തൃശൂർ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ചടങ്ങ് മാത്രമായി നടത്തും . മറ്റ് ആഘോഷങ്ങളോ വിഷുവിളക്കോ ഇത്തവണ ഉണ്ടാവില്ല. കീഴേടം വാസുണ്ണി നമ്പൂതിരി, കൊടയ്‌ക്കാട് ശശി നമ്പൂതിരി എന്നിവർ ഇന്നു രാത്രി ശ്രീലകത്ത് കണിയൊരുക്കും.
ഓട്ടുരുളിയിൽ ഉണക്കലരി,കണിക്കൊന്ന, വെള്ളരി, സ്വർണം, ഗ്രന്ഥം, പുതുപ്പണം, മുല്ലപ്പൂവ്, നന്ദ്യാർവട്ടം, ചക്ക, മാമ്പഴം എന്നിവയടങ്ങിയതാണ് കണി. പുലർച്ചെ 2ന് മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരി കുളിച്ചുവന്ന് നാളികേര മുറിയിൽ നെയ്‌ത്തിരി തെളിയിച്ച് കണ്ണനെ കണി കണി കാണിക്കും. കണ്ണന്റെ കയ്യിൽ ഒരു പുതുപ്പണം വിഷുക്കൈനീട്ടമായി നൽകും.
മുഖമണ്ഡപത്തിൽ സ്വർണസിംഹാസനത്തിൽ അലങ്കാരങ്ങളോടെ തങ്കത്തിടമ്പ് വച്ച് ഭക്തർക്കായി കണിയൊരുക്കും. കണി കാണാൻ ദേവസ്വം ഭരണാധികാരികളും ഡ്യൂട്ടിയിലുള്ള പാരമ്പര്യാവകാശികളും ഉദ്യോഗസ്ഥരും മാത്രമാകും. 3ന് കൂട്ടിക്കൊട്ടോടെ തിടമ്പ് ശ്രീലകത്തേയ്‌ക്ക് എടുക്കും. പിന്നെ പതിവു പതിവു ചടങ്ങുകളായി. നമസ്കാരസദ്യ ചടങ്ങു മാത്രമാകും. കാഴ്ചശീവേലിയും വിളക്കും ഉണ്ടാകില്ല.
കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിഗുരുവായൂർ ഉത്സവവും സമാനമായി ചടങ്ങ് മാത്രമായാണ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: