കൊല്ലം: ബൈക്കിലും സ്കൂട്ടറിലും പഴയതുപോലെ സൈക്കിളിലും. കൊച്ചുവെളുപ്പാന്‍കാലത്ത് തുടങ്ങുന്നതാണ് പണി. വണ്ടിയിലിരുന്നുതന്നെ പത്രം കറക്കി എറിയുന്നതിന്റെ ആനന്ദം. അത് കൃത്യം വീടിന്റെ പടിക്കെട്ടില്‍ ചെന്നു വീഴുമെന്ന ആത്മവിശ്വാസം. വര്‍ത്തമാന പത്രം പ്രതീക്ഷിച്ചിരിക്കുന്നവരെത്ര പേരാണെന്ന കരുതല്‍.
പത്രവിതരണക്കാര്‍ കേരളത്തിന് പ്രിയപ്പെട്ടവരാകുന്നതിന്റെ കാരണങ്ങള്‍ പലതാണ്. എന്നിട്ടും ഈ കൊറോണക്കാലത്ത് ചിലരെങ്കിലും ഞങ്ങളെ ഭയന്നു എന്നത് വിഷമിപ്പിച്ചെന്ന് കൊല്ലത്തുകാരന് സുരേഷ് പറയുന്നു.
കൊറോണയുടെ തുടക്കമായിരുന്നു. പത്രം വൈറസിനു വാസയോഗ്യമായ ഇടമാണ്, പല കൈമറിഞ്ഞുവരുന്ന പത്രത്തിലൂടെ കൊറോണ പകരും എന്നൊക്കെയാണ് ആളുകള്‍ പ്രചരിപ്പിച്ചത്. പത്രം വേണ്ടെന്ന് പറഞ്ഞവര്‍, പത്രം ഇടണ്ട, വരിസംഖ്യ എത്തിച്ചോളാം എന്ന് കതകിന് പാതി മറഞ്ഞുനിന്ന് പറഞ്ഞവര്‍… പ്രതിസന്ധിയല്ല വിഷമമായിരുന്നു അത്. ഒരിക്കല്‍ കാത്തുനിന്നവര്‍ ഇപ്പോള്‍ ഭയന്ന് മാറുന്നതിന്റെ സങ്കടമായിരുന്നു പത്ര ഏജന്റുമാര്‍ക്ക്.
വാര്‍ത്തകള്‍ മാത്രമല്ല പത്രങ്ങള്‍ ഇക്കാലത്ത് എത്തിക്കുന്നതെന്ന ബോധ്യത്തില്‍ തന്നെയാണ് വിതരണക്കാരെ സജ്ജരാക്കി റൂട്ടില്‍ അയയ്ക്കുന്നതെന്ന് ഏജന്റുമാരുടെ പ്രതിനിധി കൂടിയായ സുരേഷ് ചൂണ്ടിക്കാട്ടുന്നു. കൊറോണക്കാലത്ത് ഓരോ പത്രവും മുന്‍കരുതലുകള്‍ പകരുന്നതാണെന്ന ബോധ്യം ഏജന്റുമാര്ക്കുമുണ്ടായിരുന്നു. അതുകൊണ്ടാണ് ഒരു ദിവസം പോലും മുടങ്ങാതെ കൊച്ചുവെളുപ്പാന്‍കാലത്ത് സൈക്കിള്‍ ചവിട്ടിയും പത്രം കറക്കിയെറിഞ്ഞും വൈറസിനെതിരായ ചെറുത്തു നില്പ്പിന്റേയും അതിജീവനത്തിന്റേയും ഭാഗമായത്.
ജന്മഭൂമിയടക്കമുള്ള പത്രങ്ങള്‍ മാസ്കും കൈയുറകളും നല്‍കിയത് ജനങ്ങളുടെ ഭീതിമാറ്റാന്‍ സഹായിച്ചു. എന്നാലും സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന കുപ്രചാരണം പല പത്രങ്ങളും കുറയാനിടയാക്കി. പത്രവിതരണത്തിനിടയില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റങ്ങളും വേദനയായി.
പത്രവിതരണം ചെയ്യുന്ന ചെറുപ്പക്കാരെയും വിദ്യാര്‍ഥികളെയും പല സ്ഥലങ്ങളിലും ലോക്ഡൗണ്‍ ദിനങ്ങളില്‍ ഒരുവിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ തടയുകയും വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോ
കുകയും ചെയ്തു. ഏജന്റുമാരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതിനും അവകാശങ്ങള്‍ ചോദിച്ചുവാങ്ങിക്കുന്നതിനും പഴയതുപോലെ ഇപ്പോള്‍ സംവിധാനമില്ല. ചിലര്‍ പരാതികളുമായി മുഖ്യമന്ത്രിയെ തേടിപ്പോയിരുന്നു.
അത് പരാതിയില്‍ ഒതുങ്ങി. അതിരാവിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തുന്ന പത്ര ഏജന്റുമാരുടെ കൂട്ടം ചേരലാണ് ഇപ്പോഴുള്ള സംഘടന. കുശലം പറഞ്ഞും പ്രശ്നങ്ങള്‍ പങ്കുവെച്ചും അവര്‍ പതിവുപോലെ പോകും. അതൊരു ശീലമാണ്. പത്രം വായിക്കുന്നതു പോലെ ഒരു ശീലം. പ്രളയം വന്നാലും കൊറോണ വന്നാലും ആരൊക്കെ വിലക്കിയാലും ലോക്ഡൗണില്ലാതെ ഒരു ശീലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: