തിരുവനന്തപുരം: സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനം ഈ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ച് അനുമതിയോടെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, മലപ്പുറം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഹോട്ട്സ്പോട്ടുകളായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ റിപ്പോര്‍ട്ട് ചെയ്ത എണ്ണം കണക്കാക്കിയാണ് മേഖലകള്‍ തിരിക്കുക. നാലു മേഖലകള്‍ ഇങ്ങനെ, കൊറോണ സ്ഥിരീകരിച്ച കണക്ക് ബ്രാക്കറ്റില്‍.
ഒന്നാം മേഖല
കാസര്‍കോട് (61), കണ്ണൂര്‍ (45), മലപ്പുറം (9), കോഴിക്കോട് (9)
ഇവിടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന മെയ് മൂന്നുവരെ കര്‍ശന നിയന്ത്രണങ്ങള്‍. നാല് ജില്ലകളിലും തീവ്രരോഗബാധയുള്ള ഹോട്ട് സ്പോട്ടുകള്‍ പ്രത്യേകമായി കണ്ടെത്തും. അത്തരം വില്ലേജുകളുടെ അതിര്‍ത്തി അടയ്ക്കും. വില്ലേജുകള്‍ക്ക് എന്‍ട്രി പോയിന്റും എക്സിറ്റ് പോയിന്റും ക്രമീകരിക്കും. ഇവ ഒഴികെ മറ്റ് വഴികള്‍ എല്ലാം പൂര്‍ണമായി അടയ്ക്കും. ഭക്ഷ്യ വസ്തുക്കളും മറ്റും സര്‍ക്കാര്‍ അനുവദിക്കുന്ന ഈ പോയിന്റുകളിലൂടെയാണ് എത്തിക്കുക.
രണ്ടാം മേഖല
പത്തനംതിട്ട (6), കൊല്ലം (5), എറണാകുളം (3)
ഈ ജില്ലകളില്‍ ഏപ്രില്‍ 24 വരെ കടുത്ത നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ തുടരും. ഹോട്ട് സ്പോട്ടായ പ്രദേശങ്ങള്‍ കണ്ടെത്തി അടച്ചിടും. 24ന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി സാഹചര്യം അനുകൂലമാണെങ്കില്‍ ചില ഇളവുകള്‍ അനുവദിക്കും. അതുവരെ രാജ്യം മുഴുവന്‍ ബാധകമായ മറ്റ് നിയന്ത്രണങ്ങള്‍ ഇവിടെയും ബാധകമായിരിക്കും.
മൂന്നാം മേഖല
ആലപ്പുഴ (3), തിരുവനന്തപുരം (2), പാലക്കാട് (2), തൃശൂര്‍ (1), വയനാട് (1)
ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. എന്നാല്‍ മറ്റെല്ലാ നിയന്ത്രണങ്ങളും ഇവിടെ ബാധകമായിരിക്കും. ഭക്ഷണശാലകള്‍ ഉള്‍പ്പെടെയുള്ളവ വൈകിട്ട് ഏഴുമണിവരെ അനുവദിക്കും. എന്നാല്‍ ഹോട്ട് സ്പോട്ടായ വില്ലേജുകള്‍ കണ്ടെത്തി അടച്ചിടും. സുരക്ഷാ ക്രമീകരണങ്ങളോടെ പൊതു ഗതാഗതം അനുവദിക്കും.
നാലാം മേഖല
പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത കോട്ടയം, ഇടുക്കി
ആവശ്യമായ മുന്‍കരുതലുകളോടെ ഈ ജില്ലകളില്‍ സാധാരണ ജീവിതം അനുവദിക്കും. എന്നാല്‍ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ ഇടുക്കിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കും. ഈ രണ്ടു ജില്ലകള്‍ തമ്മില്‍ ജില്ല വിട്ടുള്ള യാത്രകള്‍ അനുവദിക്കില്ല. രാജ്യം മുഴുവന്‍ ബാധകമായ മറ്റ് നിയന്ത്രണങ്ങള്‍ ഇവിടെയും ബാധകമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: