കേരള സര്‍ക്കാര്‍ കോവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ചികിത്സാവിവരശേഖരണത്തിന് സ്പ്രിങ്ക്ളര്‍ എന്ന അമേരിക്കന്‍ പിആര്‍ കമ്പനിയെ ഉപയോഗിക്കുന്നതിന്റെ ആശങ്കകള്‍ അനുദിനം കൂടുകയാണ്. കഴിഞ്ഞ ദിവസം സ്പ്രിങ്ക്ളറിനെ ഉപയോഗിച്ചുള്ള വിവരശേഖരണം നിര്‍ത്തിലാക്കിയെന്ന പ്രസ്താവനാതട്ടിപ്പ് സര്‍ക്കാര്‍ അഴിമതിയുടെ ആഴവും വ്യാപ്തിയും സൂചിപ്പിക്കുന്നു. വിവരശേഖരണത്തിന് ഉപയോഗിക്കുന്ന പോര്‍ട്ടലിന്റെ പേരു മാറ്റിയെന്നത് മാത്രമാണ് സത്യം. ആന്തരീകസാങ്കേതിക സങ്കേതങ്ങള്‍ സ്പ്രിങ്ക്ളറിന്റേതുതന്നെ.
ഐടി മിഷന്, സി ഡാക്ക്, കെല്‍ട്രോണ്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ഡെവലപ്പര്‍മാരെ സംബന്ധിച്ച് ഇത്തരം ഒരു ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചെടുക്കുക എന്നത് ലളിതമാണ്. പൂര്‍ണ്ണമായും ആഭ്യന്തരമായി വിവരങ്ങള്‍ സൂക്ഷിക്കാനുള്ള സര്‍ക്കാര്‍ ഡാറ്റാ സെന്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനും സിപിഎം നിയന്ത്രിക്കുന്ന സഹകരണ ഐടി സ്ഥാപനമായ ദിനേശ് ഐടിക്കും ലഭ്യമാണ്. സമാനസ്വഭാവമുള്ള കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ ആപ്പും ഉള്ളപ്പോഴാണ് ഒരു വിദേശ സ്ഥാപനത്തിന് നിയമവിരുദ്ധമായി പിണറായി വിജയന് കരാര്‍ കൈമാറിയിരിക്കുന്നത്.
കഴിഞ്ഞദിവസം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് വിചിത്രമായ ഒരു വാദം ഉന്നയിച്ചു ‘എന്ത് രഹസ്യ ഡാറ്റയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും രോഗികള്‍ക്കും ഉള്ളത്’ എന്ന്. കോവിഡ് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ശേഖരിക്കാന്‍ ഒരു കോമണ്‍ ഡാറ്റാ പ്ലാറ്റ് ഫോം സൃഷ്ടിക്കുക എന്ന ചെറിയ സാങ്കേതിക സംവിധാനം മാത്രമാണ് സ്പ്രിങ്ക്ളര്‍ നല്‍കുന്നത്. കോമണ്‍ പ്ലാറ്റ് ഫോം എന്നു പറഞ്ഞാല്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള ഡിജിറ്റല്‍ ഫോറമാണ്. ശേഖരിക്കുന്ന വിവരങ്ങള്‍ ഡാറ്റാബേസില്‍ ആയിക്കഴിഞ്ഞാല്‍ ഏത് തരത്തിലുള്ള ചോദ്യങ്ങളും കൊടുത്ത് ആവശ്യമായ റിപ്പോര്‍ട്ടുകളും മാനേജ്മെന്റ് സുചകങ്ങളും രോഗിയുടെ ചരിത്രവും രോഗ ചികിത്സയുടെ നാള്‍വഴികളും നിര്മിച്ചെടുക്കാം. നിരീക്ഷണത്തിലുള്ള വ്യക്തിയുടെ പൂര്‍ണവിവരങ്ങളാണ് ശേഖരിക്കുന്നത്. വിദേശരാജ്യങ്ങളിലെ സന്ദര്‍ശനം, ജീവിതശൈലീ രോഗങ്ങള്‍, കോവിഡ് ചികിത്സയുടെ വിവരങ്ങള്‍, വീടുകളിലെ ആള്‍ക്കാരുടെ എണ്ണം, ആഭ്യന്തരസഞ്ചാര വിവരം, വിനോദങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ഫോണ്‍ നമ്പര്‍, വാഹന വിവരം, ഇ മെയില്‍ തുടങ്ങിയ വിവരങ്ങളെല്ലാം ശേഖരിക്കും.
ടെസ്റ്റുകളും റിസള്‍ട്ടുകളും അമേരിക്കന്‍ കമ്പനി ഡിജിറ്റല്‍ ഫോര്‍മാറ്റിലാക്കി അവരുടെ ഭൗതിക സ്വത്താക്കി മാറ്റുന്നു. 90 വയസ് പിന്നിട്ട റാന്നിയിലെ വയോവൃദ്ധരായ ദമ്പതികളുടെ ചികിത്സാവിവരം, പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗിയുടെ ഗര്‍ഭകാല ചികിത്സയും വിജയകരമായ സിസേറിയനുമെല്ലാം ലോക മരുന്ന് കമ്പനികളുടെ ഗവേഷണ മാര്‍ക്കറ്റില്‍ സഹസ്രകോടികളുടെ വില്‍പ്പന മൂല്യമുള്ളവയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍)ന്റെ ഭൗതിക സ്വത്ത് ആവേണ്ട ഈ വിവരങ്ങളാണ് പിണറായി സര്‍ക്കാര്‍ തൂക്കി വിറ്റിരിക്കുന്നത്. ഇന്‍ഷുറന്‍സ് മേഖല, സഞ്ചാരവുമായി ബന്ധപ്പെട്ട മേഖല, പൊളിറ്റിക്കല്‍ വ്യൂസ്, വ്യക്തി ശുചിത്വ ഉത്പന വിപണി, വ്യവഹാരം തുടങ്ങിയ വിവരങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ഇത്തരം വിവരങ്ങളെയാണ് സംസ്ഥാനത്തെ മന്ത്രി ‘എന്ത് രഹസ്യഡാറ്റ ‘യെന്ന് ചിരിച്ച് തള്ളിയത്.
സ്പ്രിങ്ക്ളര്‍ കമ്പനി മുന്‍പ് ഐടി വകുപ്പിന്റെ സേവന ദാതാവായിരുന്നു എന്നതോ കമ്പനിയുടെ സ്ഥാപകന്‍ മലയാളസിനിമ നിര്‍മിച്ചു എന്നതോ സേവനം അവരെ ഏല്‍പ്പിക്കുന്നതിന് മതിയായ കാരണമല്ല. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നമ്മുടെ സര്‍ക്കാര്‍ നിലനിര്‍ത്തുന്ന ഡാറ്റ സെന്ററുകളുടെ കീഴിലുള്ള സെര്‍വറുകള്‍, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ക്ലൗഡ് സെര്‍വറുകള്‍ എന്നിവ ഉപയോഗിക്കാം. സിപിഎം സഹകരണ സ്ഥാപനത്തിന് പോലും സ്വന്തമായി ഡാറ്റാ സെന്ററുണ്ട്. എന്നിട്ടും പാര്‍ട്ടി നയത്തെ മറികടന്ന് കേരള സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടത് എന്തിന് എന്നതാണ് ചോദ്യം? കണ്ണൂര്‍ ജില്ലയിലെ കോവിഡ് ബാധിതരുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി അവരുടെ ഫോണ്‍ നമ്പറിലേക്ക് സിപിഎം ജില്ലാ സെക്രട്ടറി പേര് പറഞ്ഞ് ആശംസകള്‍ അയച്ചത് ഈ വേളയില്‍ നാം പ്രത്യേകം ഓര്‍ക്കേണ്ടതാണ്. സ്പ്രിങ്ക്ളറിനെ പോലൊരു സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് കമ്പനിക്കും സിപിഎമ്മിനും കേരളത്തില്‍നിന്ന് ലഭിക്കുന്ന ഡാറ്റ കൊണ്ടുള്ള പ്രയോജനങ്ങള്‍ ചില്ലറയല്ല. ഇതിന്റെ കച്ചവടസാധ്യതകളും രാഷ്ട്രീയ സാധ്യതകളും വലുതാണ്. ഏതൊരു രാജ്യത്തും വ്യക്തിയുടെ ആരോഗ്യ, സാമ്പത്തിക വിവരങ്ങള്‍ പൂര്‍ണ്ണമായും അയാളുടെ സ്വകാര്യതയാണ്. ഇന്ത്യയിലെ വിവര സാങ്കേതിക നിയമത്തിലെ 43(എ) വകുപ്പ് പ്രകാരം കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലാതെ വ്യക്തിവിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ കമ്പനി പ്രസ്തുത വ്യക്തികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതാണ്. ഇതേ നിയമത്തിലെ 72(എ) വകുപ്പ് പ്രകാരം വ്യക്തിവിവരങ്ങള്‍ പരസ്യപ്പെടുത്തുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപ പിഴയും ലഭിക്കും.
സ്വകാര്യതയ്ക്കുള്ള അവകാശം എന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം ‘ജീവനും സ്വാതന്ത്ര്യത്തിനുമുള്ള’ മൗലികാവകാശത്തില്‍ ഉള്‍പ്പെടുന്നു. സ്വകാര്യതയുമായി ബന്ധപ്പെട്ട നിയമത്തിലെ 43(എ) പ്രകാരമുള്ള കാര്യങ്ങളെല്ലാം സംസ്ഥാനത്തിന്റെ പരിധിക്ക് പുറത്താണ്. അമേരിക്കന്‍ കമ്പനിയുമായി ഉണ്ടാക്കിയ വ്യാപാ
ര കരാറില്‍ വ്യക്തിവിവര ചോര്‍ച്ച ഉണ്ടായാല്‍ നിയമപ്രകാരം കേസ് കൊടുക്കാനും നഷ്ടപരിഹാരം വാങ്ങാനും വ്യക്തികള്‍ക്ക് ഉതകുന്ന എന്തെങ്കിലും വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഈ ആശങ്കകള്‍ ബലപ്പെടുത്തുന്നതാണ് അമേരിക്കന്‍ കമ്പനി തന്നെ പ്രസിദ്ധീകരിച്ച കമ്പനിയുടെ ഡാറ്റാ പ്രൈവസി വ്യവസ്ഥ. ഇത് പ്രകാരം എല്ലാ കേസുകളും അമേരിക്കയിലെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് കോടതിയില്‍ മാത്രമേ നടത്താന്‍ പറ്റൂ. തങ്ങളുടെ കൈയിലുള്ള വ്യക്തി വിവരങ്ങള്‍ സാമ്പത്തിക കാരണങ്ങളുണ്ടായാല്‍ വില്‍ക്കുമെന്ന് സ്പ്രിങ്ക്ളര്‍ തന്നെ പ്രൈവസി പോളിസിയില്‍ പറയുന്നുണ്ട്. വ്യക്തി വിവരങ്ങള്‍ മറ്റ് കമ്പനികള്‍ക്ക് വിറ്റ് ധനമാര്‍ജിക്കും എന്ന പ്രഖ്യാപനമാണിത്.
തങ്ങളുടെ കൈയിലുള്ള സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു പോകാനോ, ദുരുപയോഗം ചെയ്യാനോ സാധ്യത ഉണ്ടെന്നും അതിനെതിരെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും ഫലപ്രദമല്ലെന്നും സ്പ്രിങ്ക്ളര്‍ പ്രൈവസി പോളിസിയില്‍ അംഗീകരിക്കുന്നു. ലാവ്ലിന് കേസില്‍ കനേഡിയന്‍ പ്രതികള്‍ കേസിന്റെ ഒരു ഘട്ടത്തില്‍പോലും ഇന്ത്യന്‍ നിയമ വ്യവസ്ഥിതിയില്‍ ഹാജരാവാനോ കുറഞ്ഞപക്ഷം വക്കീലിനെ വക്കാനോ തയാറാവാതിരുന്നത് നാം കണ്ടതാണ്.
സ്പ്രിങ്ക്ളറിന്റെ സോഫ്റ്റ്വയറില് സര്‍വീസ് പ്രൊവൈഡര്‍ക്ക് ഡാറ്റായില്‍ ആക്സസ് ഇല്ലെന്നു പറയുന്നതാണ് വലിയ മണ്ടത്തരം. സര്‍ക്കാര്‍ അവകാശപ്പെടുന്ന മറ്റൊരു വാദമാണ് സര്‍വറുകള്‍ ഇന്ത്യയിലാണെന്ന്. ഭൂമിശാസ്ത്രപരമായി സെര്‍വറുകള്‍ എവിടെയിരിക്കുന്നു എന്നത് പ്രസക്തമായ കാര്യമല്ല. സ്പ്രിങ്ക്ളറുമായി ഏര്‍പ്പെട്ട കരാര്‍ വ്യവസ്ഥകള്‍ പൊതുജനങ്ങളുടെ മുന്പില് കേരള സര്‍ക്കാര്‍ അവതരിപ്പിച്ചതാകട്ടെ എപ്രില്‍ 11നും 12നും അയച്ച ഇ മെയില്‍ മാത്രം. ഇവയൊന്നും നിയമപരമായി നിലനില്‍ക്കില്ല. സ്പ്രിങ്ക്ളറിന്റെ സബ്ഡൊമെയ്നില്‍ കേരള സര്‍ക്കാരിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ വിലാസം എങ്ങനെ വന്നു എന്നത് വിശദീകരിക്കണം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംവിധാനത്തില്‍ തന്നെ ചെയ്യാവുന്ന കാര്യത്തിനായി ഇത്തരമൊരു കമ്പനിയുടെ സേവനം എന്തിന് ഉപയോഗിച്ചു? എങ്ങനെ കമ്പനിയെ തെരഞ്ഞെടുത്തു? മറ്റ് സേവനദാതാക്കളെ ഒഴിവാക്കിയത് എന്തുകൊണ്ട്?
നിലവില്‍ സ്പ്രിങ്ക്ളറുമായുള്ള കരാര്‍ അവസാനിപ്പിച്ചെങ്കില്‍ ഇതുവരെ അവര്‍ ശേഖരിച്ച ലക്ഷക്കണക്കിന് മലയാളികളുടെ ഡാറ്റയ്ക്കെന്ത് പറ്റും. വിവരങ്ങള്‍ നശിപ്പിക്കുകയോ സര്‍ക്കാരിന് കൈമാറുകയോ ചെയ്യുമെന്ന് ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ കൈകൊണ്ടു? തുടങ്ങി ഗുരുതരമായവിഷയങ്ങള്‍ കോവിഡ് മഹാമാരിയുടെ മറവില്‍ കുഴിച്ചുമൂടപ്പെട്ടുകൂട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: