട്ടുണ്ട്.
അനുജത്തിയായ അഞ്ചാം ക്ലാസ്സുകാരി സപര്യരാജ് അറിയപ്പെടുന്ന ഓട്ടന്തുള്ളല് കലാകാരിയായി കഴിവ് തെളിയിച്ച് ഉത്തരകേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഉത്സവവേദികളില്‍ തുള്ളല്‍ അവതരിപ്പിച്ചു വരുന്നു. ചുമര്‍ചിത്രകലയില്‍ സരയുവിന്റെ ഗുരുനാഥന് ക്ഷേത്ര കലാ അക്കാദമിയിലെ ശ്രീകുമാര്‍ മാസ്റ്ററാണ്. കുഞ്ചന്‍ അവാര്‍ഡ് ജേതാവായ കുട്ടമത്ത് ജനാര്ദ്ദനന് മാഷാണ് സരയുവിന്റെയും സപര്യയുടെയും ഓട്ടന്തുള്ളല് ഗുരു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: