കണ്ണൂര്‍: ലോക്ഡൗണ്‍ കാരണം കേരളത്തിലെ നാലായിരത്തിയഞ്ഞൂറോളം പടക്കക്കടകളില്‍ കെട്ടിക്കിടക്കുന്നത് 40 കോടിയോളം രൂപയുടെ പടക്കങ്ങള്‍. വിഷുവിപണി ലക്ഷ്യമിട്ട് കച്ചവടത്തിനായി കൊണ്ടുവന്ന പടക്കമാണിത്. പടക്കക്കച്ചവടത്തെ മാത്രം ആശ്രമയിച്ച് മുന്നോട്ട് പോകുന്ന ചെറുകിട ഡീലര്‍മാര്‍ ഒരു വര്‍ഷം പിടിച്ച് നില്‍ക്കുന്നത് വിഷു സമയത്തുള്ള വില്‍പ്പനയിലൂടെയാണ്. ലോക്ഡൗണ്‍ ഉണ്ടെങ്കിലും പടക്ക വ്യാപാരത്തിന് നിയന്ത്രിതമായ ഇളവുകള്‍ കച്ചവടക്കാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ കച്ചവടം ഒട്ടും നടക്കാത്ത അവസ്ഥയായി.
ഉയര്‍ന്ന പലിശയ്ക്ക് വായ്പയെടുത്താണ് മിക്കവരും കച്ചവടത്തിന് പണം കണ്ടെത്തുന്നത്. പ്രധാനമായും തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തില്‍ പടക്കമെത്തിക്കുന്നത്. വലിയ കമ്പനികള്‍ നിശ്ചിത ശതമാനം പടക്കം തിരികെയെടുക്കാമെന്ന് ധാരണയിലെത്തിയിട്ടുണ്ടെങ്കിലും ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ഇപ്പോള്‍ അതും സാധ്യമല്ല. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് പടക്കം തിരികെയെത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്നാണ് ഡീലര്‍മാര്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ കമ്പനികള്‍ക്ക് പടക്കം തിരികെ നല്‍കാനുള്ള സാഹചര്യമുണ്ടായാലും കോടികളുടെ ബാധ്യതയാണ് കച്ചവടക്കാരെ കാത്തിരിക്കുന്നത്. കാരണം 18 ശതമാനം ജിഎസ്ടി, മൂന്ന് ശതമാനം പാക്കിങ് ചാര്‍ജ്, ഇന്‍ഷുറന്‍സ് ചാര്‍ജ്, ട്രാന്സ്പോര്ട്ടേഷന്, കയറ്റിറക്ക് തുടങ്ങിയ ചെലവുകള്‍ തുടങ്ങി മൊത്തം വിലയുടെ 35 ശതമാനത്തോളം ആര് വഹിക്കുമെന്നതിന് കമ്പനികള്‍ക്കോ ചെറുകിട കച്ചവടക്കാര്‍ക്കോ ഉത്തരമില്ല. കോടികളുടെ ബാധ്യത നിലനില്‍ക്കെ ഡീലര്‍മാര്‍ക്ക് വാടക പോലും നല്കാന് സാധിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
ചെറുതും വലുതുമായ ആയിരക്കണക്കിന് കച്ചവടക്കാരെ നേരിട്ട് ബാധിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഫയര്‍ വര്‍ക്സ് ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് കെ.പി. രാജീവന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: