ന്യൂദല്‍ഹി: സമ്പൂര്‍ണ അടച്ചിടല്‍ നീണ്ടാലും ജനങ്ങളുടെ അന്നത്തിന് മുട്ടുണ്ടാവില്ലെന്നും ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളുടെ ശേഖരമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. 81 കോടി ഉപഭോക്താക്കള്‍ക്ക് പൊതുവിതരണ കേന്ദ്രം വഴി ഒന്‍പതു മാസം നല്‍കാനുള്ള ഭക്ഷ്യധാന്യങ്ങള്‍ കരുതലുണ്ടെന്ന് കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന് അറിയിച്ചു. 534.78 ലക്ഷം മെട്രിക് ടണ്‍ അരിയും ഗോതമ്പും ശേഖരത്തിലുണ്ട്. ഒരു മാസം 60 ലക്ഷം മെട്രിക് ടണ്‍ മതി.
ഇതിനു പുറമേ സുരക്ഷാ സ്റ്റോറുകള്‍ എന്ന പേരില്‍, രാജ്യമൊട്ടാകെ 20 ലക്ഷം ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ തുറക്കും. കടുത്ത സുരക്ഷാചട്ടങ്ങള്‍ പാലിച്ച് അവശ്യവസ്തുക്കള്‍ യഥേഷ്ടം ലഭ്യമാക്കുകയാണ് സുരക്ഷാ സ്റ്റോറുകളുടെ ലക്ഷ്യം.
അവശ്യവസ്തുക്കളുടെ നീക്കം അഭ്യന്തര മന്ത്രാലയം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഉപഭോക്തൃ മന്ത്രാലയവും റെയില്‍വേയും സംയോജിച്ചാണ് ചരക്ക് നീക്കം നടത്തുന്നത്.
ജനങ്ങളുടെ സാമ്പത്തിക പ്രശ്നം ഒരു പരിധി വരെ കുറയ്ക്കാനുള്ള നടപടികളും കേന്ദ്രം കൈക്കൊണ്ടു വരികയാണ്.ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി 20 കോടിയിലേറെ സ്ത്രീകളുടെ അക്കൗണ്ടുകളില്‍ 500 രൂപ വച്ച് നല്‍കിക്കഴിഞ്ഞു. കര്‍ഷകരുടെ അക്കൗണ്ടുകളില്‍ ആദ്യ ഗഡുവായ രണ്ടായിരം രൂപ നിക്ഷേപിച്ചു കഴിഞ്ഞു.
അതിനിടെ കൊറോണ വ്യാപനം കൂടിയാല്‍ വേണ്ട സൗകര്യങ്ങളും കേന്ദ്രം മുന്‍കരുതലായി ഒരുക്കിക്കഴിഞ്ഞു. എയിംസ്, നിംഹാന്‍സ് എന്നിവയടക്കം 14 വലിയ സ്ഥാപനങ്ങളെയാണ് മെഡിക്കല്‍ കോളേജുകളുടെ ഏകോപനം ഏല്‍പ്പിച്ചിരിക്കുന്നത്. ഒപ്പം രോഗ പരിശോധനാ സൗകര്യങ്ങളും വര്‍ധിപ്പിച്ചുവരികയാണ്. 20,000 റെയില്‍വേ കോച്ചുകളാണ് ഐസൊേലഷന് മുറികളാക്കുന്നത്. നിലവിലെ സാഹചര്യമനുസരിച്ച് 1671 ഐസൊലേഷന്‍ കിടക്കകള്‍ മതി. എന്നാല്‍ 1.05 ലക്ഷം ഐസൊലേഷന്‍ മുറികളാണ് കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. ഇതരരാജ്യങ്ങളുടെ അഭ്യര്‍ഥന കണക്കിലെടുത്ത് 13 രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന് അടിന്തരമായി എത്തിക്കാന്‍ കേന്ദ്ര മന്ത്രിതലസമിതി ആരോഗ്യമന്ത്രാലയത്തിന് അനുമതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: