വാഷിങ്ടണ്‍: ലോകത്തെ വിഴുങ്ങിയ മഹാമാരിയായ കൊറോണ വൈറസ് പുറത്തുവന്നത് ചൈനയിലെ ലാബില്‍ നിന്നാണെന്ന് അമേരിക്ക. ലോകരാജ്യങ്ങളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് വൈറസ് പുറത്തുവന്നത്. വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നല്ല വൈറസ് ലോകരാജ്യങ്ങിലേക്ക് വ്യാപിച്ചതെന്നുമുള്ള തെളിവുകള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ തെളിവുകള്‍ ഉദ്ധരിച്ച് ചൈനക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തി.
കൊറോണയുടെ ഉത്ഭവം ചൈനയിലെ ഒരു ലാബില്‍ നിന്നാകാമെന്ന വസ്തുത നിരാകരിക്കുന്നില്ലെന്നും ഇത് സംബന്ധിച്ച് കാര്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിച്ചാല്‍ ചൈനക്കെതിരെ ഉപരോധം അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കും. അതിനായി എല്ലാ ലോകരാജ്യങ്ങളോടും അമേരിക്ക സഹായം അഭ്യര്‍ത്ഥിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് ബ്രീഫിങ്ങില്‍ ട്രംപ് പറഞ്ഞത് വുഹാന്‍ നഗരത്തിലെ ഒരു വൈറോളജി ലാബില്‍ നിന്നാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടത് എന്നാണ്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും വിശ്വാസയോഗ്യമായ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്നും അദേഹം വ്യക്തമാക്കിയിരുന്നു.
അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വുഹാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബ് സന്ദര്‍ശിച്ചതായും അന്ന് തന്നെ ലാക്സ് സേഫ്റ്റി പ്രോട്ടോക്കോളുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതായും പറയുന്നു. വുഹാനിലെ ഈ ലാബില്‍ നിന്നല്ലെങ്കില്‍ മറ്റൊരു ലാബ് ആണോ എന്നതിനെക്കുറിച്ച് യുഎസ് സര്‍ക്കാരിനുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ തന്നെ വിവധി വഴികളാണ് യുഎസ് നടത്തുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊറോണ വൈറസ് വുഹാന്‍ ലാബില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് ഫോക്സ് ന്യൂസും വാര്‍ത്ത നല്‍കിയിരുന്നു. അമേരിക്കയുമായി മത്സരിക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കിടെ വൈറസിനെ ലാബില്‍ നിന്നു പുറത്തുവിട്ടതാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ചൈനക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്നാണ് അമേരിക്കന്‍ ജനതയും ട്രംപും ഒന്നടങ്കം പറയുന്നത്. ചൈനയിലുള്ള അമേരിക്കന്‍ കമ്പനികളെ തിരിച്ചുവിളിക്കാനും തത്വത്തില്‍ ധാരണയായിട്ടുണ്ട്. ചൈനയെ ലോകരാജ്യങ്ങളില്‍ ഒറ്റപ്പെടുത്തുക എന്നതാണ് അമേരിക്കയുടെ നയം. ഇതിനായി ഇന്ത്യയുടെ പിന്തുണയും തേടിയേക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയില്‍ നിന്ന് പിന്മാറുന്ന പല അമേരിക്കന്‍ കമ്പനികളും ഇന്ത്യയില്‍ നിക്ഷേപത്തിന് താല്പര്യം അറിയിച്ചിട്ടുണ്ട്. ഇന്ത്യയും അമേരിക്കയും ഒരുമിച്ചാല്‍ തന്നെ ചൈനയെ തകര്‍ക്കാന്‍ കഴിയുമെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയെ ഒറ്റപ്പെടുത്തുന്നതിന്റെ ആദ്യഭാഗമായാണ് ലോകാരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യുഎച്ച്ഒ) നല്കിക്കൊണ്ടിരുന്ന ധനസഹായം അമേരിക്ക താത്ക്കാലികമായി നിര്‍ത്തലാക്കിയത്. മഹാമാരിക്കെതിരായ പോരാട്ടത്തെ സംഘടന നിരുത്തരവാദ പരമായി കൈകാര്യം ചെയ്യുന്നുവെന്നാരോപിച്ചാണ് ട്രംപിന്റെ നീക്കം ചൈനക്കുള്ള ഒരു സൂചനയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
”ഡബ്ല്യുഎച്ച്ഒയ്ക്ക് നല്കുന്ന ധനസഹായം പിന്‍ലിക്കുന്നു. ഇതല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ല. അമേരിക്കയാണ് സംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത്, ചൈന രണ്ടാമതാണെന്നും” ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അറുപത് മുതല്‍ 90 ദിവസം വരെ ധനസഹായം തടഞ്ഞുവയ്ക്കാനാണ് തീരുമാനം. ഇത് ഡബ്ല്യുഎച്ച്ഒയ്ക്കും ചൈനയ്ക്കുമുള്ള മുന്നറിയിപ്പാണെന്നും ട്രംപ് അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ അമേരിക്ക ഇത്രയും നാള് നല്കിയ ഔദാര്യം അവര്‍ മികച്ച രീതിയില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നതില്‍ ആശങ്കയുണ്ട്. വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ സമയോചിതമായി മറ്റു രാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിലും അതിന്റെ സുതാര്യത നിലനിര്‍ത്തുന്നതിലും അടിസ്ഥാന കൃത്യ നിര്‍വഹണത്തിലും ഡബ്ല്യുഎച്ച്ഒ പരാജയപ്പെട്ടു എന്നതാണ് സത്യം. ഇതില്‍ അന്വേഷണം നടത്തുമെന്നും ട്രംപ് പറഞ്ഞു.
വൈറസിന്റെ വ്യാപനം ഇത്രയും വര്‍ധിക്കാനുള്ള കാരണം ഡബ്ല്യുഎച്ച്ഒയുടെ നടപടികളാണ്. അവര്‍ ചൈനയെ വഴിവിട്ട് സഹായിക്കുന്നുണ്ട്. വൈറസിന്റെ തീവ്രതയെപ്പറ്റി അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്കിയ മുന്നറിയിപ്പുകള്‍ പോലും സംഘടന അവഗണിച്ചു. വൈറസ് വ്യാപനത്തിന്റ പ്രഭവ കേന്ദ്രമായ വുഹാനിലെ യഥാര്‍ഥ കണക്കുകള്‍ ശേഖരിക്കാന്‍ സംഘടനയ്ക്കായില്ല.
ആദ്യഘട്ടത്തില്‍ യാത്രാവിലക്കുകളെയും എതിര്‍ത്തു. വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരില്ലെന്ന ചൈനയുടെ വാദത്തെ പിന്തുണയ്ച്ചു. ഇത്തരത്തിയുള്ള നടപടികളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നും ട്രംപ് പറഞ്ഞു. ചൈനയെ കേന്ദ്രീകരിച്ചാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നാണ് ട്രംപിന്റെ ഉയര്‍ത്തിയ വാദം. ഇതു ലോകരാഷ്ട്രങ്ങളെ ഒരുമിച്ച് ചൈനക്കെതിരെ നിര്‍ത്താനുള്ള ആദ്യ നീക്കമാണെന്നും വിദഗ്ദര്‍ വിലയിരുത്തുന്നു.
1,30,300ലേറെ പേരുടെ ജീവന് അപഹരിച്ച കൊറോണയെന്ന മഹാമാരി പരക്കുന്നതിന് ചൈനയാണ് കാരണക്കാരെന്നുള്ള പഠന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. വൈറസ് പൊട്ടിപുറപ്പെട്ടിട്ടും കാര്യമാക്കിയില്ലെന്ന് മാത്രമല്ല, വേണ്ട നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാനും തയ്യാറായില്ല. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരുന്ന മഹാമാരിയെ നേരിടുന്നതില്‍ ചൈന ക്ഷമിക്കാനാവാത്ത വീഴ്ച വരുത്തിയെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
വുഹാനില്‍ നിന്ന് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടും പുതുവത്സരാഘോഷങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചതും ചൈനയുടെ വീഴ്ചയായി കണക്കാക്കുന്നു. പുതുവര്‍ഷ ആഘോഷത്തിനിടെ വൈറസ് ബാധയുടെ വാര്‍ത്ത പുറത്ത് വിട്ടാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകുമെന്നും വിപണി തകരുമെന്നും ചൈനീസ് അധികൃതര്‍ കരുതി. കൊറോണ വൈറസ് ബാധയാണിതെന്ന് റിപ്പോര്‍ട്ട് നല്കിയ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മാത്രമല്ല, വൈറസ് ബാധയെ കുറിച്ച് നിര്‍ണായകമായേക്കാവുന്ന തെളിവുകളും ചൈന നശിപ്പിച്ചെന്നാണ് സൂചന.
വുഹാന്‍ നഗരത്തിലെ പ്രധാന മാര്‍ക്കറ്റിലെ കടല്‍ വ്യാപാരിയായ വെയ് ഗിക്സിയനിലാണ് ആദ്യം ഈ അസുഖം കണ്ടെത്തുന്നത്. ഡിസംബര്‍ 10നാണ് ഇയാളില്‍ അസുഖം കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ ലോക്കല്‍ ക്ലിനിക്കില്‍ ചികിത്സ തേടി. എട്ട് ദിവസത്തിന് ശേഷം, 57 വയസുകാരനായ ഇയാള്‍ക്ക് ആശുപത്രി കിടക്കയില്‍ ബോധമില്ലായിരുന്നു. രോഗം കണ്ടെത്താന്‍ ഏകദേശം മൂന്നാഴ്ചയോളം സമയമെടുത്തു. അപ്പോഴേക്കും നിരവധി പേരിലേക്ക് വ്യാപിച്ചിരുന്നു. മറ്റുള്ളവരിലും സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. പലരും പരിശോധനകള്‍ക്ക് പോലും തയാറായില്ല.
ഡിസംബറിന്റെ അവസാനത്തില്‍ ഡോക്ടര്‍മാര്‍ കൊറോണയുടെ കേന്ദ്രം കണ്ടെത്തിയതോടെ രോഗികളെ ക്വാറന്റീന് ചെയ്യുകയും അവരുടെ മേലുദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് തന്നെ അരക്കോടിയിലേറെ മനുഷ്യര്‍ നഗരം വിടുകയും ചെയ്തിരുന്നു. ഇതാണ് ലോകത്താകമാനം രോഗം വ്യാപിക്കാന്‍ കാരണമായത്. ഈ റിപ്പോര്‍ട്ടുകൂടി ഉദ്ധരിച്ചാണ് അമേരിക്ക ഇപ്പോള്‍ ചൈനക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.
ലോകത്തില്‍ ‘ചൈനീസ് വൈറസി’ന്റെ വ്യാപനം ഇങ്ങനെ
കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്ത് 1,30,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 20,17,810 ആയി. കൊറോണയില്‍ നിന്ന് മുക്തരാകുന്നവരുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്കടുത്തത് ആശ്വാസമായി. അതേസമയം, രോഗം അതീവ ഗുരുതരമായി തുടരുന്നവരുടെ എണ്ണം 51,553 കടന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.
അമേരിക്ക
അമേരിക്കയില്‍ മാത്രം 26,064 പേര് ഇതുവരെ വൈറസ് ബാധിച്ചു മരിച്ചു. 6,14,246 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 38,820 പേരാണ് അമേരിക്കയില്‍ രോഗമുക്തരായത്. 13,473 പേരുടെ നില ഗുരുതരമായി തുടരുന്നു. മുപ്പത്തിയൊന്ന് ലക്ഷം ജനങ്ങളെ ഇതിനകം അമേരിക്കയില്‍ പരിശോധനയ്ക്ക് വിധേയമാക്കി. രോഗ വ്യാപനം ഏറ്റവും തീവ്രമായ ന്യൂയോര്‍ക്കില്‍ രോഗികളുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു. മരണം പതിനൊന്നായിരത്തിലേക്കടുത്തു. മറ്റേതു രാജ്യങ്ങളിലേക്കാള്‍ വൈറസ് ബാധ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ന്യൂജഴ്സിയില്‍ രോഗികള്‍ 68,824 കടന്നു. മരണം 2,805 ആയി. മിഷിഗനില്‍ 1,768 പേര് മരിച്ചു.
സ്പെയ്ന്‍
സ്പെയ്നില്‍ രോഗികളുടെ എണ്ണം 1,77,633 ആയി. 1,220 പേര്‍ക്കാണ് ഇന്നലെ മാത്രം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. 18579 പേര് ഇതുവരെ മരിച്ചു. 70,853 പേര് രോഗമുക്തരായത് സ്പെയ്ന്‍ ആശ്വാസമാണ്. എന്നാല്‍, ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിലെ വര്‍ധന രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നു. 7371 പേര് അപകടനിലയിലുണ്ട്. ആറ് ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സ്പെയ്ന്‍ കഴിഞ്ഞു.
ഇറ്റലി
ഇറ്റലിയില്‍ മരണസംഖ്യ 21,067 കവിഞ്ഞു. 1,62,488 പേരാണ് ഇവിടെ വൈറസ് ബാധിതരായുള്ളത്. 37,130 പേര്‍ക്ക് കൊറോണ ഭേദമായി. 3186 പേരുടെ നില ഗുരുതരമായി തുടരുന്നു. പതിനൊന്ന് ലക്ഷത്തോളം പേര്‍ക്ക് ഇറ്റലിയില്‍ പരിശോധന നടത്തിയിട്ടുണ്ട്.
ഫ്രാന്‍സ്
ഫ്രാന്‍സില്‍ രോഗികള്‍ 1,43,303 ആയി. 15,729 പേര് മരിച്ചു. 28,805 പേര്‍ക്കാണ് രോഗം ഭേദമായത്. 6730 പേരുടെ നില ഗുരുതരമാണ്.
ജര്‍മനി
ജര്‍മനിയില്‍ വൈറസ് ബാധിതരുടെ എണ്ണം 1,32,210 ആയി. 3,495 പേര് മരിച്ചു. രോഗബാധിതരുടെ എണ്ണം ഉയര്‍ന്നിരുന്നെങ്കിലും മരണ സംഖ്യ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്ന ജര്‍മനിയില്‍ മരണ നിരക്ക് വന്‍ തോതില്‍ ഉയര്‍ന്നു. ഇന്നലെ മാത്രം 285 പേര് മരിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവുമുയര്‍ന്ന നിരക്കാണിത്. 56,115 പേര്‍ക്ക് രാജ്യത്ത് രോഗം ഭേദമായി. 4,288 പേര് ഗുരുതരാവസ്ഥയിലാണ്.
ബ്രിട്ടന്
ബ്രിട്ടനില്‍ വൈറസ് ബാധിതര്‍ 93,873 ആയി. 12,107 പേര് മരിച്ചു. 1,559 പേരുടെ നില ഗുരുതരമാണ്.
ജപ്പാന്
കൊറോണ വൈറസ് വ്യാപനം തടഞ്ഞില്ലെങ്കില്‍ ജപ്പാനില്‍ നാലു ലക്ഷം പേര് മരിക്കുമെന്ന് ആരോഗ്യ വകുപ്പ്. ഒന്‍പത് ലക്ഷത്തോളം വെന്റിലേറ്ററുകള്‍ ആവശ്യമായി വരുമെന്നും ആരോഗ്യ വിഭാഗം റിപ്പോര്‍ട്ട് വ്യക്തമാക്കി. 8,100 പേര്‍ക്കാണ് ചുരുങ്ങിയ ദിവസം കൊണ്ട് വൈറസ് ബാധ സ്ഥിരീകരിച്ചത്. 146 മരണങ്ങള് റിപ്പേര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: