ലോകം മുഴുവന്‍ ഇരുള് പരത്തി കൊറോണ എന്ന മഹാമാരി ദുരന്തം വിതയ്ക്കുകയാണ്. ലോകത്ത് ഈ രോഗബാധയെ തുടര്‍ന്ന് മരണം ലക്ഷവും കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുന്നു. ലോകത്ത് ജനസംഖ്യയില്‍ രണ്ടാമതുള്ള ഇന്ത്യയില്‍ രോഗം ഭീതി പരത്തുന്നുണ്ടെങ്കിലും താരതമ്യേന മരണവും രോഗികളുടെ എണ്ണവും കുറവാണ്. തബ്ലീഗ് എന്ന ബോധവും കഥയുമില്ലാത്ത ഒരുകൂട്ടമാളുകളുടെ നിസാമുദീന്‍ സമ്മേളനമാണ് രോഗികളുടെ എണ്ണം കൂട്ടിയത്. ഇതുമൂലം മരണസംഖ്യയും ഉയര്‍ന്നു. ആശങ്കാജനകമായ അന്തരീക്ഷം വരും മുന്‍പുതന്നെ കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും കക്ഷിപരിഗണനകളോ അഭിപ്രായ ഭിന്നതകളോ നോക്കാതെ എല്ലാ സംസ്ഥാനങ്ങളും അത് ഗൗരവത്തിലെടുക്കുകയും ചെയ്തു. ഇന്ന് രാജ്യം സമ്പൂര്‍ണ അടച്ചിടല്‍ തീര്‍ക്കണോ തുടരണോ എന്ന സജീവ ചര്‍ച്ചയിലാണ്. ഭൂരിപക്ഷം സംസ്ഥാനങ്ങളും സമ്പൂര്‍ണ അടച്ചിടല്‍ കുറച്ചുകൂടി തുടരട്ടെ എന്ന നിലപാടിലുമാണ്. കേരളത്തിനും മറിച്ച് അഭിപ്രായമില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര സര്‍ക്കാരും കൊറോണ വിഷയത്തില്‍ എടുക്കുന്ന തീരുമാനങ്ങളെ കലവറയില്ലാതെ മുഖ്യമന്ത്രി പിണറായി വിജയനും പിന്തുടരുന്നുണ്ട്. ധനകാര്യമന്ത്രി തോമസ് ഐസക്ക് ഉള്‍പ്പെടെ വിരലിലെണ്ണാവുന്ന മന്ത്രിമാര്‍ക്കും ചിലനേതാക്കള്‍ക്കും അത് ദഹിക്കുന്നില്ല. പിണറായി വിജയനോടുള്ള പക തീര്‍ക്കാനെന്നവണ്ണം കേന്ദ്രസര്‍ക്കാരിനെ മുച്ചൂടും തള്ളിപ്പറയാന്‍ തോമസ് ഐസക്ക് സദാസമയവും തയ്യാറാവുകയാണ്. കേന്ദ്രം വാചക കസര്‍ത്ത് നടത്തുകയാണെന്നാണ് ഏറ്റവും ഒടുവില്‍ പറഞ്ഞത്. നരേന്ദ്രമോദിയെയാണോ അതോ എല്ലാ ദിവസവും വാര്‍ത്താസമ്മേളനത്തില്‍ സുദീര്‍ഘമായി സംസാരിക്കുന്ന പിണറായി വിജയനെയാണോ ഡോ. ഐസക് ലക്ഷ്യമിട്ടതെന്നറിയില്ല. ഏതായാലും തോമസ് ഐസക്കിന്റെ ഗീര്‍വാണങ്ങള്‍ ലക്ഷ്യംതെറ്റി നിലംപൊത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
കൊറോണയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ സിപിഎമ്മിലെ ചിലര്‍ നിയമം കയ്യിലെടുക്കാനും കള്ളക്കച്ചവടം നടത്താനും മുതിരുന്ന നിരവധി സംഭവങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നു. അടിയന്തിരാവസ്ഥക്കാലത്ത് കോണ്‍ഗ്രസുകാര്‍ ചെയ്തതുപോലെ പോലീസിനെ നോക്കുകുത്തിയോ ആജ്ഞാനുവര്‍ത്തികളോ ആക്കി തോന്ന്യാസങ്ങള് നടത്തിക്കൊണ്ടിരിക്കുന്നു. അതിന്റെ ഒന്നാന്തരം തെളിവാണ് പത്തനംതിട്ട തണ്ണിത്തോട്ടിലുണ്ടായ സംഭവം. കോയമ്പത്തൂരില്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടി നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുന്ന വീടാക്രമിച്ചു. അച്ഛനെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഏഴംഗ അക്രമിസംഘത്തെക്കുറിച്ച് വ്യക്തമായ തെളിവ് നല്‍കിയിട്ടും ആദ്യം പോലീസ് അനങ്ങിയില്ല.
പിന്നീട് മൊഴിപോലും മാറ്റി. കേസില്‍പ്പെട്ട മൂന്നുപേര്‍ പിടിയിലായെങ്കിലും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. അവസാനം വീടിന്റെ മുറ്റത്തിറങ്ങിയെന്ന പേരില്‍ പെണ്‍കുട്ടിക്കെതിരെ കേസും. നീതിക്കുവേണ്ടി പെണ്‍കുട്ടി നിരാഹാര സമരത്തിനായാണ് വീടിന്റെ മുറ്റത്തിറങ്ങിയത്. ജീവിതത്തില്‍ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത കടുത്ത ഭീതിയിലാണ് കഴിയുന്നതെന്ന് പെണ്‍കുട്ടി അന്ന് പറഞ്ഞിരുന്നു.
”അവര്‍ സ്ഥിരം ക്രിമിനലുകളാണ്. വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കി ഞാന്‍ കോവിഡ് രോഗ ബാധിതയാണെന്ന പേരില്‍ നിരന്തരം പ്രചാരണം നടത്തി. അപമാനം അതിരുകടന്നപ്പോഴാണ് മുഖ്യമന്ത്രിക്ക് പരാതി അയച്ചത്. വലിയ പ്രതീക്ഷയായിരുന്നു മുഖ്യമന്ത്രിയില്‍. ജില്ലാ കളക്ടര്‍ പി.ബി. നൂഹ് സാറും ഞങ്ങളുടെ റോള്‍ മോഡലായിരുന്നു. ഇവരിലുള്ള പ്രതീക്ഷ നീതി ലഭിക്കുമെന്ന ആത്മ വിശ്വാസം തന്നു. പക്ഷെ, ഇവരെക്കാളൊക്കെ സ്വാധീനം ക്രിമിനലുകള്ക്കുണ്ടെന്നുള്ളത് ആത്മ വിശ്വാസം തകര്‍ക്കുന്നതാണ്. പോലീസില്‍ നിന്ന് ഇതുവരെ നീതി ലഭിച്ചില്ല. രണ്ടു പെണ്‍കുട്ടികളെ വീടുകയറി ആക്രമിച്ച പ്രതികള്‍ ഒരു പോറലുപോലുമേല്‍ക്കാതെ പുറത്തിറങ്ങി നടക്കുന്നത് എത്രത്തോളം അപഹാസ്യമാണ്. അതും രാജ്യം ഗുരുതര പ്രതിസന്ധി നേരിടുമ്പോള്‍. സര്‍ക്കാര്‍ സംവിധാനങ്ങളുടെ മുഴുവന്‍ അദ്ധ്വാനത്തെയും അവഹേളിക്കുകയാണ് ഇവര്‍.” പെണ്‍കുട്ടി പറയുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. എക്സൈസിനെ സ്വാധീനിച്ച് സിപിഎമ്മുകാര്‍ മദ്യം വളഞ്ഞ വഴിയിലൂടെ സമാഹരിച്ച് കൊള്ളവിലയ്ക്ക് കച്ചവടം നടത്തുന്നതായി പരാതിയുണ്ട്. സിപിഎം കേന്ദ്രങ്ങളില്‍ ഇപ്പോഴും മദ്യം സുലഭമാണെന്ന പരാതി വന്നിട്ടുണ്ട്. നിരോധനവും നിയന്ത്രണവും ലംഘിച്ച് കൊയ്ത്ത് ഉത്സവം സിപിഎം, ഡിവൈഎഫ്ഐക്കാര്‍ നടത്തിയതും വാര്‍ത്തയാണ്. അനാവശ്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്ത പോലീസുകാരെ ഭീഷണിപ്പെടുത്തുന്നതും കയ്യേറ്റം ചെയ്യുന്നതും പതിവായിരിക്കുന്നു. കമ്മ്യൂണിറ്റി കിച്ചണും സൗജന്യഭക്ഷണവിതരണവും പാര്‍ട്ടി പരിപാടിയാക്കി മാറ്റിയിരിക്കുകയാണ്. പാര്‍ട്ടി പറയുമ്പോലെ ചെയ്തില്ലെങ്കില്‍ മര്‍ദ്ദനമേല്‍ക്കേണ്ടിവരും. തിരുവനന്തപുരം ജില്ലയിലെ കാരോട് പഞ്ചായത്തില്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ വനിതാ മെമ്പര്‍ക്ക് അടക്കം അടികിട്ടി. കാലങ്ങളായി സേവന പ്രവര്‍ത്തനവും സൗജന്യമായി അന്നദാനവും നടത്തുന്നതും തടയുന്നത് പതിവാണ്. ചില കളക്ടര്‍മാരും ഉദ്യോഗസ്ഥരും സിപിഎം ആജ്ഞയനുസരിച്ചാണ് പെരുമാറുന്നത്. ഇത് പ്രതിസന്ധിഘട്ടത്തിലെ ഐക്യത്തിന് ഭംഗം വരുത്തും. മുഖ്യമന്ത്രി അടിയന്തിരമായി ഇത്തരം ഹീനപ്രവര്‍ത്തനങ്ങള്‍ തടഞ്ഞേപറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: