ന്യൂദല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന് കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ജനങ്ങളില്‍ എത്തിക്കാനും ലക്ഷ്യമിടുന്ന പോര്‍ട്ടലായ ‘യുക്തി’ (യങ് ഇന്ത്യ കോംബാറ്റിങ് കോവിഡ് വിത്ത് നോളജ്, ടെക്നോളജി ആന്‍ഡ് ഇന്നവേഷന്‍)കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് ഉദ്ഘാടനം ചെയ്തു. വൈറസ് ഭീഷണിയുടെ വ്യാപ്തിയേയും വ്യാപനത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും ജനങ്ങളില്‍ എത്തിക്കാനുമുള്ള സമഗ്രമായ പ്ലാറ്റ്ഫോമാണ് പോര്‍ട്ടല്‍. കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ അക്കാദമിക് സമൂഹത്തെ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരാക്കി സൂക്ഷിക്കുകയാണ് പോര്‍ട്ടലിന്റെ പ്രാഥമിക ലക്ഷ്യമെന്ന് ഉദ്ഘാടന വേളയില്‍ മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, കൊറോണയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍, വിവിധ സ്ഥാപനങ്ങളുടെ കീഴില്‍ വിദ്യാര്‍ഥികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് നടക്കുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ പോര്‍ട്ടല്‍ ജനങ്ങളില്‍ എത്തിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പോര്‍ട്ടല്‍ ഗുണപരവും ആവശ്യത്തിന് അനുസൃതവുമായ മാനദണ്ഡങ്ങള്‍ ലഭ്യമാക്കും. കൊറോണ പോലുള്ള ദുരന്തങ്ങളേയും ഭാവിയില്‍ സംഭവിക്കാനിടയുള്ള കാര്യങ്ങളേയും നേരിടാന്‍ വിവിധ സ്ഥാപനങ്ങള്‍ രൂപപ്പെടുത്തുന്ന ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള അവസരവും പോര്‍ട്ടല്‍ നല്‍കും. ഭാവിയില്‍ ഇതുമായി ബന്ധപ്പെട്ട് മികച്ച പദ്ധതികള്‍ക്കുള്ള ആശയങ്ങള്‍ നല്കാന് ഈ പോര്‍ട്ടലിന് കഴിയുമെന്നും രമേഷ് പൊഖ്രിയാല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: