തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഇക്കൊല്ലത്തെ തൃശൂര്‍ പൂരം ഉപേക്ഷിച്ചു., ചടങ്ങായി പോലും പൂരം നടത്തേണ്ടതില്ലെന്നാണ് ഇന്ന് രാവിലെ തൃശൂരില്‍ ചേരുന്ന മന്ത്രിതല യോഗത്തില്‍ ഏകകണ്ഠമായി തീരുമാനിച്ചു. ജില്ലയിലെ മന്ത്രിമാരായ എ.സി മൊയ്തീന്, വി.എസ് സുനില്‍ കുമാര്‍, സി.രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ദേവസ്വം പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. മെയ് 2 നാണ് തൃശൂര്‍ പൂരം നടക്കേണ്ടത്. പൂരത്തിന്റെ ഭാഗമായുള്ള ഒരു ചടങ്ങുകളും ഇത്തവണ ഉണ്ടാകില്ല. പൂജകള്‍ക്ക് അഞ്ചു പേരെ മാത്രം ക്ഷേത്രത്തില്‍ അനുവദിക്കും. പതിവുപൂജകള്‍ തടസമില്ലാതെ നടക്കും. പ്രത്യേക പൂജകളും ആവശ്യമെങ്കില്‍ നടക്കും. ആറാട്ടുപുഴ പൂരവും ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ജനങ്ങളോടുള്ള കടമയുടെ ഭാഗമായാണ് പൂരം ഉപേക്ഷിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍.
കൊച്ചി രാജാവായിരുന്ന ശക്തന് തമ്പുരാന് തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിന് ഏകദേശം 200 വര്‍ഷത്തെ ചരിത്രമുണ്ട്. ആനകളെ അണിനിരത്തി പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യവും ആനപ്പുറത്തെ കുടമാറ്റവും വെടിക്കെട്ടും ഉള്‍പ്പെടുന്നതാണ് പൂരം.
ലോക്ക് ഡൗണ്‍ നീട്ടിയതോടെ പൂരത്തിന്റെ ഒരുക്കങ്ങളെല്ലാം പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഒരു ആനയുടെ പുറത്ത് എഴുന്നള്ളിപ്പും പേരിന് മാത്രം മേളവുമായി നടത്താനായിരുന്നു നേരത്തെയുളള തീരുമാനം. ഇത് പോലും വേണ്ടെന്നാണ് ഇപ്പോള്‍ ധാരണയിലെത്തിയിരിക്കുന്നത്.
ആദ്യമായാണ് പൂരം പൂര്‍ണമായി ഉപേക്ഷിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ മരണസമയത്തും 1962ലെ ഇന്തോ ചൈന യുദ്ധകാലത്തുമാണ് ഇതുവരെ പൂരം പേരിനു മാത്രമായി നടത്തിയിരുന്നു. ഏപ്രില്‍ ഒന്നിന് നടക്കാനിരുന്ന രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പൂരം എക്സിബിഷന് അടക്കം പൂരവുമായി ബന്ധപ്പെട്ടുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോര്‍ഡ് നേരത്തെ വേണ്ടെന്നു വച്ചിരുന്നു. തേക്കിന്‍കാട് മൈതാനത്ത് വടക്കുംനാഥന് ക്ഷേത്രത്തിന് സമീപം നടത്തുന്ന ഏറ്റവും വലിയ വ്യാപാര മേളകളിലൊന്നായ പൂരം എക്സിബിഷനില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് പൂരം നടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: