ബെംഗളൂരു: കൊവിഡ് ജാഗ്രത തുടരുന്നതിനിടെ കര്‍ണാടകയില്‍ ചട്ടം ലംഘിച്ച് നടന്ന വിവിഐപി വിവാഹം വിവാദത്തില്‍. കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകനും ചലച്ചിത്രതാരവുമായ നിഖില്‍ കുമാരസ്വാമിയുടെ വിവാഹമാണ് വിവാദമാകുന്നത്. രാമനഗരയിലെ ഫാം ഹൗസില്‍ നടന്ന ചടങ്ങില്‍ 40 പേരാണ് പങ്കെടുത്തത്. ആരും മാസ്കോ ഗ്ലൗസോ ധരിച്ചിരുന്നുമില്ല.
കൊവിഡ് വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ഒത്തുകൂടുന്ന ചടങ്ങുകളും മറ്റും നീട്ടിവെയ്ക്കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കണക്കിലെടുക്കാതെ കുമാരസ്വാമി, മകന് നിഖില്‍ കുമാര സ്വാമിയുടെ വിവാഹം നിശ്ചയിച്ചത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇത് മാറ്റാന്‍ കുമാരസ്വാമി തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊവിഡ് പടരുന്നത് തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങളും അടച്ചുപൂട്ടലുകളും രാജ്യത്ത് പുരോഗമിക്കുമ്പോഴാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയായിരുന്ന കുമാരസ്വമിയുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റം. മുന്‍മന്ത്രി എം കൃഷ്ണപ്പയുടെ സഹോദരന്റെ മകള്‍ രേവതി ആണ് നിഖിലിന്റെ വധു. വിവാഹചടങ്ങുകള്‍ നടക്കുന്ന സ്ഥലം ഗ്രീന്‍ സോണില്‍ വരുന്നതാണെന്നും അതിനാല്‍ വിവാഹം നടത്തുന്നതില്‍ കുഴപ്പമില്ലെന്നും കുമാരസ്വാമി അറിയിച്ചു. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്. വിവാഹസല്‍ക്കാരം പിന്നീടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വിവാഹചടങ്ങിന്റെ വേദിയായി തീരുമാനിച്ചത് ബെംഗളൂരിലായിരുന്നുവെങ്കിലും കൊറോണ വ്യാപന പശ്ചാത്തലത്തില്‍ നീട്ടിയ ലോക്ഡൗണിനെ തുടര്‍ന്ന് രാമനഗരത്തില്‍ വെച്ച്് വിവാഹച്ചടങ്ങുകള്‍ നടത്താന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. അതേസമയം കര്‍ണ്ണാടകയില്‍ ഇതുവരെ 260 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൈറസ് വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ നടപടികളെല്ലാം തുടരുകയാണ്. അതിനിടെ ഈ സമയത്ത് വിവാഹം നടത്തുന്നത് മാറ്റിവെക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: