മുക്കം: മുക്കം ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി ബിര്‍ജുവിനെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ 11.30യോടെയാണ് ഡിവൈഎസ്പി ടി.കെ.അബ്ദുല്‍ റസാഖ്, മുക്കം സിഐ ബി.കെ.സിജു എന്നിവരുടെ നേതൃത്വത്തില്‍ മണാശ്ശേരിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
വീടും പരിസരവും പോലീസ് വിശദമായി പരിശോധിച്ചു. വീട്ടിനുള്ളില്‍ വെച്ച് എങ്ങിനെയാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് ബിര്‍ജു പോലീസിന് വിശദീകരിച്ചു കൊടുത്തു. സുഹൃത്തായ മലപ്പുറം വണ്ടൂര്‍ സ്വദേശി ഇസ്മായിലിന്റെ സഹായത്തോടെ അമ്മ ജയവല്ലിയുടെ കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം സാരിയില്‍ കെട്ടി തൂക്കുകയായിരുന്നു. അമ്മ തൂങ്ങി കിടക്കുന്ന ഫോട്ടോ കാണിച്ചപ്പോള്‍ സ്ഥലം കൃത്യമായി തന്നെ ബിര്‍ജു ചൂണ്ടിക്കാണിച്ച് കൊടുത്തു. പക്ഷെ ആ സമയത്തെ ബെഡ്ഷീറ്റും മറ്റു വസ്ത്രങ്ങളും കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒന്നര മണിക്കൂര്‍ നേരത്ത തെളിവെടുപ്പിന് ശേഷം സംഘം പോലീസ് സ്റ്റേഷനിലേക്ക് മടങ്ങി. തെളിവെടിപ്പും ചോദ്യം ചെയ്യലും വെള്ളിയാഴ്ചയും തുടരും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. എസ്ഐ ഷാജിദ്, എഎസ്ഐ ഷാജു, സിപിഒ സ്വപ്ന, രതീഷ് എന്നിവരാണ് തെളിവെടുപ്പിനായി ഉണ്ടായിരുന്നത്.
തെളിവെടുപ്പ് സമയത്തെല്ലാം നിര്‍വികാരനായിരുന്നു ബിര്‍ജു. ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ ആള്കൂട്ടമൊന്നും ഉണ്ടായിരുന്നില്ല.ഈ കേസില്‍ കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിരുന്നില്ല. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്നത് കൊറോണയുടെ പശ്ചാത്തലത്തിലാണ്. കേസില്‍ നിര്‍ണ്ണായക തെളിവായി മാറിയേക്കാവുന്ന ഡിഎന്‍എ പരിശോധന ഫലം ഉള്‍പ്പെടെ ലോക് ഡൗണില്‍ കുടുങ്ങിക്കിടക്കുകയാണ്.
2016 മാര്‍ച്ച് അഞ്ചിനാണ് ജയവല്ലിയെ മണാശ്ശേരിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലിസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതിനിടയില്‍ മുക്കത്തും ബേപ്പൂരിലും ചാലിയത്തും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ഇത് ഒരാളുടേതാണെന്ന് പോലിസ് സ്ഥിരീകരിക്കുകയും ചെയ്തു. ആദ്യം ലോക്കല്‍ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയായ ബിര്‍ജുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബിര്‍ജുവിനെ ചോദ്യം ചെയ്തപ്പോഴാണ് അമ്മ ജയവല്ലിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. സ്വത്ത് കൈക്കലാക്കുന്നതിന് വേണ്ടി വണ്ടൂര്‍ സ്വദേശിയായ ഇസ്മായിലിന്റെ സഹായത്തോടെ ബിര്‍ജു അമ്മ ജയവല്ലിയെ തോര്‍ത്തുമുണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം സാരിയില്‍ കെട്ടിത്തൂക്കുകയായിരുന്നു. ജയവല്ലിയെ കൊലപ്പെടുത്താന്‍ സഹായിച്ചതിനുള്ള പ്രതിഫലം ചോദിച്ചതിനാണ് ഇസ്മായിലിനെ ബിര്‍ജു മണാശ്ശേരിയിലെ വീട്ടില്‍ വിളിച്ചു വരുത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: