നേരം പരാപരാ വെളുത്തതു മുതല്‍ മുറ്റത്തു തെക്കുവടക്കായി നടന്നു ഒരുവിധം തൃപ്തിയായപ്പോള്‍ അകത്തേക്കു കയറി. റോഡിലൂടെ നടന്നാല്‍ പോലീസ് ക്വാറന്റയിനില്‍ ആക്കും. ഒരു കടുത്ത ശിക്ഷയാണേ.
പത്രം നോക്കി കളയാം
കണ്ണട എടുത്തപ്പോഴാണ് അതിന്റെ ഒരു കാല് കാലുവാരിയ കാര്യം ഓര്‍ത്തത്.
പണ്ടേ കാഴ്ച ലേശം കുറവാ.
കണ്ണട രണ്ടു മൂന്നു തവണ മാറി. റിട്ടയര്‍മെന്റിനു മുന്‍പ് സര്‍ക്കാര്‍ ചെലവില്‍ ഒരെണ്ണം തരപ്പെടുത്തി.
ഒരു സാധാരണ ജീവനക്കാരനായതുകൊണ്ടു ജനാധിപത്യ ശ്രീകോവിലിലെ സ്പീക്കറെപ്പോലെ മുന്തിയ ഇനം കിട്ടിയില്ല.
കൊച്ചുമക്കളില്‍ ഒരുത്തന് എടുത്തു തറയില്‍ ഇട്ടതാണ് കാലിലൊന്ന് പോയത്.
മക്കള്‍ രണ്ടാ. അവര്‍ രണ്ടുപേര്‍ക്കും ഈ രണ്ടു വീതം.
ഒരുത്തന്റെ മക്കള്‍ യുകെജിയിലും ഒന്നാം ക്ലാസ്സിലുമായി പഠിക്കുന്നു. അവര്‍ മാതാ കോണ്‍വെന്റിലാ.
അടുത്തവന്റെ മക്കള്‍ അരുണിലും വരുണിലും അവര്‍ സരസ്വതി വിദ്യാ വിഹാറിലാ.
എല്ലാം അസുരവിത്തുകള്‍.
ഇപ്പോള്‍ അവധിക്കാലമല്ലേ.
പോരാത്തതിന് കൊറോണക്കാലത്തെ ജനതാ കര്‍ഫ്യൂവും ദേശീയ ലോക്ക്ഡൗണും.
കണ്ണാടിയുടെ ഒരു കാലിനു പകരം ഒരു ചരടെടുത്തു കെട്ടി ചെവിയില്‍ ചുറ്റിവച്ചു. പഴയ ടെലഗ്രാഫ് കമ്പിപോലെ.
നൂലിന്റെ ചുറ്റഴിക്കുമ്പോള്‍ പ്രശ്നം ഗുരുതരമാകും.
വല്ലതും പറയാന്‍ പറ്റുമോ.
പറഞ്ഞാല്‍ ഒരു കൊറോണ വാര്‍ത്തയാകും.
പത്രം മുഴുവന്‍ കൊറോണാ തന്നെ.
അപ്പഴാ കൊച്ചു മക്കളില്‍ ഒരുത്തന് മൊബൈലും കൊണ്ടു ഓടിവന്നത്.
”അപ്പൂപ്പാ ദേ കണ്ടോ ഒരു എഫ്ബി പോസ്റ്റ്”
”എന്തോന്നാടാ” കാണാന്‍ തക്കവണ്ണം കണ്ണാടി അഡ്ജസ്റ്റ് ചെയ്തുകൊണ്ടുചോദിച്ചു.
”ദേ അപ്പൂപ്പന് നോക്കിക്കേ.” അവന് മൊബൈല്‍ എനിക്കു കാണാന്‍ തക്കവണ്ണം പിടിച്ചു തന്നു.
ടിവി കണ്ടുകൊണ്ടിരുന്ന ഒരുത്തന് കുറച്ചു കഴിഞ്ഞപ്പോള്‍ അതും എടുത്തു പുറത്തേക്ക് നടക്കുന്നു. മുറ്റത്തു കൊണ്ടുവച്ചിട്ട് ഒരു കോടാലികൊണ്ട് ടിവി വെട്ടിക്കീറി തവിടുപൊടിയാക്കുന്നു.
”കൊറോണ. കൊറോണാ” എന്നിങ്ങനെ പിറുപിറുക്കുന്നുമുണ്ട്.
കൊച്ചുമോന് ചിരിച്ചുകൊണ്ട് അകത്തേക്കു പോയി.
”ഒരു കണക്കിന് ശരിയല്ലേ” ഞാന്‍ മനസ്സില്‍ വിചാരിച്ചു.
പത്രത്തിലും എന്താ. എല്ലാം കൊറോണ മയം.
ബാധിച്ചവരെത്ര, ക്വാറന്റയിനില്‍ എത്ര, പോസിറ്റീവ് എത്ര. നെഗറ്റീവ് എത്ര.
ജില്ല സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലത്തിലെത്ര.
മരണമെത്ര, അതില്‍ തന്നെ 60 വയസ്സിനു മുകളില്‍ എത്ര.
ഏതു രാജ്യമാണ് സ്കോര്‍ ചെയ്തു നില്‍ക്കുന്നത്.
ഇവിടെ ഒരുവിധം വളഞ്ഞുപിടിച്ചു ഒരു മൂലയിലേക്ക് ഒതുക്കി വന്നതായിരുന്നു.
അപ്പഴാ ദാ കിടക്കുന്നു.
മര്‍ക്കസ് എന്ന മര്‍ക്കടന്റെ ഒരു സര്‍ക്കസ്സ്.
ഇവിടെ കിടന്നു മരിക്കും, എന്നാല്‍ സ്വര്‍ഗ്ഗം. 22 ഹൂറികളുമൊത്തുള്ള സര്‍ഗ്ഗീയ ജീവിതം. എന്തായാലും അതും ഒരു പരുവത്തിലാക്കി.
”ദേ കട്ടന്‍ ചായ” ഭാര്യയുടെ ശബ്ദം കേട്ടുണര്‍ന്നു.
”പാലു ചേര്‍ത്ത ചായ ഇല്ലേ”
”പാലുകാരന് വന്നില്ല. അവനെങ്ങാനും ഇനി കൊറോണ വന്നോ എന്തോ.
അപ്പോഴാണ് സുഭദ്രാമ്മയെ ഒന്നു ശ്രദ്ധിച്ചത്.
”നീ ഇത് എന്തിന്റെ പുറപ്പാടാ കണ്ണെഴുതി പൊട്ടും തൊട്ട്” ഞാന്‍ ചോദിച്ചു.
ഒന്നു പുഞ്ചിരിച്ചു കൊച്ചുമോന് കൊണ്ടുവന്ന റോസാപ്പൂവ് വാങ്ങി മുടിക്കെട്ടില്‍ തിരുകി കൊണ്ടു പറഞ്ഞു.
”അതെ കമ്യൂണിറ്റി കിച്ചണ്‍ വരെ ഒന്നു പോകണം. കാപ്പിക്കു വല്ലതും വേണ്ടേ”
”കമ്യൂണിറ്റി കിച്ചനോ അതെന്തു കുന്തമാ” അറിയാത്തതുപോലെ ഞാന്‍ ചോദിച്ചു.
”കൊറോണ കാലമല്ലേ. ആരും പട്ടിണി കിടക്കരുതെന്നാ സര്‍ക്കാരിന്റെ പോളിസി. ആവശ്യക്കാര്‍ക്ക് ആഹാരം എത്തിച്ചുകൊടുക്കും.”
”എന്നാ പിന്നെ വിളിച്ചു പറഞ്ഞാല്‍ പോരെ.”
”അതല്ല കുറച്ചു ദിവസമായി പുറത്തിറങ്ങിയിട്ട്, നാലാളെ കാണുകയും ചെയ്യാം കാപ്പീം ഒപ്പിക്കാം. മറുപടിക്ക് നില്‍ക്കാതെ അവള് ഇറങ്ങി നടന്നു.
ഞാന്‍ കസേരയിലേക്ക് ചാഞ്ഞു.
അപ്പോള്‍ മാതാ കോണ്‍വെന്റ് താരം കൊച്ചുമോന് ഓടിക്കൊണ്ടുവന്നു പറഞ്ഞു.
”അപ്പൂപ്പ ഞായറാഴ്ച രാത്രി ഒന്‍പതു മണിക്ക് ഒന്‍പതു മിനുട്ട് നേരം ലൈറ്റണച്ച് വിളക്കണയ്ക്കണമെന്ന്”
”ആരാടാ പറഞ്ഞത്”
”പ്രധാനമന്ത്രിയുടെ ആഹ്വാനമാ” അവനോടിപ്പോയി.
ഹൊ കഴിഞ്ഞൊരു ദിവസം ഇതുപോലൊരു ആഹ്വാനം ഉണ്ടായിരുന്നു. ഉണ്ടായ പൊല്ലാപ്പ് ഒന്നും പറയണ്ട.
അപ്പൊഴെ റഹിമാനം നിയാസ് മോനും എഫ്ബി ഇട്ടു.
മലയാളത്തിലായതിനാല്‍ കേന്ദക്കാര്‍ അറിഞ്ഞു കാണില്ല.
കവിതാ മോഷ്ടാവ് തകര്‍ത്താടി
കഥാകാരി ഒരു കവിത തന്നെ എഴുതി
മൂത്തേടം ഒന്നും പറഞ്ഞതായി കണ്ടില്ല. ചങ്ങാതിയുടെ ലേറ്റസ്റ്റ് ബുക്ക് സമ്പൂര്‍ണ കോപ്പി അടി ആണെന്ന് തെളിവു സഹിതം പത്രത്തില്‍ വന്നു. അതിന്റെ ക്ഷീണത്തിലായിരിക്കും.
ശബരിമല അയ്യപ്പന് കല്യാണം ആവാം എന്നു പറഞ്ഞ ബ്രോക്കര്‍ ഇട്ടു എഫ്ബി ഒന്ന്.
തിരിച്ചടി കൊടുത്തിട്ടും ആശാന് ലൈവാക്കി തന്നെ നിര്‍ത്തിയിരിക്കുകയാ.
ഉള്ളതു പറയാമല്ലോ നമ്മുടെ പോത്തും ഇട്ടു ഒരു എഫ്ബി
പക്ഷേ പ്രധാനമന്ത്രിയുടെ ആഹ്വാനം ജനം ഏറ്റെടുത്തു.
”കാപ്പി കുടിക്കാന്‍ എഴുന്നേറ്റോ” സുഭദ്രയുടെ ശബ്ദം.
”ഇത്രയും പെട്ടെന്ന് വന്നോ” ഞാന്‍ അതിശയം കൂറി.
”അതേ നിങ്ങളെ അറിയുന്ന ഒരാളു അവിടുണ്ടായിരുന്നു. നമ്മുടെ കുന്നത്തെ രാജപ്പന്. നിങ്ങള്‍ പാര്‍ട്ടിക്കാരനല്ലേ. ആരും കാണാതെ നാലഞ്ചു കവര്‍ എടുത്തു തന്നു. അതു സഞ്ചിയിലാക്കി ഞാന്‍ സ്ഥലം വിട്ടു.” അവള് വീരവാദം ഉയര്‍ത്തി.
കാപ്പി കുടിക്കാനായി ഞാന്‍ അകത്തേക്ക് കയറുന്നതിനിടയില്‍ സന്ദേഹിച്ചു.
”എടീ അപ്പം ഉച്ചയ്ക്കോ”
”അതും റെഡി. ഭാനു ഉച്ചയ്ക്ക് ആപ്പീസിന്നു വരുമ്പോള്‍ കമ്യൂണിറ്റി കിച്ചണില്‍ കയറി വാങ്ങിച്ചോണ്ടു വരും. രാജപ്പനെ കാണാന്‍ പറഞ്ഞിട്ടുണ്ട്. രാത്രിയിലേക്കും കൂടി ഒപ്പിച്ചോണേന്നു പറഞ്ഞിട്ടുണ്ട്.” സുഭദ്ര ഗമയില്‍ തന്നെ പറഞ്ഞു.
കാപ്പി വല്ല വിധേനയും അകത്താക്കി. ദാനം കിട്ടുന്ന പശുവിന്റെ പല്ല് എണ്ണി നോക്കണ്ട എന്നാ പ്രമാണം.
”ഉച്ചയ്ക്കലത്തെ എങ്ങനെയായിരിക്കുമോ എന്തോ” ഞാന്‍ ആത്മഗതം പറഞ്ഞു.
”ഒരു കുഴപ്പോം ഇല്ല. എല്ലാം ഈസ്റ്റേണ്‍ കറി പൗഡറിലാ പാചകം. ഞാന്‍ കണ്ടതല്ലേ.”
സുഭദ്രയുടെ സര്‍ട്ടിഫിക്കറ്റ്.
ഞാന്‍ കസേരയിലേക്ക് മടങ്ങുമ്പോള്‍ റോഡില്‍ ഒരു സംസാരം കേട്ട് എത്തി നോക്കി.
രണ്ടു പോലീസുകാര്‍ ഒരു ബൈക്കില്‍. ഹെല്‍മറ്റ് ധരിച്ചിട്ടില്ല. അവര്‍റോഡില്‍ നില്ക്കുന്ന ആളിനോട് കയര്‍ത്തു സംസാരിക്കുന്നു. പോലീസുകാര്‍ പോയപ്പോള്‍ കുഞ്ഞുപിള്ളയോട് കാര്യം തിരക്കി.
”അയ്യോ സാറെ ഒന്നും പറേണ്ട. ആലുമുക്കില്‍ വാടകയ്ക്ക് താമസിക്കുന്ന ബംഗാളികളില്‍ ഒരുത്തനേ കാണാനില്ല. അവനേ തിരക്കിയിറങ്ങിയതാ പോലീസുകാര്‍. എന്നെ കണ്ടതും എന്താടാ കറങ്ങി നടക്കുന്നതെന്നും പിടിച്ച് ഏതാണ്ടു കുന്തത്തികൊണ്ടിടുമെന്നും പറഞ്ഞു.” കുഞ്ഞുപിള്ള വിശദീകരിച്ചു.
”ക്വാറന്റയിന്‍ ആയിരിക്കും” ഞാന്‍ പറഞ്ഞു.
പണ്ട് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ ക്വാറന്റയിനില്‍ കഴിഞ്ഞ കാര്യം ഹൈസ്കൂളില്‍ വച്ചു പഠിച്ചതാ. പിന്നെ ഇപ്പോഴാ കേള്‍ക്കുന്നത്.
”പോട്ടെ സാറെ. ഇനി നിന്നാല്‍ അവന്മാര് പൊക്കി അകത്തിടും” കുഞ്ഞുപിള്ള യാത്രയായി.
ഞാന്‍ വീണ്ടും കസേരയിലേക്ക് ചാഞ്ഞു. ലോക്ക് ഡൗണ്‍ ആയതിനാല്‍ കമ്പോളത്തില്‍ പോകണം എന്നു പറഞ്ഞുള്ള സുഭദ്രയുടെ ശല്യം ഇല്ല.
”സാറ് പോയില്ലേ” ചോദ്യം കേട്ടു ഞാന്‍ കണ്ണു തുറന്നു.
കൃഷി വിശാരദന് നാണുവാണ്. അതെയുള്ള രണ്ട് മൂട് തെങ്ങിനു തടം തുറക്കലും വാഴയ്ക്ക് ഒന്ന് വെട്ടിക്കൂട്ടലും അഞ്ചാറു മൂട് ചേന നടീലുമാണ് ആകെ പരിപാടി. അതിന് നാണുവിന്റെ സേവനം ഒഴിച്ചു കൂടാനാവാത്തതാണ്.
”എവിടേക്കാ നാണു” ഞാന്‍ ചോദിച്ചു.
”സാറേ കൊറോണ കാലത്തു ഒരാളുപോലും പട്ടിണി കിടക്കരുതെന്നാ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. അതിനു വേണ്ടതെല്ലാം കേന്ദ്രം തരാമെന്നും പറഞ്ഞിട്ടുണ്ട്” നാണു വിശദീകരിച്ചു.
”റേഷന്‍ കട വഴി അരീം ഗോതമ്പും തരുമെന്ന് പാര്ട്ടിക്കാര് പറഞ്ഞു. ഞങ്ങള്‍ ബിബിഎല്‍ ആയതുകൊണ്ട് രാവിലെയാണ്. സാറ് എപിഎല്‍ ആയിരിക്കുമല്ലോ. എങ്കില്‍ ഉച്ചയ്ക്കു ശേഷം ആയിരിക്കും.” നാണു തുടര്‍ന്നു പറഞ്ഞു.
”നിന്റെ വെറും സഞ്ചിയാണല്ലോ. ഈ പറഞ്ഞതൊക്കെ എവിടെ” ഞാന്‍ ചോദിച്ചു.
”അതു സാറെ എന്റെ ടോക്കണ്‍ ആവാറായപ്പം സ്റ്റോക്ക് തീര്‍ന്നു. പാര്‍ട്ടിക്കാരു പറഞ്ഞു ആളില്ലാത്തപ്പം ചെന്നാ മതീന്നു. എല്ലാം ശരിയാക്കി തരും.” നാണു.
”റേഷന്‍ കടയില്‍ പാര്‍ട്ടിക്കാരോ” ഞാന്‍ സംശയിച്ചു.
”ഓ! സാറിന് ഒന്നും അറിയാത്തപോലെ. സംസ്ഥാനം മുഴുവന്‍ പാര്ട്ടിക്കാര് നിറഞ്ഞുനില്ക്കുകയല്ലേ. മാക്സു മുതല്‍ കുപ്പിവെള്ളം വരെ”
”മാക്സല്ല മാസ്ക്” ഞാന്‍ തിരുത്തി.
”ങ്ങാ അതുതന്നെ. ആംബുലന്‍സ് വേണമെങ്കില്‍ അത്. പൊതിച്ചോര്‍ ആവശ്യാനുസരണം”
സ്റ്റഡി ക്ലാസ്സ് കഴിഞ്ഞെത്തിയ നേതാവിനെപ്പോലെ നാണു കസറി.
”ഓഖിപോലയോ പ്രളയ ദുരിതാശ്വാസംപോലെയോ ഒന്നും പറ്റരുതെന്നാ പാര്‍ട്ടി നിര്‍ദ്ദേശം” നാണു തുടര്‍ന്നു.
”സംസാരിച്ചു നിന്നു സമയം പോയതറിഞ്ഞില്ല. ഉച്ചയ്ക്ക് കമ്യൂണിറ്റി കിച്ചണില്‍ പോയി പൊതിച്ചോറു വാങ്ങണം. വീട്ടുകാരി അവിടെ ശ്രമദാനത്തിനു നില്‍ക്കുവാ. നമ്മുടെ ആളുകള്‍ വന്നാല്‍ ”എല്ലാം ശരിയാക്കി” കൊള്ളാന്‍ പാര്ട്ടിക്കാര് പറഞ്ഞിട്ടുണ്ട്. ചെന്നാ മതി ഉച്ചക്കലത്തേക്കും രാത്രിയിലേക്കും വീട്ടുകാരി എടുത്തുവച്ചേക്കും”
”അല്ല നാണു പായിപ്പാട്ടു എന്തോ പ്രശ്നം നടന്നെന്ന് വായിച്ചു” ഞാന്‍ വെറുതെ ആരാഞ്ഞു.
”എന്റെ സാറേ ഈ പത്രത്തില്‍ വരുന്നതൊന്നും അല്ല സത്യം. അതു സീക്രട്ടാ.”
നാണു ശബ്ദം താഴ്ത്തി തുടര്‍ന്നു. ”ഈ ബംഗാളികളല്ലിയോ കൊഴപ്പം ഉണ്ടാക്കിയത്”
”അതിഥി തൊഴിലാളികള്‍ എന്നു പറ നാണു” ഞാന്‍ കറക്ടു ചെയ്തു.
”അവരെ ഒറ്റപ്പെടുത്തരുതെന്നാ സര്‍ക്കാരിന്റെ ഒരു പോളിസി” നാണു.
”അല്ല നാണു ക്ഷേത്രങ്ങളിലെ ശാന്തിക്കും കഴകത്തിനും സഹായം നല്‍കാതെ മൗലവിമാര്‍ക്ക് രണ്ടായിരം വച്ചു നല്കാന് സര്‍ക്കാര്‍ പറഞ്ഞതോ.” ഞാന്‍ നാണുവിനോടു ചോദിച്ചു.
”അതു സാറെ അവരു പാവങ്ങളല്ലേ. അവര്‍ക്കും ജീവിക്കണ്ടെ. പിന്നെ വകുപ്പ് മന്ത്രി പറഞ്ഞല്ലോ ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ ചെന്നില്ലെങ്കിലും വഴിപാട് നടത്തിക്കോളാന്‍. അതുപോരെ.”
നാണുവിന്റെ മറുപടി.
”അപ്പൊ പായിപ്പാട്ടെ കാര്യം” ഞാന്‍ പ്രശ്നത്തിലേക്ക് കടന്നു.
”അതെല്ലാം ഒരു അഡ്ജസ്റ്റുമെന്റാ സാറെ. ഈ അഥിതിക്കാരെ മുതലാളിമാര്‍ കൊണ്ടുവരുന്നത് പാര്‍ട്ടി കണ്ണടച്ചിട്ടല്ലിയോ”
”അപ്പോ പാര്‍ട്ടിക്കാര്‍ക്കും വല്ലതും കെടയ്ക്കും.” ഞാന്‍
”അതുപിന്നെ പാര്‍ട്ടീടെ നിലനില്‍പ്പ് അല്ലേ ആവശ്യം” നാണു തുടര്‍ന്നു.
”ഈ ലോക്ക്ഡൗണ്‍ വന്നപ്പം ഇവന്മാരുടെ ചെലവ് മുതലാളിമാരുടെ കയ്യീന്നാ വന്നത്. രണ്ടു ദിവസം കഴിഞ്ഞപ്പം മുതലാളിമാര്‍ പാര്‍ട്ടിക്കാരെ കണ്ടു.”
”എന്നിട്ട്” ഞാന്‍
”പിറ്റേന്നല്ലിയോ അവന്മാരു റോഡിലിറങ്ങിയത്. അപ്പോ പാര്‍ട്ടി ഇടപെട്ടു സര്‍ക്കാര്‍ ഇടപെട്ടു. അവന്മാരുടെ കാര്യം കുശാലായി.”
”പാര്‍ട്ടിക്കാരും മുതലാളിമാരും രക്ഷപ്പെട്ടു”
ഞാന്‍ പൂര്‍ത്തിയാക്കി.
”അതു പിന്നെ അങ്ങനെയല്ലേ സാറേ”
നാണുവിന്റെ താത്വിക വിശദീകരണം എന്നെ അമ്പരപ്പിച്ചു.
”താമസിച്ചാല്‍ കമ്യൂണിറ്റി കിച്ചന് കാലിയാകും സാറെ” നാണു നടന്നുകൊണ്ടു പറഞ്ഞു.
ഞാന്‍ കസേരയിലേക്ക് ചാഞ്ഞ് ഒന്നു കണ്ണടച്ചു.
ആരോ വരുന്ന ശബ്ദം കേട്ടു ഞാന്‍ കണ്ണുതുറന്നു.
ഭാനു രണ്ടു വലിയ പൊതികളുമായി വരുന്നു.
”കവറിലെന്താ” ഞാന്‍
ഉച്ചയ്ക്കും രാത്രിയിലേക്കുമുള്ള ഭക്ഷണം ആണച്ഛാ” ഭാനുവിന്റെ മറുപടി.
”വന്നേ ചോറുണ്ണാം” സുഭദ്ര വിളിച്ചു പറഞ്ഞു.
”വാഴ നനയുമ്പം ചീരയും നനയും”
മനസ്സില്‍ പറഞ്ഞുകൊണ്ടു ഞാന്‍ എഴുന്നേറ്റു.
ശശി
9744717880
പ്രതികരിക്കാൻ ഇവിടെ എഴുതുക: