വാഷിങ്ടന്‍: കൊറോണ(കൊവിഡ് 19) ബാധയെ തുടര്‍ന്ന് 23000ത്തിലേറെ മരിച്ച അമേരിക്കയില്‍ ലോക്ക്ഡൗണ്‍ ഒരു തവണ മാത്രം പോരെന്നും സാമൂഹിക അകലം 2022 വരെ നടപ്പാക്കണമെന്നും ഹാര്‍വഡ് സര്‍വകലാശാലയിലെ ഗവേഷകര്‍. കൊവിഡ് രോഗികള്‍ അമേരിക്കയില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഹാര്‍വഡ് സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട്.
സാര്‍സ് കോവ്2 വൈറസ് യുഎസിലെ ക്രിട്ടിക്കല്‍ കെയര്‍ ശേഷിയുടെ പരിധിയില്‍ ഒതുങ്ങുമോ എന്നു വ്യക്തമായിട്ടില്ല. അതുകൊണ്ടുതന്നെ ഒരുതവണ മാത്രം അകലംപാലിക്കല്‍ നടപടികള്‍ ഏര്‍പ്പെടുത്തിയാല്‍ പോരെന്ന് മുഖ്യ ഗവേഷകന് സ്റ്റീഫന്‍ കിസ്ലര്‍ പറഞ്ഞു. മറ്റ് ചികിത്സകളെക്കാള്‍ അത്യാവശ്യമായത് അകലം പാലിക്കല്‍ കാലഘട്ടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചികിത്സയും വാക്സിനുകളും കണ്ടെത്തിയാല്‍ ലോക്ഡൗണില്‍ ഇളവു കൊണ്ടുവരാം. ഇതു നടപ്പാക്കുന്നതുവരെ അകലംപാലിക്കല്‍ തുടര്‍ന്നില്ലെങ്കില്‍ രോഗികള്‍ വര്‍ധിക്കും. ആശുപത്രികളുടെ ശേഷി ഈ സമയം വര്‍ധിപ്പിക്കണമെന്നും ഗവേഷകര്‍ പറയുന്നു.
കൊറോണ രോഗം കാലികമാണെന്നും ജലദോഷം പോലുള്ള രോഗാവസ്ഥകള്‍ തണുപ്പുള്ള മാസങ്ങളില്‍ ഉണ്ടായേക്കാമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. രോഗമുക്തി നേടിയ ആളുടെ രോഗപ്രതിരോധശേഷി എത്രനാള്‍ നീണ്ടുനില്‍ക്കുമെന്നും എത്രത്തോളം ശക്തമാണെന്നും കണ്ടെത്താന്‍ കഴിയാത്തത് പഠനത്തിന്റെ ന്യൂനതയാണെന്നും സംഘം പറയുന്നു. ഒരു വര്‍ഷം വരെയെങ്കിലും പ്രതിരോധശേഷി നീണ്ടുനിന്നേക്കാമെന്നാണ് ഇപ്പോള്‍ ഊഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: