നാദാപുരം: സെറിബ്രല്‍ പാര്‍സി, ഹോര്‍മോണ്‍ തകരാറുള്ള കുട്ടികള്‍ക്ക് തുടര്‍ച്ചയായി കഴിക്കേണ്ട മരുന്നുകള്‍ മണിപ്പാല്‍ കസ്തൂര്‍ബ ആശുപത്രിയില്‍ നിന്നും നാട്ടിലെത്തിയപ്പോള്‍ ആശ്വാസമായത് നാല് കുടുംബങ്ങള്‍ക്ക്. നാദാപുരം, വടകര, പയ്യന്നൂര്‍, പിണറായി എന്നിവിടങ്ങളിലെ രോഗികളായ കുട്ടികള്‍ക്കുള്ള മരുന്നുകളാണ് മാധ്യമ പ്രവര്‍ത്തകന്‍ വത്സരാജ് മണലാട്ട്, നാദാപുരം എ.എസ്.പി അങ്കിത് അശോക് എന്നിവരുടെയും നേരില്‍ കണ്ടിട്ടില്ലാത്ത സുമനസ്സുകളുടെയും സഹായത്താല്‍ എത്തിച്ച് നല്‍കിയത്.
പത്തിലധികം വര്‍ഷം തുടര്‍ച്ചയായി കഴിക്കേണ്ട മരുന്ന് ഇടക്ക് വെച്ച് നിര്‍ത്തുകയാണങ്കില്‍ വീണ്ടും ആദ്യം മുതല്‍ കഴിക്കേണ്ടി വരുമെന്നത് രോഗികളായ കുട്ടികളുടെ ബന്ധുക്കളെ വിഷമിപ്പിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട വത്സരാജ് മണിപ്പാല്‍ ആശുപത്രിയിലെ മലയാളി കൂടിയായ ഡപ്യുട്ടി ചീഫ് ഫാര്‍മസിസ്റ്റ് എ.ജെ ജോസിനെ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ ലോക്ഡൗണിനെ തുടര്‍ന്ന് മണിപ്പാല്‍ ജില്ല പൂര്‍ണ്ണമായും അടച്ചതിനാല്‍ യാത്ര സാധ്യമല്ലാതായി. മംഗലാപുരത്തുള്ള സുഹൃത്തുക്കളെ വിളിച്ചപ്പോള്‍ അതിര്‍ത്തിയിലെ നിയന്ത്രണം കാരണം മണിപ്പാല്‍ എത്താന്‍ കഴിയാത്ത സാഹചര്യമാണന്ന് പറഞ്ഞു. തുടര്‍ന്ന് വത്സരാജ് നാദാപുരം എഎസ്പി അങ്കിത് അശോകിനെ ബന്ധപ്പെടുകയായിരുന്നു. ഇദ്ദേഹം മണിപ്പാല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറെ ബന്ധപ്പെടുകയും എ.ജെ ജോസ് മരുന്ന് നിര്‍മിച്ച് മണിപ്പാല്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് തന്നെ മരുന്ന് മംഗലാപുരത്ത് എത്തിച്ച് ഗുജറാത്തില്‍ നിന്നും കോഴിക്കോട്ടേക്ക് വരുന്ന ചരക്ക് ലോറിയുടെ ഡ്രൈവര്‍ മയൂര്‍ വശം കൊടുത്തയച്ചു. രാത്രിയോടെ മരുന്ന് തലശ്ശേരി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പിന്നീട് തലശ്ശേരി പോലീസ് നാദാപുരം ഡിവിഷണല്‍ ഓഫീസില്‍ എത്തിക്കുകയുമായിരുന്നു.
മരുന്നിന്റെ വില വത്സരാജ് ഫാര്‍മസിസ്റ്റിന്റെ ബാങ്ക് അക്കൗണ്ടില്‍ അടക്കുകയും ചെയ്തു. വടകര സ്വദേശിയായ സെറിബ്രല്‍ പാര്‍സി രോഗം ബാധിച്ച കുട്ടിയുടെ കാഴ്ചയില്ലാത്ത പിതാവിനെ ബൈക്കിടിച്ച് പരുക്ക് പറ്റിയതിനെ തുടര്‍ന്ന് ഡയാലിസിസ് ചെയ്യുകയാണ്. വടകര സിവില്‍ ഡിഫന്‍സ് വളണ്ടിയറായ വിജീഷാണ് ഈ കുട്ടിയുടെ മരുന്നിന്റെ കാര്യം വല്‍സരാജിന്റെ ശ്രദ്ധയില്‍ പെടുത്തിയത്.
പയ്യന്നൂര്‍, പിണറായി എന്നിവിടങ്ങളിലെ കുട്ടികള്‍ക്കുള്ള മരുന്ന് കല്ലാച്ചി ഫയര്‍സ്റ്റേഷനിലെ ഓഫീസര്‍ പ്രമോദും മറ്റ് രണ്ട് കുട്ടികള്‍ക്ക് വത്സരാജും നേരിട്ട് വീട്ടിലെത്തിച്ച് നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക