പല ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഇന്നും തുടരുന്ന കൂട്ടപ്രാര്ഥനകളുടെ ആരോഗ്യ അപകടത്തെപ്പറ്റി സഹ മതവിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്കാന് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം ചെയ്യാന്‍ അടുത്തിടെ എന്നോട് ചിലര്‍ ആവശ്യപ്പെട്ടു. ഹിന്ദു മുസ്ലിം സിന്‍ഡ്രോമില്‍ എനിക്ക് വിശ്വാസമില്ല. എന്നാല്‍, രാജ്യത്ത് കൊറോണ പോസിറ്റീവ് കേസുകളില്‍ കൂടുതലും മുസ്ലീങ്ങളാണെന്ന അതിശയകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അക്കാരണത്താലാണ് ആത്മപരിശോധനയ്ക്കുള്ള ഈ ആഹ്വാനം. തബ്ലീഗ് ജമാഅത്ത് വിഷയത്തില്‍ നിന്ന് തന്നെ തുടങ്ങാം. നിരവധി മുസ്ലീങ്ങള്‍, തബ്ലീഗ് ജമാഅത്തിനെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തി കുടുംബങ്ങളും, സാമൂഹിക വൃത്തങ്ങളുമായി ഇടപഴകുകയും ഇസ്ലാമിക പ്രമാണമനുസരിച്ച് പള്ളികളില്‍ അഞ്ച് നേരം നിസ്കരിക്കുകയും ചെയ്യുന്നു. ഇത് കൊറോണ പോലുള്ള വൈറസുകള്‍ എളുപ്പത്തില്‍ വ്യാപിക്കാന്‍ കാരണമാകും എന്നത് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും.
ലോകം കൊറോണ മൂലം ആരോഗ്യ അടിയന്തരാവസ്ഥയിലാണ്. ഈ സമയത്തും സമ്മേളനം സംഘടിപ്പിച്ച നിഷേധാത്മക പ്രവൃത്തി തബ്ലീഗി ജമാഅത്ത് മര്‍കസിന്റെ നിസാമുദ്ദീനിലെ ബാംഗ്ലിവാലി പള്ളിയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. സമുദായം മുഴുവന്‍ മര്‍കസിനെ പിന്തുണയ്ക്കുന്നുവെന്നതാണ് ഏറ്റവും പരിഹാസ്യം. പള്ളികള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും ആളുകളെ ഒരുമിച്ചിരിക്കാന്‍ അനുവദിക്കാതെ ഭിന്നിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും പാവപ്പെട്ട വിശ്വാസികളെ പറഞ്ഞ് ധരിപ്പിച്ച മൗലാനാ സാദ് മുസ്ലീങ്ങളോട് കാട്ടിയതാകട്ടെ ഏറ്റവും വലിയ അനീതിയും. മുസ്ലീങ്ങള്‍ പള്ളികളില്‍ കിടന്ന് മരിച്ചുകൊള്ളട്ടേ, അവരെ ജമാഅത്ത് ഡോക്ടര്‍മാര്‍ മാത്രമേ ചികിത്സിക്കാവൂ എന്നിങ്ങനെയുള്ള മൗലാനയുടെ വാക്കുകള്‍ മുസ്ലീങ്ങളെ അബദ്ധത്തിലേക്ക് നയിച്ചു. ഒരു കുറ്റവാളിയെ പോലെ മൗലാന കടന്നുകളഞ്ഞു. വെറുപ്പ് തോന്നിക്കും വിധമാണ് പലയിടത്തും പുരോഹിതന്മാരുടെ വാക്കു കേട്ട് മുസ്ലീങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരെയും മുസ്ലീങ്ങളായ പോലീസുകാരെയും തല്ലിച്ചതയ്ക്കുന്നത്.
രോഗം വരുതിയിലായി തുടങ്ങിയിരുന്ന ഇന്ത്യയില്‍ സ്ഥിതി വീണ്ടും വഷളാകുന്നു എന്നതാണ് സത്യം. ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ വീടുകളില്‍ തുടരാനാണ് പ്രവാചകന് പോലും നിഷ്കര്‍ഷിച്ചിട്ടുള്ളത് എന്ന് ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹം മനസ്സിലാക്കണം. ഒരിക്കല്‍ ഒട്ടകങ്ങളില്‍ മാരക രോഗം പടര്‍ന്നു പിടിച്ചു. അന്ന് പൂര്‍ണ ആരോഗ്യമുള്ള ഒട്ടകങ്ങള്‍ രോഗബാധയുള്ളവയുമായി ഇടപഴകാതെ സൂക്ഷിക്കാന്‍ പ്രവാചകന് അരുളിച്ചെയ്തിരുന്നു. ആത്മീയമായി മുസ്ലീങ്ങള്‍ അക്ഷരംപ്രതി അദ്ദേഹത്തെ പിന്തുടര്ന്നിരുന്നെങ്കില് ഇന്നവര്‍ക്ക് പല ചേദ്യങ്ങളും നേരിടേണ്ടി വരില്ലായിരുന്നു. ഏറ്റവും മോശം വിശ്വാസികളുള്ള ഏറ്റവും മികച്ച മതമാണ് ഇസ്ലാം എന്ന് എച്ച്.ജി. വെല്സിന് പറയേണ്ടിയും വരില്ലായിരുന്നു.
ഇന്ത്യയിലെ മൂന്ന് പ്രധാന ഇമാമുകളടക്കം നിരവധി പള്ളികള്‍ ജമാഅത്തുകളിലെ പ്രാര്‍ഥന കൊറോണ വ്യാപനത്തിനിടയാക്കുമെന്ന് പറഞ്ഞിട്ടും അവരിപ്പോഴും ഒന്നിച്ചുള്ള പ്രാര്‍ഥന തുടരുന്നു. ശത്രുവിന്റെ വാള് ഭീഷണിയായി നിന്നപ്പോഴും സാഹിബുമാര്‍ പള്ളികളില്‍ പ്രാര്‍ഥന നടത്തിയിരുന്നു. പിന്നെന്തിന് കൊറോണ വൈറസ് എന്ന നിസാര ശത്രുവിനെ ഭയക്കണം എന്ന ബുദ്ധി ശൂന്യമായ ന്യായീകരണമാണ് അവരിതിന് നിരത്തുന്നത്. അദൃശ്യനായ ഈ ശത്രു ആണവ ദുരന്തത്തേക്കാള്‍ അപകടകാരിയാണെന്ന് അവര്‍ക്കറിയില്ല. പ്രവാചകന് മുഹമ്മദ് നബിയുടെ പേര് വിളിച്ച് പറഞ്ഞുകൊണ്ട് ആര്‍ക്ക് വേണ്ടി ജീവന് വെടിയാനും ജീവനെടുക്കാനും തയാറാണെന്നതാണ്, ഇന്നത്തെ മുസ്ലീങ്ങളുടെ കുഴപ്പം.
നമ്മുടെ രീതികള്‍ മാറ്റിക്കൊണ്ട്, കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ മോദിക്കും സര്‍ക്കാരിനുമൊപ്പം നാം അണിനിരക്കേണ്ട സമയമാണിത്. ഇനിയും മടിച്ചാല്‍ ഏറെ വൈകി പോകും. ഇസ്ലാമില്‍ രാജ്യത്തോടുള്ള പ്രതിബദ്ധത നിസ്ഫ്-ഉല്-ഇമാനാണ്. അതായത്, ഇസ്ലാമിക സിദ്ധാന്തങ്ങളുടെയും മൂല്യങ്ങളുടെയും പാതിയും രാജ്യത്തോടുള്ള കടമകളാണ്. നമ്മുടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം ഇപ്പോഴും നിയന്ത്രിക്കാന്‍ കഴിയും. അതിന് കഴിഞ്ഞില്ലെങ്കില്‍ ദശലക്ഷങ്ങള്‍ മരിച്ച് വീഴും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്മണ രേഖ എന്ന ആശയം ജീവന് രക്ഷിക്കാനുള്ള ഒരു മാലാഖയുടെ സന്ദേശമാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പ്രധാനമന്ത്രിയുടെയും ആര്‍എസ്എസിന്റെയും പിണിയാളാണെന്ന് അവര്‍ പറഞ്ഞു. ലോക്ക്ഡൗണടക്കമുള്ള മുന്‍കരുതലുകള്‍ കൊറോണയുടെ കണ്ണികള്‍ മുറിക്കും. ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ അമുസ്ലീങ്ങളുടെയോ മാത്രമല്ല, ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് രക്ഷിക്കാനുള്ളതാണത് എന്ന സത്യം പോലും ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല.
മുസ്ലീങ്ങള്‍ മാത്രമല്ല, മോദിക്കും സര്‍ക്കാരിനുമെതിരെ സംസാരിച്ചില്ലെങ്കില്‍ ശ്വാസം മുട്ടുമെന്ന നിലയിലാണ് പ്രതിപക്ഷ പാര്‍ട്ടിയിലെ ചിലരുടെ പെരുമാറ്റവും. എല്ലാ മുസ്ലീങ്ങളുടെയും വലത് കൈയില്‍ വിശുദ്ധ ഖുറാനും ഇടതുകൈയില്‍ കംപ്യൂട്ടറും കാണാനാണ് ആഗ്രഹമെന്ന് പറഞ്ഞാല്‍ പോലും മോദിയെ വിശ്വസിക്കാത്ത നിലയില്‍ പ്രതിപക്ഷത്തുള്ളവര്‍ അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. മുസ്ലിം പ്രതിനിധികളെന്ന് അവകാശപ്പെടുന്നവര്‍ ഷഹീന്‍ബാഗ്, മുത്തലാഖ്, ഷാ ബാനോ, ബാബ്റി മസ്ജിത്, തസ്ലിമ നസ്റിന് തുടങ്ങിയ വിഷയങ്ങളിലൂടെ പിന്‍ഗാമികളെ വൈകാരികവും സാമ്പത്തികവും സാമൂഹികവും മതപരവും വിദ്യാഭ്യാസപരവുമായി ചൂഷണം ചെയ്യുകയാണ്. ഇങ്ങനെ ദൈനംദിന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ പിന്തിരിപ്പിച്ച് പാവങ്ങളെ അവര്‍ തെറ്റായ ദിശയിലേക്ക് നയിക്കുന്നു.
നിസാമുദ്ദീന്‍ വിഷയത്തിന് സാമുദായിക നിറം കൊടുക്കാതെ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയാണ് ഇപ്പോഴത്തെ ആവശ്യം. മുസ്ലീങ്ങള്‍ മിശികകള് എന്ന് കരുതുന്ന, സഹായമാകേണ്ടതിന് പകരം പുതിയ പരീക്ഷണങ്ങളിലേക്ക് തള്ളിവിടുന്ന, ആട്ടിന്‍ തോലിട്ട ചെന്നായ്കളുടെ പിടിയില്‍ നിന്ന് സമുദായം രക്ഷപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലക്ഷ്മണ രേഖ എന്ന മോദിയുടെ ആശയത്തോട് അനുകൂലമായി പ്രതികരിച്ചാല്‍ മാത്രമേ മുസ്ലീങ്ങളുടെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകൂ.
ഫിറോസ് ബക്ത് അഹമ്മദ്
(ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: