ന്യൂദല്‍ഹി: കൊറോണ പ്രതിരോധത്തിനായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ പത്തിനാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുക. ലോക്ക് ഡൗണ്‍ നീട്ടുന്നതടക്കം വിവിധ പ്രഖ്യാപനങ്ങള്‍ നാളെ ഉണ്ടാകും. ലോക്ക് ഡൗണ്‍ സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിനകം തയാറായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മോദി നേരിട്ട് ജനങ്ങളെ അറിയിക്കും. വിവിധ സംസ്ഥാനങ്ങള്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുക.
ഒഡീഷ, പഞ്ചാബ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങള്‍ ഏപ്രില്‍ അവസാനം വരെ ലോക്ക്ഡൗണ്‍ നീട്ടി കഴിഞ്ഞു. അതേസമയം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ലോക്ഡൗണ്‍ തുടരണം എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു എന്നിവര്‍ ലോക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് കോവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന ആവശ്യം ശക്തമായത്. അതേസമയം ഇളവുകള്‍ വരുത്തിയാലും അന്താരാഷ്ട്ര ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നുമാണ് സൂചനകള്‍. ഏപ്രില്‍ 30 വരെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും സൂചനകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: