തിരുവനന്തപുരം: ഇന്ത്യക്കാരെ മൊത്തം തിരിച്ച് കൊണ്ടുപോരണമെന്നതിനെ പറ്റി ഔദ്യോഗികമായി ഒരു സന്ദേശവും യുഎഇ സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. നിലവില്‍ എംബസി വഴി നിര്‍ദ്ദേശങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ഇത് സ്ഥിരീകരിക്കാത്ത വാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു.
സാധരണയായി മാധ്യമങ്ങളിലൂടെയല്ല ഇത്തരം വിവരങ്ങള്‍ പുറത്തുവരാറുള്ളത്. രാജ്യങ്ങളുടെ എംബസി വഴിയാണ് ഇത്തരം തിരുമാനങ്ങള്‍ അറിയുക്കുക. യുഎഇയുടെ മുന്നറിയിപ്പിന് പിന്നാലെ ദല്‍ഹിയിലെ വിദേശകാര്യമന്ത്രാലയത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ ചുമതലയുള്ള സീനിയര്‍ ഉദ്യോഗസ്ഥനുമായും യുഎഇയിലെ ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ അത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മുരളീധരന് വ്യക്തമാക്കി.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ നിന്ന് സ്വന്തം പൗരന്മാരെ തിരികെ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുന:പരിശോധിക്കുമെന്ന് യുഎഇ വ്യക്തമാക്കിയിരുന്നു. ഇതോടെ ഇന്ത്യയെ സംബന്ധിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ടോ അവധിക്കോ സ്വന്തം രാജ്യത്തേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ സ്വീകരിച്ചില്ലെങ്കില്‍ അത്തരം രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് യുഎഇയുടെ മുന്നറിയിപ്പ്. എന്നാല്‍ ഏതെങ്കിലും രാജ്യത്തിന്റെ പേര് വ്യക്തമാക്കാതെയായിരുന്നു യുഎഇയുടെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: