തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇപ്പോഴെങ്ങും ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സിറ്റിങ് എംഎല്‍എമാരായ തോമസ് ചാണ്ടി, എന്‍. വിജയന്‍ പിള്ള എന്നിവരുടെ നിര്യാണത്തെ തുടര്‍ന്ന് നടത്തേണ്ടിയിരുന്ന കുട്ടനാട്, ചവറ എന്നീ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പാണ് ഇതോടെ നീണ്ടു പോയിരിക്കുന്നത്.
വൈറസ് ബാധയുടെ വ്യാപനത്തിനിടെ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ല. നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം സംഭവിച്ചെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കൂ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ടിക്കാറാം മീണ അറിയിച്ചു.
മെയ് 3 ന് ശേഷമുള്ള സാഹചര്യം വിലയിരുത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. തെരഞ്ഞെടുപ്പ് നടത്തണം എന്നുണ്ടെങ്കില്‍ മേയ് അവസാന വാരത്തോടെയോ ജൂണ് ആദ്യമോ നടത്തണം. തെരഞ്ഞെടുപ്പ് നടത്തണം എന്നുണ്ടെങ്കില്‍ മേയ് അവസാന വാരത്തോടെയോ ജൂണ് ആദ്യമോ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
മെയില്‍ തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ ഈ മാസം അവസാനമോ മെയ് ആദ്യമോ എങ്കിലും വിജ്ഞാപനം പുറപ്പെടുവിക്കണം. സാമൂഹിക അകലം പാലിച്ചുകൊണ്ട് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടത്തുക എന്നത് പാര്‍ട്ടികള്‍ക്കും വോട്ടര്‍മാര്‍ക്കും ഒരേ പോലെ വെല്ലുവിളി സൃഷ്ടിക്കുന്ന കാര്യമാണ്.
അതേസമയം 2016 മേയിലാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റത്. 2021 മേയില്‍ ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുകയും ചെയ്യും. നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രമുള്ള സമയത്ത് ഏതെങ്കിലും സീറ്റ് ഒഴിവു വന്നാല്‍ അവിടെ പിന്നെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: