ഇന്ത്യ വളരെ നിര്‍ണായക സമയത്തിലൂടെ കടന്നുപോവുകയാണ്. കൊറോണ വൈറസ് ജീവന് ഭീഷണി ഉയര്‍ത്തുന്ന മഹാവ്യാധിയായി മാറുകയും ഇതേത്തുടര്‍ന്ന് രാജ്യം ലോക്ഡൗണിലൂടെ കടന്നുപോവുകയുമാണ്. ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും പ്രത്യാഘാതമുണ്ടായെങ്കിലും കോവിഡിന് ഇതുവരെ തക്കതായ ചികിത്സ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വലിയ വെല്ലുവിളിയുടെയും ആശങ്കയുടെയും ഉത്കണ്ഠയുടെയും കാലമാണിത്. എങ്കിലും, ഏത് വെല്ലുവിളിയും ഒരു അവസരംകൂടി നല്‍കുന്നുണ്ട്. ഉയര്‍ന്നവരെന്നോ താഴ്ന്നവരെന്നോ ധനികരെന്നോ ദരിദ്രരെന്നോ വംശമെന്നോ ജാതിയെന്നോ ഭേദമില്ലാതെ മാനവികതയെ ആകെത്തന്നെ ബാധിച്ചിരിക്കുന്ന ഈ വെല്ലുവിളി പുതിയ നിശ്ചയദാര്‍ഢ്യവും പ്രതികരണവും ആവശ്യപ്പെടുന്നു. നമ്മുടെ ഭരണഘടനയുടെ ശില്പി എന്നതിലപ്പുറം സാമൂഹിക പരിഷ്കര്‍ത്താവ് കൂടിയായ ബാബാ ഭീംറാവു അംബേദ്കറുടെ ജന്മദിനമാണ് ഏപ്രില്‍ 14.
വെല്ലുവിളി നേരിടേണ്ടിവരുമ്പോഴെല്ലാം രാജ്യത്തിന്റെയും ജനങ്ങളുടെയും ഉള്‍ക്കരുത്ത് വര്‍ധിക്കുന്ന അനന്യസാധാരണമായ പാരമ്പര്യമാണ് ഇന്ത്യയുടേത്. അറുപതുകളില്‍ ഭക്ഷ്യ ക്ഷാമം നേരിട്ടപ്പോള്‍ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കാനുള്ള അന്നത്തെ പ്രധാനമന്തി ശ്രീ. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ അഭ്യര്‍ഥനയോട് രാജ്യമൊന്നാകെ അനുകൂലമായി പ്രതികരിച്ചു. യുദ്ധകാലത്ത് പ്രതിബദ്ധതയും ഐക്യവും സ്വാഭാവികമാണെങ്കിലും ദേശീയ തലത്തിലുള്ള പ്രതിസന്ധി ഉടലെടുക്കുമ്പോള്‍ നേതൃത്വത്തിനു പ്രചോദനം പകരാന്‍ സാധിക്കുന്നപക്ഷം ഇന്ത്യന്‍ ജനത എന്നും അവസരത്തിനൊത്ത് ഉയരാറുണ്ട്.
ജനങ്ങള്‍ തങ്ങളുടെ നേതാവായി തെരഞ്ഞെടുത്ത ജനപ്രിയനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അദ്ദേഹം ഇടയ്ക്കിടെ ഇന്ത്യയിലെ ജനങ്ങളോട് അഭ്യര്‍ഥനകള്‍ നടത്തുകയും ജനങ്ങള്‍ അവസരത്തിനൊത്ത് ഉയരുകയും ചെയ്യാറുണ്ട്. പാചകവാതക സബ്സിഡി സ്വമേധയാ ഉപേക്ഷിക്കാന്‍ എത്ര പേര് തയ്യാറാകുമെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് കോടിക്കണക്കിനുപേര്‍ അനുകൂലമായി പ്രതികരിച്ചപ്പോഴാണ് ഉജ്ജ്വല പദ്ധതി പ്രകാരം ദരിദ്ര വനിതകള്‍ക്ക് പാചക വാതക കണക്ഷന് ലഭ്യമാക്കാന്‍ സാധിച്ചത്. അദ്ദേഹം സ്വച്ഛ് ഭാരത് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ഗ്രാമീണ മേഖലയില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ ജനതയുടെ സ്വമേധയാ ഉള്ള പങ്കാളിത്തം അഭ്യര്‍ഥിച്ചു. അഞ്ചര വര്‍ഷത്തിനിടെ ഗ്രാമങ്ങളില്‍ ഏറ്റവും കൂടുതല്‍ ശൗചാലയങ്ങള്‍ നിര്‍മിക്കാനും എത്രയോ ഗ്രാമ പഞ്ചായത്തുകള്‍ വെളിയിട വിസര്‍ജന മുക്തമാക്കാനും സാധിച്ചു. സത്യഗ്രഹിയില്‍നിന്ന് സ്വച്ഛഗ്രഹിയിലേക്ക് മാറാനുള്ള പ്രധാനമന്ത്രിയുടെ പ്രചോദനാത്മകമായ ആഹ്വാനമുണ്ടായപ്പോള്‍ തങ്ങളുടെ ദൗത്യമായിക്കണ്ട് ഇന്ത്യന്‍ ജനത ശുചിത്വമാര്ന്ന ഇന്ത്യയെന്നത് ദേശീയ ദൗത്യമായി കണക്കാക്കി.
കൊറോണ പ്രതിസന്ധിക്കിടെ ജനതാ കര്‍ഫ്യൂവിനായും കോവിഡ് ബാധിതരെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുമായും പൊതുജനങ്ങള്‍ കൈയടിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. 21 ദിവസം രാജ്യം ലോക്ഡൗണ്‍ ചെയ്യാനുള്ള അസാധാരണമായ നടപടി അദ്ദേഹം കൈക്കൊണ്ടു. അദ്ദേഹത്തിന്റെ ആഹ്വാനത്തിന്മേല് ഈ വെല്ലുവിളി നിറഞ്ഞ നാളുകളില്‍ രാജ്യത്തിന്റെ ഐക്യവും ഊര്‍ജ്ജവും ഉയര്‍ത്തിക്കാട്ടാന്‍ രാജ്യമൊന്നാകെ ദീപം തെളിയിക്കാന്‍ തയാറായി.
കടമയും ചുമതലയും നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണ്. 19-ാം വകുപ്പ് പ്രകാരം സംസാരിക്കാനും സമ്മേളിക്കാനും സഞ്ചരിക്കാനും താമസിക്കാനും മൗലികാവകാശം ഉണ്ട്. എന്നാല്‍, അതേ വകുപ്പില്‍ 19 (2) രാജ്യത്തിന്റെ ഐക്യത്തിനോ അഖണ്ഡതയ്ക്കോ രാജ്യസുരക്ഷയ്ക്കോ പൊതുജീവിതത്തിനോ കോട്ടംതട്ടാത്തവിധം ജീവിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൊതുനന്മയ്ക്കായി ഓരോ ഇന്ത്യക്കാരനും പ്രവര്‍ത്തിക്കണം എന്നതും ഭരണഘടനാപരമായ കടമയാണ്. 51 അ വകുപ്പില്‍ ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ബഹുമാനിക്കുക, ഇന്ത്യയുടെ പരമാധികാരവും ഐക്യവും ഏകീകൃത സ്വഭാവവും സംരക്ഷിക്കുക, രാജ്യത്തെ പരിസ്ഥിതിയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയാണ് പ്രധാനം.
നാം എങ്ങനെയാണ് ഈ ചുമതലകള്‍ നിറവേറ്റുക? വെല്ലുവിളി ഉയരുന്ന ഈ നാളുകളില്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സംഘടിതമായ ഇച്ഛാശക്തി നിലനിര്‍ത്തുന്നതിലൂടെയും ചുമതല നിറവേറ്റുന്നതിലൂടെയും രാജ്യത്തെ ഉയരങ്ങളിലേക്ക് എത്തിക്കാനാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചില സംസ്ഥാന ഗവണ്മെന്റുകളും മുന്നോട്ടുവെക്കുന്ന പദ്ധതികള്‍ ആഗോള തലത്തില്‍ പ്രശംസിക്കപ്പെടുന്നു എന്നത് നമ്മെ സന്തുഷ്ടരാക്കുന്നു.
ഇന്നത്തെ സാഹചര്യത്തില്‍ രാജ്യം എനിക്കെന്ത് നല്കുന്നു എന്നതിനുപകരം രാജ്യത്തിന് എന്ത് നല്കാന് സാധിക്കുമെന്ന് ഓരോ ഇന്ത്യക്കാരനും ചിന്തിക്കണം. 2012ല്‍ രാം ലീല മൈതാന്‍ സംഭവവുമായി ബന്ധപ്പെട്ട് 2012ല്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി പ്രഖ്യാപിച്ച വിധിയില്‍ ഒരു കൈയില്‍ അവകാശവും നിയന്ത്രണവും മറ്റേ കയ്യില്‍ അവകാശവും ചുമതലയും തമ്മില്‍ തുല്യവും ആനുപാതികവും ഉണ്ടായിരിക്കണമെന്ന് ചൂണ്ടിക്കാണിക്കുന്നു. ചുമതലയുടെ പ്രസക്തി പരിഗണിക്കാതെ പൗരന്റെ അവകാശത്തിന്, ആനുപാതികമല്ലാത്ത ഊന്നല്‍ നല്കിയാല് അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടും. അവകാശത്തിലേക്ക് നയിക്കുന്നത് സത്യത്തില്‍ ചുമതലയാണ്. ഇത് ഈ പരീക്ഷണ കാലത്ത് ഓരോ ഇന്ത്യക്കാരനും ഓര്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. തീര്‍ച്ചയായും നാം മറികടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: