രാജ്യത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ സമാഹരിക്കുന്നതിനായി തുടക്കമിട്ട ‘ഭാരത് പഠേ ഓണ്‍ലൈന്‍’ പ്രചരണപരിപാടിക്ക് വന്‍ സ്വീകാര്യത. പരിപാടി ആരംഭിച്ച് മൂന്നു ദിവസത്തിനുള്ളില്‍തന്നെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് ട്വിറ്ററിലും ഇ-മെയിലിലും ലഭിച്ചത് 3700ലേറെ അഭിപ്രായങ്ങളാണ്. കേന്ദ്ര മാനവവിഭശേഷിവികസന വകുപ്പ് മന്ത്രി ശ്രീ രമേശ് പോഖ്രിയാല്‍ നിഷാങ്ക് ആണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പ്രചരണപരിപാടിക്ക് ഇക്കഴിഞ്ഞ ഏപ്രില്‍ 10 ന് ന്യൂദല്‍ഹിയില്‍ തുടക്കം കുറിച്ചത്.
പ്രചാരണപരിപാടിക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി പേരാണ് ഈ സംരംഭത്തിന്റെ പേരില്‍ മാനവ വിഭവശേഷി വികസന മന്ത്രാലയത്തെ അഭിനന്ദിച്ചത്. കൂടാതെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും മന്ത്രാലയത്തിന് ജനങ്ങൾ നന്ദി അറിയിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ പരിപാടി വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ട്വിറ്ററിലും ട്രെൻഡിങ്ങിൽ ആദ്യ പത്തിൽ ഇന്ന് സ്ഥാനം പിടിച്ചു .
ഇന്ത്യയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ സമാഹരിക്കുന്നതിനാണ് ഒരാഴ്ച നീളുന്ന പ്രചാരണ പരിപാടിക്ക് തുടക്കമിട്ടത്. പരിപാടിയിലൂടെ ശുപാര്‍ശകള്‍ സമാഹരിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. രാജ്യത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേരിടുന്ന തടസങ്ങള്‍ പരിഹരിക്കുക എന്നതിനൊപ്പം നിലവിലെ ഡിജിറ്റല്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നതും പരിപാടിയുടെ ലക്ഷ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: