‘എന്തെന്നറിയില്ല, ഇത്തവണ കൊന്ന പൂത്തില്ല, മുമ്പൊരിക്കലും ഇങ്ങനെ കണ്ടിട്ടില്ല.’ ഒരു പൂ പോലും തരാതെ തൊടിയിലെ കണിക്കൊന്ന പതിവു മുടക്കിയതിന്റെ ആധിയിലാണ് മലയാളത്തിന്റെ പ്രിയ കഥാകാരി പി. വത്സല. സര്‍വനാശം വിതച്ചെത്തിയ മഹാമാരി കണ്ടിട്ടാവാം കൊന്ന പൂക്കാത്തത്. അല്ലാതെ അങ്ങനെ വരില്ല. കൊന്ന മാത്രമല്ല ഞാനും മറന്നു പലതും.
വിഷു വന്ന് പടിക്കലെത്തിയിട്ടും അക്കാര്യം മറന്നുപോകുന്നു. കണിവയ്ക്കണം, അത്രമാത്രം. ഏതായാലും സദ്യയും പടക്കവും പൂത്തിരിയുമൊന്നും ഇക്കുറിയില്ല. കുട്ടികള്‍ക്കും വരാന്‍ പറ്റില്ല. കോഴിക്കോട് വെള്ളിമാടുകുന്നിലെ വീട്ടില്‍ ടീച്ചറും ഭര്‍ത്താവും വിഷുവിന് ഇത്തവണ തനിച്ചാണ്. അതില്‍ സങ്കടമില്ല. പരാതിയും. ആഘോഷമല്ലല്ലോ വലുത്, ആപത്ത് അകലട്ടെയെന്നാണ് പ്രാര്‍ഥന.
നമ്മുടെ ആള്‍ക്കാര്‍ക്ക് പല കാര്യങ്ങളിലും അച്ചടക്കം കുറവാണ്. അരുതെന്ന് പറയുന്നത് അനുസരിക്കാനുള്ള ബുദ്ധിമുട്ട്. കല്യാണമായാലും ഉത്സവമായാലും ഉറ്റവരും ഉടയവരുമൊക്കെ ഒത്തുചേരും. അതു വേണം. അതാണ് നമ്മുടെ പാരമ്പര്യം. എന്നു കരുതി വീട്ടിലിരിക്കേണ്ട അവസ്ഥ വന്നാല്‍ അത് പാലിക്കേണ്ടേ? വന്നു വന്ന് കാര്യങ്ങള്‍ ഇത്രത്തോളമെത്തി. എന്റെ ഓര്‍മയില്‍ പോലുമില്ല ഇത്രയും ഭീതി പരത്തി ഒരു മാറാവ്യാധിയെത്തിയ കാലം. കുട്ടിക്കാലത്ത് ഏറെ ഭയപ്പെടുത്തിയിരുന്നത് വസൂരിയാണ്. അന്നത്തെ തലമുറ പക്ഷേ അത് എത്ര ഭംഗിയായാണ് കൈകാര്യം ചെയ്തത്.
മാലൂര്‍ കുന്നിലെ ഒറ്റമുറി പുര
അന്നൊക്കെ പഴനിക്ക് പോയി വരുന്നവരില്‍ പലര്‍ക്കും വസൂരി ബാധിച്ചിരിക്കും. അസുഖം പിടിപെട്ടാല്‍ ഇവിടെയുള്ള മാലൂര്കുന്നിലേക്കാണ് കൊണ്ടു പോകുക. കുന്നിനു മുകളില്‍ ഒരു ഒറ്റമുറി പുരയുണ്ടായിരുന്നു. അവരെ അവിടെ പാര്‍പ്പിക്കും. പ്രായമായൊരു സ്ത്രീയുണ്ടായിരുന്നു നോക്കാനും മരുന്നു കൊടുക്കാനും. ചിലരൊക്കെ അസുഖം മാറിയെത്തും. അല്ലാത്തവര്‍ക്ക് മരണം. അത്ഭുതം അതൊന്നുമല്ല, ഇത്രയേറെ ആളുകളെ പരിചരിച്ചിട്ടും ആ സ്ത്രീക്ക് വസൂരി ബാധിച്ചിരുന്നില്ല. വസൂരി വന്നല്ല അവര്‍ മരിച്ചതും. പഴമയുടെ അച്ചടക്കവും കരുതലും എത്രയെന്ന് ടീച്ചര്‍ ഓര്‍മപ്പെടുത്തുകയാണ്.
കൊറോണയുടെ ആധിപത്യം നമ്മള് വകവെച്ചു കൊടുക്കരുതെന്ന് പറയുമ്പോഴും ഇടയ്ക്കിടെ വാക്കുകള്‍ ഓടിപ്പോകുന്നു ഓര്‍മകളുടെ ഒാട്ടുരുളി മിനുക്കാന്‍. ഇവിടെ ഈ വളപ്പിനകത്താണ് ഞങ്ങള്‍ അഞ്ചു സഹോദരങ്ങളും വീടുവെച്ചത്. ആഘോഷങ്ങളെല്ലാം ഒരുമിച്ച്. വിഷുവിന് എല്ലാവരും കണിവയ്ക്കും. പക്ഷേ സദ്യ അഞ്ചില്‍ ഏതെങ്കിലും ഒരു വീട്ടില്‍. മലബാറുകാര്‍ക്ക് ഓണത്തേക്കാള് പ്രിയപ്പെട്ടതാണല്ലോ വിഷു. കൈനീട്ടവും കോടിയും പടക്കം പൊട്ടിക്കലുമെല്ലാമായി തിമിര്‍ത്ത് ആഘോഷം. കുട്ടിക്കാലത്തും കുട്ടികള്ക്കൊത്തുള്ള കാലത്തും അതിനൊരു മാറ്റവുമില്ല. ഇത്തവണ കണിവെള്ളരിക്കു പോലും പരിചയക്കാരെ ആശ്രയിക്കേണ്ടിവരും.
വിഷു അടുത്താല്‍ ചന്തയിലെത്തുന്ന കാര്‍ഷിക വിഭവങ്ങള്‍ക്ക് കൈയും കണക്കുമില്ലായിരുന്നു. ഈ വിഷുവിന് കര്‍ഷകരുടെ കാര്യമോര്ത്താല് കഷ്ടം തോന്നുന്നു.
കൊറോണ ആ യാത്രയും മുടക്കി
രണ്ടുമക്കളാണ് ടീച്ചര്‍ക്ക്. അമേരിക്കയിലുള്ള മകനും കുടുംബവും വിഷുവിന് വരുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ കൊറോണ വഴിമുടക്കി. അതെന്തെങ്കിലുമാകട്ടെ. അവര്‍ സുരക്ഷിതരാണ് എന്നതിലാണ് ടീച്ചര്‍ക്ക് ആശ്വാസം. മകള്‍ ഡോക്ടറാണ്. മുക്കത്താണ് വീട്. ഒരുപാട് ദൂരെയല്ലെങ്കിലും അവര്‍ക്കും വരാനാകില്ലോ.
വിഷുവും കൊറോണയും പറഞ്ഞു തീര്‍ന്നപ്പോഴേക്കും വര്‍ത്തമാനം എഴുത്തിന്റെ തിരുനെല്ലിക്കാടു കയറി. തിരുനെല്ലിയില്‍ അച്ഛന് പണിത വേനല്‍ക്കാല വസതിയാണ് ടീച്ചറുടെ എഴുത്തു പുര. വേനലില്‍ അങ്ങോട്ടൊരു യാത്ര പതിവുണ്ട്. വിഷുവിന് അടുപ്പിച്ചാണ് തിരുനെല്ലി ക്ഷേത്രത്തിലെ ഉത്സവം. അവിടേക്ക് കുടകര്‍ കൂട്ടമായെത്തും. അങ്ങനെയങ്ങനെ എഴുത്തിന് ഊര്‍ജം പകര്‍ന്ന് എത്രയോ കാഴ്ചകള്‍. കൊറോണ ആ യാത്രയും മുടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: