തിരുവനന്തപുരം: കോവിഡ് രോഗ പ്രതിരോധത്തിനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തേയും സംസ്ഥാനത്തേയും സാമ്പത്തിക മേഖല തകര്‍ന്നടിഞ്ഞിരിക്കുകയാണ്. രോഗത്തെ പ്രതിരോധിക്കാന്‍ പൊതുജനങ്ങളില്‍ നിന്നടക്കം ഫണ്ട് സ്വരൂപിക്കുകയാണ് സര്‍ക്കാരുകള്‍. ഇതിനിടെയാണ് പിണറായ സര്‍ക്കാരിന്റെ മറ്റൊരു ധൂര്‍ത്ത് കൂടി പുറത്തുവരുന്നത്. ചീഫ് സെക്രട്ടറി ടോം ജോസിന്റെ സ്വീകരണമുറിയില്‍ ടെലിവിഷനും മ്യൂസിക് സിസ്റ്റവും വാങ്ങാന്‍ രണ്ടു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവായത്.
കൊറോണ ബാധയെ തുടര്‍ന്ന് സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. എല്ലാ സംസ്ഥാനങ്ങളും പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. വരുമാനം നിലച്ചു. പൊതുജനാരോഗ്യത്തിനുള്ള ചെലവ് വര്‍ധിച്ചു. ഈ ഘട്ടത്തില്‍ ഓപണ്‍ മാര്‍ക്കറ്റില്‍ നിന്ന് വായ്പ എടുത്ത് മാത്രമേ ഇനി സംസ്ഥാനത്തിന് മുന്നോട്ട് പോകാന്‍ സാധിക്കൂ എന്ന നിലയാണുള്ളതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
സംസ്ഥാനങ്ങള്‍ സ്പെഷ്യല്‍ പാന്‍ഡമിക് റിലീഫ് ബോണ്ട് വെയ്ക്കാനുള്ള അനുവാദം നല്‍കുക. സംസ്ഥാനത്തിന്റെ വായ്പ പരിധി 5 ശതമാനമായി ഉയര്‍ത്തുക. പകര്‍ച്ച വ്യാധി പ്രതിരോധത്തിനും പുന് നിര്‍മാണത്തിനും പുറത്തു നിന്നുള്ള ഏജന്‍സികളില്‍ നിന്ന് വാങ്ങുന്ന വായ്പയെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങളും കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ചീഫ് സെക്രട്ടറിക്ക് ആഡംബരത്തിന് തുക അനുവദിച്ചത്.
നേരത്തേ, ചീഫ് സെക്രട്ടറി ഇപ്പോള്‍ ഉപയോഗിക്കുന്ന ആഡംബരവാഹനം ഡിജിപിയുടെ പേരിലുള്ളതാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. പോലീസ് നവീകരണഫണ്ട് ഉപയോഗിച്ചാണ് ആഡംബര കാര്‍ ടോം ജോസ് സ്വന്തമാക്കിയത്. ചട്ടപ്രകാരം സാധാരണ ടൂറിസം വകുപ്പില്‍ നിന്നാണ് മന്ത്രിമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും കാറുകള്‍ അനുവദിക്കുന്നത്.
എന്നാല്‍, സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി ൃ പോലീസ് ഫണ്ട് ഉപയോഗിച്ചുള്ള വാഹനം സ്വന്തമാക്കുകയായിരുന്നു. 2019ല്‍ പ്രളയത്തെ തുടര്‍ന്ന് കേരളം മുണ്ടുമുറുക്കി പ്രതിസന്ധി തരണം ചെയ്യുന്ന സമയത്താണ് ചീഫ് സെക്രട്ടറിക്ക് ഉപയോഗിക്കാനുള്ള വാഹനം പോലീസ് വകുപ്പ് വാങ്ങിയത്. സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറച്ച സമയമായതിനാല്‍ ആഡംബരം വാഹനം സ്വന്തമാക്കുന്നത് വിവാദമാകുമെന്നതിനാല്‍ പോലീസിന്റെ നവീകരണ ഫണ്ട് ഉപയോഗിച്ച് ചീഫ് സെക്രട്ടറിക്ക് ആഡംബര കാര്‍ വാങ്ങി നല്കാന് ഡിജിപി തീരുമാനിക്കുകയായിരുന്നു. ജീപ്പ് കോംപസ് മോഡല്‍ കാറാണ് ചീഫ് സെക്രട്ടറിക്ക് വാങ്ങിയത്. ഇതേ മോഡല്‍ തന്നെയാണ് ലോക്നാഥ് ബെഹ്റയ്ക്കുമുള്ളത്. 15 ലക്ഷം മുതല്‍ 26 ലക്ഷം വരെ വിവിധ മോഡലുകള്‍ക്ക് വിലയുള്ളതാണ് ജീപ്പ് കോംപസ് മോഡല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: