തൃശൂര്‍: കക്ക വാരല്‍ തൊഴിലാളികള്‍ക്ക് ഇക്കുറി വറുതിയുടെ ദുരിതകാലം.പുഴകളില്‍ നിന്ന് വാരിയെടുത്തിരുന്ന കക്കയ്ക്ക് ദൗര്‍ലഭ്യം നേരിട്ടതിനൊപ്പം ലോക്ക്ഡൗണും തിരിച്ചടിയായി. ഉള്‍നാടന്‍ ജലാശയങ്ങളെ ആശ്രയിച്ചാണ് തൊഴിലാളികള്‍ പ്രധാനമായും കക്ക വാരിയിരുന്നത്. പുഴകള്‍ കേന്ദ്രീകരിച്ചു നിരവധി പേര്‍ കക്ക വാരുന്നുണ്ട്.
കഴിഞ്ഞ പ്രളയത്തെ തുടര്‍ന്ന് കക്കയ്‌ക്ക് വന്‍ തോതില്‍ ലഭ്യതകുറവ് അനുഭവപ്പെട്ടിരുന്നു. ഉപ്പു വെള്ളം പുഴയിലേക്ക് ഒഴുകി എത്തിയാല്‍ സമൃദ്ധമായി കക്ക ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണ വളരെ കുറച്ച് മാത്രമേ ലഭിച്ചുള്ളൂവെന്ന് തൊഴിലാളികള്‍ പറയുന്നു. മുളങ്കൊട്ട വെള്ളത്തില്‍ ഇറക്കി അതില്‍ കയറി നിന്നാണ് കക്ക വാരല്‍. സ്ത്രീകള്‍ അടക്കം നിരവധി പേര്‍ ഈ തൊഴില്‍ ചെയ്യുന്നുണ്ട്. വേലിയേറ്റ സമയം ഒഴിവാക്കി രാവിലെയാണ് കക്ക വാരല്‍ തുടങ്ങുക.
ആദ്യ കാലങ്ങളില്‍ യഥേഷ്ടം ലഭിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ തീരെ കുറച്ചു മാത്രമേ കിട്ടുന്നുള്ളൂവെന്നു തൊഴിലാളികള്‍ പറയുന്നു. ലഭിക്കുന്നത് വീടിനു സമീപത്തു തന്നെ വില്‍ക്കുകയാണിപ്പോള്‍. വാരിയെടുക്കുന്ന കക്ക ആദ്യം വലിയ പാത്രത്തിലിട്ട് പുഴുങ്ങി എടുക്കും. പിന്നീട് മുറത്തിലിട്ട് ഇറച്ചിയും തൊണ്ടും വേര്‍തിരിക്കും. ഒരു കിലോ കക്ക ഇറച്ചിക്ക് 200-250 രൂപ വരെ ലഭിക്കാറുണ്ട്.
കക്ക പുഴുങ്ങിയെടുക്കുമ്പോള്‍ കിട്ടുന്ന വെള്ളം ഉദര രോഗങ്ങള്‍ക്ക് ഉത്തമമാണെന്ന് തൊഴിലാളികള്‍. കക്ക തൊണ്ടിന് ഒരു പാട്ടയ്‌ക്ക് 45 രൂപയും കിട്ടും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഇപ്രാവശ്യം ആവശ്യത്തിന് കക്ക ലഭിക്കാത്തത് തൊഴിലാളികളെ വിഷുക്കാലത്തു വറുതിയിലാക്കിയിരിക്കുകയാണ്. ലോക്ക്ഡൗണ്‍ കാരണം കക്ക ഇറച്ചിക്ക് ഇപ്പോള്‍ കാര്യമായ വില്പനയില്ല. സൗജന്യ റേഷന്‍ കിട്ടിയതിനാല്‍ പട്ടിണി ഇല്ലെന്നു പറയുമ്പോഴും കുടുംബത്തിന്റെ മറ്റ് ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റുമെന്ന ആശങ്കയിലാണ് തൊഴിലാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: