തിരുവനന്തപുരം: ഇന്നലെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ഒരാളില്‍ മാത്രം. ലോക്ഡൗണ്‍ കൃത്യമായി പാലിച്ചതോടെ നിരീക്ഷണ പട്ടികയിലുള്ളവരുടെ എണ്ണം 97,464ആയി ചുരുങ്ങി. രോഗവ്യാപനം ശക്തമായിരുന്നപ്പോള്‍ ഇത് 1.79 ലക്ഷം കടന്നിരുന്നു.
ഇന്നലെ രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇയാളും നിരീക്ഷണപട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം നടന്നിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇന്നലെ ഏഴ് പേര്‍കൂടി രോഗമുക്തരായി. കാസര്‍കോട് 4, കോഴിക്കോട് -2, കൊല്ലത്ത് ഒരാള്‍ വീതമാണ് രോഗമുക്തരായത്.
രോഗം ബാധിച്ച 387 പേരില്‍ 218 പേര്‍ക്ക് രോഗം ഭേദമായി. രോഗം പിടിപെട്ടവരില്‍ 264 പേരും വിദേശത്ത് നിന്നോ ഇതര സംസ്ഥാനത്ത് നിന്നോ എത്തിയവരാണ്. 114 പേര്‍ക്ക് രോഗ പകര്‍ച്ചയുണ്ടായത് സമ്പര്‍ക്കത്തിലൂടെയും. വിദേശികളായവരില്‍ രോഗം കണ്ടെത്തിയത് എട്ടുപേരിലാണ്. രോഗബാധിതരായ മുഴുവന്‍ വിദേശികളും സുഖം പ്രാപിച്ചു. ആലപ്പുഴ-5, എറണാകുളം-21, ഇടുക്കി-10, കണ്ണൂര്‍-80, കാസര്‍കോട്-167, കൊല്ലം-9, കോട്ടയം-3, കോഴിക്കോട്-16, മലപ്പുറം-21, പാലക്കാട്-8, പത്തനംതിട്ട-17, തിരുവനന്തപുരം-14, തൃശൂര്‍-13, വയനാട്-3 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
ആശ്വസിക്കാനായിട്ടില്ല: മുന്നറിയിപ്പു നല്കി മുഖ്യമന്ത്രി; കേന്ദ്ര തീരുമാനം ശരിയായ നടപടി
തിരുവനന്തപുരം: രോഗബാധിതരുടെ എണ്ണത്തിലെ കുറവില്‍ വൈറസ് വ്യാപനം സംബന്ധിച്ച് ആശ്വസിക്കാനായിട്ടില്ലെന്നും സ്ഥിതി ഏത് നിമിഷവും കൈവിട്ടുപോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ജാഗ്രതയിലും നിയന്ത്രണത്തിലും കുറവ് വരുത്തിയാല്‍ രോഗം സമൂഹവ്യാപനത്തിലേക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി ലോക്ഡൗണ്‍ നീട്ടിയ കേന്ദ്ര തീരുമാനം ശരിയായ നടപടിയാണ്. അതിനെ സ്വാഗതം ചെയ്യുന്നു. കേന്ദ്രത്തിന്റെ തീരുമാനം അനുസരിച്ച് മാത്രമേ സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യത്തിലുള്ള ഇളവുകള്‍ ഉണ്ടാകൂ. ഇക്കാര്യങ്ങള്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. രോഗപരിശോധന കൂടുതല്‍ വേഗത്തിലാക്കും. വിദേശത്ത് നിരീക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. യുഎഇയില്‍ ബര്ഡാനില് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ സഹകരണത്തോടെ നിരീക്ഷണ കേന്ദ്രത്തിനായി കെട്ടിടം കണ്ടെത്തി. നോര്‍ക്കയും നിരീക്ഷിക്കുണ്ട്. ഗള്‍ഫിലേക്ക് മരുന്നുകള്‍ എത്തിക്കുന്നതിന് കേന്ദ്രീകൃത സംവിധാനം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: